പത്തനാപുരം: പ്ലസ് വൺ വിദ്യാർഥിനിയുടെ മരണത്തിൽ ദുരൂഹതനീങ്ങുന്നില്ല. സംഭവം നടന്ന് ഒരാഴ്ച പിന്നിടുമ്പോഴും ആവശ്യമായ തെളിവുകളൊന്നും അന്വേഷണസംഘത്തിന് ലഭിച്ചില്ല. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടും സാഹചര്യതെളിവുകളും വ്യത്യസ്ത ധ്രുവങ്ങളിലാണ്. പിറവന്തൂർ വെട്ടിത്തിട്ട നല്ലകുളം സ്വദേശിനി കഴിഞ്ഞ ശനിയാഴ്ചയാണ് മരിച്ചത്. കൊലപാതകത്തിനും ആത്മഹത്യസാധ്യതക്കും തുല്യപ്രധാന്യം നല്‍കിയാണ് അന്വേഷണം. അന്വേഷണസംഘം പെണ്‍കുട്ടിയുടെ വീട്ടില്‍ നിരവധിതവണ പരിശോധന നടത്തി. പുനലൂര്‍ സി.ഐയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തിന് പുറമെ കൊട്ടാരക്കര റൂറല്‍ എസ്.പി സുരേന്ദ്രെൻറ മേല്‍നോട്ടത്തില്‍ പ്രത്യേകവിഭാഗവും സമാന്തരമായി അന്വേഷണം ആരംഭിച്ചിട്ടും തെളിവുകള്‍ ലഭിച്ചിട്ടില്ല. കഴുത്തില്‍ കയറോ അതിന് സമാനമായ വസ്തുക്കളോ ഉപയോഗിച്ച് ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയെന്നാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലുള്ളത്. എന്നാല്‍, കൊലപ്പെടുത്താനായി ഉപയോഗിച്ച വസ്തുക്കള്‍ പൊലീസിന് സമീപത്ത് എങ്ങുനിന്നും ലഭിച്ചിട്ടില്ല. ഇതാണ് സംഘത്തെ വലക്കുന്നത്. എന്നാല്‍ ഡോഗ് സ്ക്വാഡ് വീടിന് സമീപത്ത് മാത്രമാണ് തിരച്ചില്‍ നടത്തിയത്. പോസ്റ്റ്മോര്‍ട്ടം നടത്തിയ സര്‍ജനെ ഉള്‍പ്പെടെ എത്തിക്കുന്നതിനുള്ള നടപടിയും ആരംഭിച്ചു. പോസ്റ്റ്മോര്‍ട്ടം നടത്തിയ ഉദ്യോഗസ്ഥരെ സ്ഥലത്തെത്തിക്കുന്നതിന് അനുമതി ആവശ്യപ്പെട്ട് അന്വേഷണസംഘം കത്തയച്ചിട്ടുണ്ട്. രണ്ട് ദിവസത്തിനകം ഇവരെത്തുമെന്നാണ് സൂചന. ഇവരുടെ സാന്നിധ്യത്തില്‍ സംശയമുള്ളവരെ വീണ്ടും ചോദ്യംചെയ്യും. നിലവില്‍ മാതാപിതാക്കളെയടക്കം പലതവണ ചോദ്യംചെയ്തു. എന്നിട്ടും അന്വേഷണത്തിന് പുരോഗതിയുണ്ടായില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.