കുണ്ടറ: ശാരീരിക വെല്ലുവിളികൾ അതിജീവിച്ച് കേരളപുരം ഗവ. ഹൈസ്കൂളിൽനിന്ന് 10ാംതരം പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ എസ്. ആതിരയുടെ ആതുരപഠന സ്വപ്നം യാഥാർഥ്യമാകുന്നു. പാരിപ്പള്ളി ഇ.എസ്.ഐ മെഡിക്കൽ കോളജിൽ വൈദ്യശാസ്ത്രപഠനത്തിന് പ്രവേശനം ലഭിച്ച ആതിരയുടെ ഒന്നാം വർഷ ഫീസിനും മറ്റ് ചെലവുകൾക്കുമായി കേരളപുരം വാർഡ് കോൺഗ്രസ് കമ്മിറ്റി 50,000 രൂപ നൽകി. കേരളപുരത്ത് നടന്ന ചടങ്ങിൽ ഡി.സി.സി പ്രസിഡൻറ് ബിന്ദുകൃഷ്ണ തുക ആതിരക്ക് കൈമാറി. പെരിനാട് ഗ്രാമപഞ്ചായത്ത് അംഗം ബി. ജ്യോതിർ നിവാസ് അധ്യക്ഷത വഹിച്ചു. ഡി.സി.സി സെക്രട്ടറിമാരായ കെ.ആർ.വി. സഹജൻ, രഘുപാണ്ടവപുരം, കുണ്ടറ പഞ്ചായത്ത് പ്രസിഡൻറ് കെ. ബാബുരാജൻ, പെരിനാട് പഞ്ചായത്ത് അംഗം ബിന്ദു ജയരാജ്, യൂത്ത് കോൺഗ്രസ് കുണ്ടറ അസംബ്ലിമണ്ഡലം പ്രസിഡൻറ് വൈ. ഷാജഹാൻ, ജയകുമാർ ഉണ്ണിത്താൻ, അബ്ദുൽ റഷീദ്, ജെ. സുനിൽകുമാർ, എസ്. മൺസൂർ എന്നിവർ സംസാരിച്ചു. കേരളപുരം ശ്രീരാജ് ഭവനിൽ ഓട്ടോ ൈഡ്രവറായ രാജീവിെൻറയും കാഷ്യൂ തൊഴിലാളിയായ ശ്രീജയുടെയും മകളാണ് ആതിര. 2015 ൽ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടി എസ്.എസ്.എൽ.സി പാസായ ആതിരക്ക് അനുമോദനവുമായി വിദ്യാഭ്യാസമന്ത്രി എം.എ. ബേബി ആതിരയുടെ വീട്ടിലെത്തിയിരുന്നു. ഇളമ്പള്ളൂർ എസ്.എൻ.എസ്.എം.എച്ച്.എസ്.എസിൽ നിന്ന് പ്ലസ് ടു പാസായപ്പോഴും എ പ്ലസ് മികവ് കൈവിട്ടില്ല. സാമ്പത്തിക പ്രയാസം മൂലം വലിയ സ്ഥാപനങ്ങളിലൊന്നും എൻട്രൻസ് കോച്ചിങ്ങിന് സാധ്യത ഇല്ലായിരുന്നു. പ്രദേശത്തെ ഒരു പാരലൽ കോളജിൽ രണ്ട് മാസത്തെ ക്രാഷ് കോഴ്സ് മാത്രമാണ് ആതിര എൻട്രൻസ് പരീക്ഷക്ക് മുമ്പ് നടത്തിയത്. എന്നിട്ടും ശാരീരിക വെല്ലുവിളികളുള്ള കുട്ടികളിൽ കേരളത്തിലെ 10ാം റാങ്കുകാരിയായി ഈ മിടുക്കി. ആതിരയുടെ തുടർപഠനത്തിന് വിവിധ സംഘടനകൾ സഹായം വാഗ്ദാനം ചെയ്യുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.