കാട്ടാക്കട: നെട്ടുകാൽതേരി തുറന്നജയിലിൽ നിന്ന് പശ്ചിമബംഗാൾ സ്വദേശിയായ ജീവപര്യന്തം തടവുകാരന്‍ രക്ഷപ്പെട്ടു. പശ്ചിമബംഗാൾ ചാൽ പായക്കുടി സ്വദേശി മിന്റു എന്ന അബ്ദുൽ റസാഖാണ് (45) ശനിയാഴ്ച രാത്രി ചാടിപ്പോയത്. ജയിൽ വളപ്പിലെ പച്ചക്കറികൃഷിത്തോട്ടത്തിലെ കാവൽ പുരയിൽ ജോലിക്ക് ചുമതലപ്പെടുത്തിയിരുന്ന തടവുകാർ ഫോൺ ഉപയോഗിക്കുന്നതായ സംശയത്തെതുടർന്ന് ജയിൽ ജീവനക്കാർ ശനിയാഴ്ച രാത്രി കാവൽപുരയിൽ പരിശോധന നടത്തി. പ്രശാന്ത്, സുമേഷ് എന്നീ തടവുകാർ മൊബൈൽ ഫോണിൽ സംസാരിക്കുകയായിരുന്നു. ഇവരെ പിടികൂടിയ ജയിൽ ഉദ്യോഗസ്ഥർ ഇവരുമായി വരുമ്പോൾ അബ്ദുൽ റസാഖ് ബാരക്കിന് പുറത്തുനിന്ന് മൊബൈൽ ഫോണിൽ സംസാരിക്കുകയായിരുന്നു. ജയിൽ ഉദ്യോഗസ്ഥരെ കണ്ട് ഇയാൾ ഫോൺ ദൂരേക്ക് വലിച്ചെറിഞ്ഞു. വലിച്ചെറിഞ്ഞ മൊബൈൽ ഫോൺ ജയിൽ ഉദ്യോഗസ്ഥർ കണ്ടെടുക്കുകയും മൂന്നുപേരെയും ഓഫിസിലേക്ക് കൊണ്ടുവരുകയും ചെയ്തു. ഓഫിസിൽെവച്ച് ഇവരിൽനിന്ന് വിശദീകരണം എഴുതിവാങ്ങുന്നതിനായി കടലാസുകൾ കൊടുത്തു. ഇതിനിടെയാണ് അബ്ദുൽ റസാഖ് ബാഗും മറ്റുസാധനങ്ങളും എടുത്ത് ജയിലിന് പിറകുഭാഗത്തുകൂടി രക്ഷപ്പെട്ടത്. കുറച്ച് കഴിഞ്ഞാണ് ജയിൽ ഉദ്യോഗസ്ഥർക്ക് അബ്ദുൽ റസാഖ് രക്ഷപ്പെട്ടതായി മനസ്സിലായത്. തുടർന്ന് നെയ്യാർഡാം പൊലീസിനെ വിവരമറിയിച്ചു. കൊല്ലം അഞ്ചൽ പൊലീസ് സ്റ്റേഷൻ പരിധിയിലെ കൊലക്കേസിൽ ജീവപര്യന്തം ശിക്ഷിക്കപ്പെട്ട് വിയ്യൂർ സെൻട്രൽ ജയിലിൽ ആയിരുന്ന അബ്ദുൾ റസാഖ് 2014നവംബറിലാണ് നെട്ടുകാൽതേരി തുറന്നജയിലിൽ എത്തിയത്. അബ്ദുൽ റസാഖിനെ പിടികൂടുന്നതിനായി വിവിധ പൊലീസ് സ്റ്റേഷനുകളിൽ അറിയിപ്പ് കൊടുത്ത് അന്വേഷണം നടത്തുകയാണ് പൊലീസ്. അതിനിടെ ശനിയാഴ്ച രാത്രിയിൽ മൊബൈൽ ഫോൺ കണ്ടെടുത്തതുമായി ബന്ധപ്പെട്ട് പ്രശാന്ത്, സുമേഷ് എന്നീ തടവുകാരെ പൂജപ്പുര സെൻട്രൽ ജയിലിലേക്ക് മാറ്റി. ഇവരോടൊപ്പം കണിച്ചുകുളങ്ങര കൊലപാതകക്കേസിൽ ശിക്ഷിക്കപ്പെട്ട് തുറന്ന ജയിലിൽ കഴിഞ്ഞിരുന്ന മൃഗം സാജുവിനെയും സെൻട്രൽ ജയിലിലേക്ക് മാറ്റിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.