പൂട്ടിച്ച മദ്യവിപണനശാല വൈകീട്ട് തുറന്നു

തിരുവനന്തപുരം: നന്തന്‍കോട്ട് ബിവറേജസ് കോര്‍പറേഷന്‍ (ബെവ്കോ) പുതുതായി സ്ഥാപിച്ച ചില്ലറ മദ്യവിപണനശാല വിദ്യാര്‍ഥിനി പ്രക്ഷോഭത്തെ തുടര്‍ന്ന് പൂട്ടി. സ്കൂള്‍ പരിസരത്ത് മദ്യക്കച്ചവടം അനുവദിക്കില്ളെന്ന ഹോളി ഏഞ്ചല്‍സ് സ്കൂളിലെ വിദ്യാര്‍ഥിനികളുടെ നിലപാടിനുമുന്നില്‍ അധികൃതര്‍ മുട്ടുമടക്കുകയായിരുന്നു. എന്നാലിത് വൈകീട്ട് വീണ്ടും രഹസ്യമായി തുറന്നത് പ്രതിഷേധം ശക്തമാക്കി. ജീവനക്കാരെ പുറത്തിറങ്ങാന്‍ സമരക്കാര്‍ അനുവദിച്ചില്ല. തുടര്‍ന്ന് രാത്രി 8.15ഓടെ ജീവനക്കാരെ പൊലീസ് പുറത്തത്തെിക്കുകയായിരുന്നു. മദ്യവിപണനശാല വെള്ളിയാഴ്ച തുറക്കുമെന്ന് അധികൃതര്‍ പറയുന്നുണ്ടെങ്കിലും അനുവദിക്കില്ളെന്ന നിലപാടിലാണ് ജനകീയ സമരസമിതി. മുഖ്യമന്ത്രിയുടെ ഒൗദ്യോഗിക വസതി സ്ഥിതിചെയ്യുന്ന പ്രദേശമാണ് നന്തന്‍കോട്. ബേക്കറി ജങ്ഷനില്‍ പ്രവര്‍ത്തിച്ചിരുന്ന വിപണനശാല, പാതയോരങ്ങളിലെ മദ്യശാലകള്‍ മാറ്റുന്നതുമായി ബന്ധപ്പെട്ട സുപ്രീംകോടതിവിധിയുടെ അടിസ്ഥാനത്തില്‍ കഴിഞ്ഞയാഴ്ചയാണ് ഇവിടേക്ക് മാറ്റിയത്. ആയിരക്കണക്കിന് പെണ്‍കുട്ടികള്‍ പഠിക്കുന്ന ഹോളി ഏഞ്ചല്‍സ് സ്കൂള്‍ നന്തന്‍കോട് ജങ്ഷനിലാണ്. തലസ്ഥാനത്തെ പ്രമുഖ സാംസ്കാരികകേന്ദ്രമായ വൈലോപ്പിള്ളി സംസ്കൃതിഭവനിലേക്കുള്ള റോഡും ഇതിലൂടെയാണ്. ഇതെല്ലാം അവഗണിച്ചാണ് ജനവാസകേന്ദ്രത്തിലെ ബഹുനിലമന്ദിരത്തില്‍ വാടകക്കെടുത്ത മുറിയില്‍ മദ്യവിപണനശാല തുറന്നത്. പ്രദേശവാസികള്‍ പ്രതിഷേധമുയര്‍ത്തിയെങ്കിലും അധികൃതര്‍ അവഗണിക്കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ നഗരസഭയില്‍ നിന്ന് നിയമപ്രകാരമുള്ള അനുമതി വാങ്ങുന്നതില്‍ വീഴ്ചവരുത്തിയെന്ന് കണ്ടത്തെി. ഇതോടെയാണ് മദ്യശാലക്കെതിരെ ജനകീയ സമിതി രൂപവത്കരിച്ച് പ്രതിഷേധം തുടങ്ങാന്‍ തീരുമാനിച്ചത്. വ്യാഴാഴ്ച രാവിലെ ഒമ്പതിന് സ്കൂള്‍ അധികൃതരും വിദ്യാര്‍ഥികളും വിപണനശാലക്ക് മുന്നില്‍ ഉപരോധസമരം സംഘടിപ്പിച്ചു. പെണ്‍കുട്ടികള്‍ മാത്രം പഠിക്കുന്ന വിദ്യാലയത്തിന് സമീപം മദ്യക്കച്ചവടം അനുവദിക്കില്ളെന്ന് പറഞ്ഞായിരുന്നു പ്രക്ഷോഭം. സമരം ഒരുമണിക്കൂര്‍ നീണ്ടതോടെ നഗരസഭയില്‍ നിന്ന് അധികൃതര്‍ എത്തി സ്ഥാപനം പൂട്ടി സീല്‍വെച്ചു. തുടര്‍ന്നുനടന്ന പ്രതിഷേധസമരം കവയിത്രി സുഗതകുമാരി ഉദ്ഘാടനം ചെയ്തു. മദ്യമെന്ന വിപത്തിനെ തുടച്ചെറിയണമെന്ന് അവര്‍ പറഞ്ഞു. കൗണ്‍സിലര്‍ പാളയം രാജന്‍ അധ്യക്ഷ വഹിച്ചു. പാളയം ഇമാം മൗലവി വി.