തിരുവനന്തപുരം: ഗ്രാമീണമേഖലയിലെ യുവജനങ്ങൾക്ക് തൊഴിൽപരിശീലനം നൽകാൻ കേരളത്തിനകത്തും പുറത്തുമുള്ള 22 ഏജൻസികളുമായി കുടുംബശ്രീ ധാരണപത്രം ഒപ്പുെവച്ചു. പദ്ധതിപ്രകാരം 2019ന് മുമ്പ് 5,200 പേർക്ക് പരിശീലനം നൽകി തൊഴിൽ നേടിക്കൊടുക്കും. മാസ്കറ്റ് ഹോട്ടലിൽ നടന്ന ചടങ്ങിൽ കുടുംബശ്രീ മിഷൻ എക്സിക്യൂട്ടിവ് ഡയറക്ടർ എസ്. ഹരികിഷോറും 22 ഏജൻസികളുടെ പ്രതിനിധികളും ധാരണപത്രം കൈമാറി. ഗ്രാമങ്ങളിൽ ആരും ശ്രദ്ധിക്കാതെയും കൈത്താങ്ങ് ലഭിക്കാതെയും ജീവിക്കുന്ന ആയിരക്കണക്കിന് യുവാക്കൾക്ക് പദ്ധതി ഗുണകരമാകുമെന്ന് ചടങ്ങിൽ മുഖ്യപ്രഭാഷണം നടത്തിയ മന്ത്രി കെ.ടി. ജലീൽ പറഞ്ഞു. നിലവിൽ ഒരു വീട്ടിൽനിന്ന് ഒരാൾക്ക് മാത്രമാണ് കുടുംബശ്രീയിൽ പ്രവർത്തിക്കാനാവുക. കുടുംബശ്രീ നിയമഭേദഗതി ചെയ്ത് അഭ്യസ്തവിദ്യരെയും അംഗമാക്കും. ഇത് കേരളത്തിലെ സാമ്പത്തിക രംഗത്ത് വലിയ മാറ്റമുണ്ടാക്കുമെന്നും മന്ത്രി പറഞ്ഞു. ആദ്യഘട്ടത്തിൽ രണ്ടുവർഷത്തിനിടക്ക് 18,000 പേർക്ക് തൊഴിൽ പരിശീലനം നൽകിയപ്പോൾ 48 പേർക്ക് വിദേശത്ത് ഉൾപ്പെടെ 12,000 പേർക്ക് തൊഴിൽ നേടിക്കൊടുക്കാൻ കഴിഞ്ഞതായി കുടുംബശ്രീമിഷൻ എക്സിക്യൂട്ടിവ് ഡയറക്ടർ എസ്. ഹരികിഷോർ പറഞ്ഞു. കുടുംബശ്രീ ഡയറക്ടർ എസ്. നിഷ സംസാരിച്ചു. നിലവിൽ 34 ഏജൻസികൾ കുടുംബശ്രീയുമായി ചേർന്ന് തൊഴിൽ പരിശീലനം നൽകിവരുകയാണ്. ഇവരിൽ മികച്ച പ്രവർത്തനം നൽകിയ ഏജൻസികൾക്കുള്ള അവാർഡുകൾ മന്ത്രി കെ.ടി. ജലീൽ സമ്മാനിച്ചു. കുടുംബശ്രീയുമായി ചേർന്ന് 34 ഏജൻസികൾ വഴി ഇതുവരെ 18,000 പേർക്ക് തൊഴിൽ പരിശീലനം നൽകുകയും ഇവരിൽ 11,000 പേർക്ക് ജോലി ലഭിക്കുകയും ചെയ്തു. പുതുതായി 22 ഏജൻസികൾ വരുന്നതോടെ17,786 പേർക്ക് പരിശീലനം നൽകുകയാണ് ലക്ഷ്യം. പരിശീലനം ലഭിക്കുന്നതിൽ 70 ശതമാനം പേരെ ജോലി നേടാൻ പ്രാപ്തരാക്കുക പരിശീലകരുടെ കടമയാണ്. ബാക്കി 30 ശതമാനം പേർക്ക് സ്വയംതൊഴിൽ തുടങ്ങാൻ അവസരമൊരുക്കും. പരിശീലന പദ്ധതിയിലേക്കായി ഏജൻസികൾക്ക് 100 കോടി രൂപ സർക്കാർ നൽകും. കേന്ദ്ര സർക്കാറിെൻറ ദീൻദയാൽ ഉപാധ്യായ ഗ്രാമീണ കൗശല്യ യോജന (ഡി.ഡി.യു-ജി.കെ.വൈ) പദ്ധതി കുടുംബശ്രീ മുഖേനയാണ് തൊഴിൽ പരിശീലന പദ്ധതി നടപ്പാക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.