ഫ​യ​ൽ നീ​ക്കം സം​ബ​ന്ധി​ച്ച്​ വീ​ണ്ടും പ​രാ​തി​ക​ൾ

തിരുവനന്തപുരം: പരാതികൾ ഉയർന്ന സാഹചര്യത്തിൽ ഫയൽ നീക്കം വേഗത്തിലാക്കാൻ മേയർ വി.കെ. പ്രശാന്ത് എൻജിനീയറിങ് വിഭാഗത്തിലെ ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചു. നി‍ർമാണം പൂർത്തിയാക്കിയശേഷം ടി.സി നമ്പർ ലഭിക്കാനുള്ള അപേക്ഷ ഉൾപ്പെടെ ഏറ്റവും കൂടുതൽ ഫയലുകൾ കെട്ടിക്കിടക്കുന്നത് എൻജിനീയറിങ് വിഭാഗത്തിലാണ്. അതിെൻറകൂടി അടിസ്ഥാനത്തിലാണ് യോഗം വിളിച്ചത്. ഒരു വർഷം മുമ്പ് അപേക്ഷ നൽകിയവ പ്രത്യേകം പരിഗണിക്കാൻ യോഗം തീരുമാനിച്ചു. അപേക്ഷകന് നോട്ടീസ് നൽകി ഫയൽ കുടിശ്ശികയാകാനുള്ള കാരണം കണ്ടെത്താനാണ് ആദ്യ തീരുമാനം. ഇത്തരം അപേക്ഷ തീർപ്പാക്കാൻ അദാലത് നടത്തുന്ന കാര്യം പരിഗണിക്കാനും യോഗം തീരുമാനിച്ചു. രണ്ടും മൂന്നും വർഷം കുടിശ്ശികയായ ഫയൽ തീർപ്പാക്കുന്നതിെൻറ ഭാഗമായും അപേക്ഷകർക്ക് നോട്ടീസ് നൽകാനും മറുപടി ലഭിക്കുന്ന മുറക്ക് തീർപ്പാക്കാനും യോഗം തീരുമാനിച്ചു. സർക്കാർ തലത്തിൽ തീരുമാനമെടുക്കേണ്ട ഫയലുകൾ തദ്ദേശ വകുപ്പിന് വിടാനും തീരുമാനമായി. അപേക്ഷകളിൽ ഇരട്ടിപ്പുണ്ടെന്നാണ് ഉദ്യോഗസ്ഥഭാഷ്യം. ഒരിക്കൽ സമർപ്പിക്കുന്ന അപേക്ഷയിൽ ന്യൂനത ചൂണ്ടിക്കാട്ടി അപേക്ഷകന് നോട്ടീസ് നൽകും. ന്യൂനതകൾ പരിഹരിച്ച് അപേക്ഷകൻ രണ്ടാമത് പുതിയ അപേക്ഷ സമർപ്പിക്കുന്നതാണ് ഇരട്ടിപ്പിന് കാരണം. ഇത്തരം അപേക്ഷകൾ ക്രമീകരിച്ച് തീർപ്പാക്കാൻ യോഗം തീരുമാനിച്ചു. അടുത്തിടെ എൻജിനീയറിങ് വിഭാഗത്തിനെതിരെ വ്യാപകമായി അഴിമതി ആരോപണം ഉയർന്നപ്പോൾ തദ്ദേശമന്ത്രി കെ.‌ടി. ജലീലി‍െൻറ സാന്നിധ്യത്തിൽ കെട്ടിട നിർമാണവുമായി ബന്ധപ്പെട്ട പരാതികൾ പരിഹരിക്കാൻ അദാലത് നടത്തിയിരുന്നു.എൻജിനീയറിങ് വിഭാഗത്തിലെ ക്ലർക്ക് മുതൽ സൂപ്രണ്ടിങ് എൻജിനീയർ വരെയുള്ളവർ യോഗത്തിൽ പങ്കെടുത്തു. പെർമിറ്റിന് അപേക്ഷിച്ചാൽ സമയത്ത് കിട്ടില്ലെന്ന് വ്യാപക പരാതി നേരത്തേ ഉയർന്നിട്ടുണ്ട്. നിസ്സാര കാരണങ്ങളുടെ പേരിലായിരിക്കും അപേക്ഷ നിരസിക്കുന്നത്. എന്നാൽ, ഇക്കാര്യം യഥാസമയം അപേക്ഷകനെ അറിയിക്കില്ല. കൈക്കൂലിക്കുവേണ്ടി അപേക്ഷ പിടിച്ചുെവക്കുന്നതും പതിവാണെന്ന് ആക്ഷേപമുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.