പി. സുഹൈബ് അടക്കം നിരവധിപേര്‍ സമരത്തില്‍ പങ്കുചേര്‍ന്നു. പിന്നീട് വൈകീട്ട് ആറിന് പൊലീസ് അകമ്പടിയോടെയത്തെിയാണ് ജീവനക്കാര്‍ സ്ഥാപനം തുറന്നത്. ഇതോടെ കൗണ്‍സിലര്‍ പാളയം രാജന്‍െറ നേതൃത്വത്തില്‍ പ്രതിഷേധക്കാര്‍ സംഘടിച്ചത്തെി. പ്രതിഷേധക്കാര്‍ മദ്യവില്‍പന അനുവദിക്കില്ളെന്ന നിലപാടില്‍ ഉറച്ചുനിന്നെങ്കിലും അത് അവഗണിച്ച് അധികൃതര്‍ മുന്നോട്ടുപോവുകയായിരുന്നു. തുടര്‍ന്ന് മുന്‍മന്ത്രി വി. സുരേന്ദ്രന്‍പിള്ള, മുന്‍ എം.എല്‍.എ ആന്‍റണി രാജു എന്നിവര്‍ സ്ഥലത്തത്തെി പ്രതിഷേധത്തിന് നേതൃത്വം നല്‍കി. ഇതോടെ വില്‍പന നിര്‍ത്തിവെക്കാന്‍ അധികൃതര്‍ നിര്‍ബന്ധിതരായി. അതേസമയം, ചട്ടപ്രകാരം നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയിട്ടുണ്ടെന്നും മറിച്ചുള്ള ആരോപണങ്ങള്‍ ശരിയല്ളെന്നും ബെവ്കോ എം.ഡി എച്ച്. വെങ്കിടേഷ് ‘മാധ്യമ’ത്തോട് പറഞ്ഞു. രാവിലെ നഗരസഭ തന്ന നോട്ടിസ് മുന്നറിയിപ്പ് മാത്രമാണ്. കെട്ടിട ഉടമ നഗരസഭയില്‍ നിന്ന് ട്രേഡ് ലൈസന്‍സ് എടുത്താല്‍ തീരാവുന്ന പ്രശ്നമേയുള്ളൂ. അത് മുറപോലെ നടക്കും. നിയമപരമായി പ്രവര്‍ത്തിക്കുന്ന സര്‍ക്കാര്‍സ്ഥാപനത്തിനെതിരെ പ്രതിഷേധം തുടര്‍ന്നാല്‍ നിയമപരമായി നേരിടും. വിപണനശാല തുറക്കുന്നതിനുമുമ്പ് പ്രദേശവാസികളുടെ അനുമതി തേടിയിരുന്നു. അന്നൊന്നും ആരും എതിര്‍പ്പ് പറഞ്ഞില്ല. സ്കൂളും സാംസ്കാരികകേന്ദ്രവുമെല്ലാം നിശ്ചിത ദൂരപരിധിക്ക് പുറത്താണ്. പ്രദേശവാസിയായ റിട്ട. പൊലീസ് ഉദ്യോഗസ്ഥന്‍െറയും ചില പ്രാദേശിക നേതാക്കന്മാരുടെയും എതിര്‍പ്പിന് പിന്നില്‍ നിക്ഷിപ്ത താല്‍പര്യങ്ങളുണ്ടെന്നും അദ്ദേഹം ആരോപിച്ചു. പാര്‍ട്ടിതലത്തില്‍ ഇടപെടല്‍ നടത്തി മദ്യശാലക്കുള്ള അനുമതി നഗരസഭയില്‍ നിന്ന് തരപ്പെടുത്താനുള്ള നീക്കങ്ങള്‍ തുടങ്ങിയതായാണ് വിവരം. അതിനിടെ, പേരൂര്‍ക്കട ജങ്ഷനിലെ കണ്‍സ്യൂമര്‍ഫെഡ് മദ്യവിപണനശാല കുടപ്പനക്കുന്ന് ജങ്ഷനിലേക്ക് മാറ്റാനുള്ള ശ്രമവും നാട്ടുകാര്‍ തടഞ്ഞു. തുടര്‍ന്ന് നടപടികള്‍ തല്‍ക്കാലം നിര്‍ത്തിവെച്ചു. വെള്ളിയാഴ്ച ഇവിടെ മദ്യവിപണനശാല തുറക്കാനാണ് അധികൃതരുടെ തീരുമാനം. ഈ നീക്കം ഏതുവിധേനയും എതിര്‍ക്കുമെന്ന നിലപാടിലാണ് നാട്ടുകാര്‍.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.