ആറ്റിങ്ങല്‍: വാമനപുരം നദിയിലെ നീരൊഴുക്ക് നിലക്കുന്നു. നിലവില്‍ തുടരുന്ന ഭാഗികമായ ജലവിതരണവും പ്രതിസന്ധിയിലേക്ക്. ജലഅതോറിറ്റി കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നു. പത്ത് ദിവസത്തേക്കുള്ള ജലം മാത്രമേ നദിയില്‍ അവശേഷിക്കുന്നുള്ളൂ എന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് വീണ്ടും നിയന്ത്രണം ഏര്‍പ്പെടുത്തിയത്. എല്ലാ മേഖലകളിലും ജലവിതരണത്തില്‍ 30 ശതമാനം കുറവ് വരുത്തിയിട്ടുണ്ട്. നിയന്ത്രണത്തിലൂടെ നിലവിലെ ജലം ഒരു മാസം വരെ വിതരണം ചെയ്യുകയാണ് ജലഅതോറിറ്റി ലക്ഷ്യമിടുന്നത്. ജലഅതോറിറ്റിയുടെ ഡസനിലേറെ പദ്ധതികള്‍ വാമനപുരം നദിയെ കേന്ദ്രീകരിച്ചാണ് പ്രവര്‍ത്തിച്ചിരുന്നത്. ആറ്റിങ്ങല്‍, വര്‍ക്കല, കിളിമാനൂര്‍, കഴക്കൂട്ടം, കഠിനംകുളം മേഖലകളിലെല്ലാം ശുദ്ധജലത്തിന് ആശ്രയിച്ചിരുന്നത് വാമനപുരം നദിയെയാണ്. വാമനപുരം നദിയില്‍ അയിലം മുതല്‍ ആറ്റിങ്ങല്‍ പൂവമ്പാറ വരെ ഭാഗത്തായാണ് പമ്പിംഗ്കിണറുകള്‍ ഉള്ളത്. നദിയില്‍ നിന്നും ശേഖരിക്കുന്ന ജലം വിവിധ സ്ഥലങ്ങളില്‍ സ്ഥാപിച്ചിട്ടുള്ള ശുദ്ധീകരണ പ്ലാന്റുകളെലിത്തെച്ച് ശുദ്ധീകരിച്ച് സംഭരണികളിലേക്ക് മാറ്റും. തുടര്‍ന്നാണ് പൈപ്പ് ലൈന്‍ വഴി വിതറണം ചെയ്യുന്നത്. നദിയിലെ നീരൊഴുക്ക് നിലച്ചതോടെ പമ്പിംഗ് കിണറുകളില്‍ നിന്നുള്ള ജലശേഖരണം ഭാഗികമാണ്. മലയോര മേഖലകളില്‍ ശക്തമായ മഴ ലഭിച്ചാല്‍ മാത്രമേ നദിയിലെ നീരൊഴുക്ക് ശക്തിപ്പെടൂ. കുഴല്‍കിണര്‍ നിര്‍മ്മിക്കുന്ന സ്വകാര്യ സ്ഥാപനങ്ങള്‍ വേനല്‍ക്കാലത്ത് ജലക്ഷാമം ഉള്ള സ്ഥലങ്ങളിലെത്തി ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച് യാതൊരു അനുമതിയും കൂടാതെ കുഴല്‍കിണറുകള്‍ നിര്‍മ്മിച്ച് നല്‍കും. ഇതോടെ ഈ മേഖലയിലെ എല്ലാ കിണറുകളും വറ്റുന്നതിനിടയാകും. അവനവഞ്ചേരി ഭാഗത്തെ പമ്പിങ് കിണറുകള്‍ ജലം പമ്പ് ചെയ്യുവാന്‍ കഴിയാത്ത അവസ്ഥയാണ്. നിലവില്‍ കിഴുവിലം, ചിറയിന്‍കീഴ്, കടയ്ക്കാവൂര്‍, വക്കം, അഞ്ചുതെങ്ങ് പ്രദേശങ്ങളിലേക്കുള്ള ജലവിതരണത്തെ ബാധിക്കും. മഴ ലഭിച്ചില്ലെങ്കില്‍ പൂർണ തോതില്‍ കുടിവെള്ള വിതരണം മുടങ്ങുമെന്ന് ജലഅതോറിറ്റി ഉദ്യോഗസ്ഥര്‍ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.