കരാര്‍തൊഴിലാളികളെ പിരിച്ചുവിട്ടു: തുമ്പ വി.എസ്.എസ്.സിയില്‍ തൊഴിലാളിസമരം

കഴക്കൂട്ടം: തുമ്പ വി.എസ്.എസ്.സിയില്‍ തൊഴിലാളിസമരം. കരാര്‍തൊഴിലാളികളെ പിരിച്ചുവിട്ടതില്‍ പ്രതിഷേധിച്ചാണ് സമരം. ഇരുനൂറോളം തൊഴിലാളികളെയാണ് കഴിഞ്ഞദിവസം പിരിച്ചുവിട്ടത്. 20 വര്‍ഷമായി ജോലിചെയ്യുന്നവരും പിരിച്ചുവിട്ടവരില്‍ പെടുന്നു. ആയിരത്തിലധികം തൊഴിലാളികളാണ് വിവിധ തസ്തികകളില്‍ കരാറടിസ്ഥാനത്തില്‍ ജോലിയെടുക്കുന്നതെന്ന് പ്രതിഷേധക്കാര്‍ പറഞ്ഞു. ഇതില്‍ മുന്നൂറോളം പേരെ കഴിഞ്ഞദിവസം പിരിച്ചുവിട്ടതായി കരാറുകാരന്‍ അറിയിക്കുകയായിരുന്നു. ഡിസംബര്‍ 31 വരെയാണ് തൊഴിലാളികള്‍ക്ക് എന്‍ട്രി പാസുണ്ടായിരുന്നത്. തിങ്കളാഴ്ച മുതല്‍ എന്‍ട്രി പാസ് നിഷേധിച്ചു. തുടര്‍ന്ന് തൊഴിലാളികള്‍ക്ക് അകത്ത് കടക്കാനായില്ല. സുപ്രീംകോടതിവിധിപ്രകാരം കരാര്‍ തൊഴിലാളികള്‍ക്ക് മിനിമംവേതനം നിര്‍ബന്ധമാണ്. ഇതനുസരിച്ച് വര്‍ഷങ്ങളായി ജോലി നോക്കിയവര്‍ക്ക് ഉന്നതശമ്പളം നല്‍കേണ്ടതായിട്ടുണ്ട്. ഇക്കാരണത്താലാണ് പെട്ടെന്ന് പിരിച്ചുവിടപ്പെട്ടതെന്നാണ് ആരോപണം. പിരിച്ചുവിടപ്പെട്ടവര്‍ക്ക് പകരം പുതിയ ആളുകളെ നിയമിക്കാനും നീക്കം നടക്കുന്നുണ്ട്. പുതിയ ആളുകള്‍ക്ക് കുറച്ച് ശമ്പളവും ആനുകൂല്യങ്ങളും നല്‍കിയാല്‍ മതി. രണ്ടുദിവസം മുമ്പ് മാത്രമാണ് പരിച്ചുവിടല്‍ വിവരം തൊഴിലാളികളെ അറിയിക്കുന്നത്. സി.ഐ.ടി.യുവും ബി.എം.എസും സംഘടിപ്പിച്ച പ്രതിഷേധധര്‍ണയില്‍ വി. ശിവന്‍കുട്ടിയും ബി.ജെ.പി നേതാവ് വി.വി. രാജേഷും പങ്കെടുത്തു. അഡ്മിനിസ്ട്രേറ്റിവ് ഓഫിസിന് മുന്നിലാണ് ധര്‍ണ നടന്നത്. ചൊവ്വാഴ്ച ചര്‍ച്ചക്ക് തയാറാണെന്ന അധികൃതരുടെ ഉറപ്പിനെതുടര്‍ന്ന് സമരം അവസാനിപ്പിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.