ചന്തമുക്കിലെ കൈയേറ്റം ഒഴിപ്പിക്കല്‍: പഞ്ചായത്ത് നിലപാടില്‍ പ്രതിഷേധവുമായി ജനക്കൂട്ടം

പേയാട്: പേയാട്-കുണ്ടമണ്‍കടവ് റോഡില്‍ അനധികൃത കൈയേറ്റങ്ങള്‍ ഒഴിപ്പിക്കുന്നതിനിടെ ചന്തമുക്കില്‍ കച്ചവടക്കാര്‍ക്ക് അനുകൂലമായി പഞ്ചായത്തധികൃതര്‍ നിലപാടെടുത്തതില്‍ പ്രതിഷേധം. സംഭവത്തില്‍ റോഡില്‍ കുത്തിയിരുന്ന് നാട്ടുകാരുടെ പ്രതിഷേധം. പ്രതിഷേധത്തെതുടര്‍ന്ന് ഒടുവില്‍ കൈയേറ്റം ഒഴിപ്പിച്ചു. വിളപ്പില്‍, വിളവൂര്‍ക്കല്‍ പഞ്ചായത്തുകളുടെ നേതൃത്വത്തില്‍ കഴിഞ്ഞദിവസം പേയാട് ജങ്ഷന്‍ മുതല്‍ കുണ്ടമണ്‍കടവ് വരെയുള്ള റോഡിലെ അനധികൃത കൈയേറ്റങ്ങള്‍ ഒഴിപ്പിച്ചിരുന്നു. ഇതിന്‍െറ തുടര്‍ച്ചയായാണ് ശനിയാഴ്ച രാവിലെ നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്. വിളപ്പില്‍, വിളവൂര്‍ക്കല്‍ പഞ്ചായത്ത് ഭരണസമിതി ഉള്‍പ്പെടെ നാട്ടുകാരും ചേര്‍ന്നാണ് വെള്ളിയാഴ്ച പുലര്‍ച്ചെ ആറോടെ ജെ.സി.ബിയുമായത്തെി കൈയേറ്റങ്ങള്‍ ഇടിച്ചുനിരത്തിയത്. പേയാട് റോഡിലെ കൈയേറ്റങ്ങളും അനധികൃത പാര്‍ക്കിങ്ങും അപകടങ്ങള്‍ക്കിടയാക്കുന്നതായ നാട്ടുകാരുടെ നിരവധി പരാതികളുടെ അടിസ്ഥാനത്തിലാണ് കൈയേറ്റങ്ങള്‍ പൊളിച്ചുനീക്കാന്‍ അധികൃതരെ പ്രേരിപ്പിച്ചത്. രണ്ടാംദിവസമായ ശനിയാഴ്ച ചന്തമുക്കിലെ ഇറച്ചിവെട്ട് കേന്ദ്രം, പച്ചക്കറിക്കട എന്നിവ പൊളിക്കുന്നതിനിടെയായിരുന്നു വ്യാപാരികളുടെ എതിര്‍പ്പ്. ഇതിന് അനുകൂലമായി ചില പഞ്ചായത്ത് അധികൃതര്‍ നിലപാട് സ്വീകരിച്ചു. ഇതോടെ പേയാട് വാര്‍ഡ് അംഗം ശാലിനിയുടെ നേതൃത്വത്തില്‍ ബി.ജെ.പി വിളവൂര്‍ക്കല്‍ പഞ്ചായത്ത് പ്രസിഡന്‍റ് പേയാട് ഹരി, അംഗങ്ങളായ വിളപ്പില്‍ ജയകുമാര്‍, വിളവൂര്‍ക്കല്‍ വിജയകുമാര്‍ എന്നിവരും ഒരു കൂട്ടം വ്യാപാരികളും റോഡില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു. ചന്തമുക്കില്‍ എത്തിയപ്പോള്‍ വിളപ്പില്‍ പഞ്ചായത്ത് അധികൃതര്‍ ചില വ്യാപാരികള്‍ക്കായി ഒത്താശ ചെയ്തെന്നായിരുന്നു ആരോപണം. പേയാട് എസ്.ബി.ടിക്ക് സമീപത്തെ കടമുറി ഇടിച്ചുമാറ്റാത്തത് സ്വാധീനങ്ങള്‍ക്ക് വഴങ്ങിയാണെന്നായിരുന്നു ആരോപണം. പേയാട് കഴിഞ്ഞപ്പോള്‍ ഒഴിപ്പിക്കല്‍ നടപടിയില്‍ നിന്ന് വിളവൂര്‍ക്കല്‍ പഞ്ചായത്തിനെ ഒഴിവാക്കിയെന്നാരോപിച്ചായിരുന്നു സമരം. സമരക്കാര്‍ക്ക് പിന്തുണയുമായി കൂടുതല്‍ ജനം എത്തിയതോടെ വിളപ്പില്‍ പഞ്ചായത്ത് അധികൃതര്‍ ഒടുവില്‍ ഉടമയെ വിളിച്ചുവരുത്തി കെട്ടിടം പൊളിച്ചുമാറ്റിച്ചു. ഒന്നര മണിക്കൂറോളം റോഡില്‍ ഉപരോധം തീര്‍ത്ത സമരക്കാര്‍ 11.30ന് സമരം അവസാനിപ്പിച്ച് കൈയേറ്റം നീക്കാന്‍ ഒത്തുചേര്‍ന്നു. ഇതിനിടെ ചന്തമുക്കിലെ രണ്ട് വ്യാപാരികള്‍ കലക്ടറെ സമീപിച്ച് പുറമ്പോക്ക് ഭൂമി അളന്ന് തിട്ടപ്പെടുത്തുന്നതുവരെ കടകള്‍ പൊളിക്കുന്നത് നിര്‍ത്തിവെക്കാന്‍ ഹരജി നല്‍കി. ഭൂമി അളന്നുതിട്ടപ്പെടുത്തിയതിനുശേഷം കൈയേറ്റങ്ങള്‍ പൊളിച്ചുനീക്കാന്‍ കലക്ടര്‍ പഞ്ചായത്തുകള്‍ക്ക് നിര്‍ദേശം നല്‍കി. ഇതനുസരിച്ച് റവന്യൂഉദ്യോഗസ്ഥര്‍ ശനിയാഴ്ച രാവിലെ ചന്തമുക്ക് ഭാഗത്തെ കൈയേറ്റഭൂമി അളന്നുതിരിച്ചു. പ്രദേശത്തെ പല കെട്ടിടങ്ങളും റോഡിലും നടപ്പാതയിലുമാണെന്ന് ബോധ്യപ്പെട്ടതോടെ ഇവ പൊളിക്കാന്‍ അടയാളപ്പെടുത്തി. ചില കടയുടമകള്‍ കെട്ടിടം പൊളിക്കുന്നതില്‍ എതിര്‍പ്പുമായി രംഗത്തത്തെി. ഇവരെ പേയാട് എല്‍.പി.എസില്‍ വിളിച്ചുവരുത്തി പഞ്ചായത്ത് സമവായ ചര്‍ച്ച നടത്തി ഒത്തുതീര്‍ക്കുകയായിരുന്നു. പേയാട്-കുണ്ടമണ്‍കടവ് റോഡില്‍ നാലു ദിവസത്തിനിടെ വ്യത്യസ്ത അപകടങ്ങളില്‍ രണ്ടുപേര്‍ മരണപ്പെട്ടിരുന്നു. അപകടങ്ങള്‍ക്ക് കാരണം റോഡിലെ കൈയേറ്റമാണെന്ന് കണ്ട് അതിര്‍ത്തി പങ്കിടുന്ന വിളപ്പില്‍, വിളവൂര്‍ക്കല്‍ പഞ്ചായത്തുകളാണ് ഒഴിപ്പിക്കല്‍ ദൗത്യവുമായി രംഗത്തത്തെിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.