പാചകവാതക വിതരണം പ്രതിസന്ധിയിലേക്ക്

കഴക്കൂട്ടം: മേനംകുളം ബി.പി.സി.എല്‍ പ്ളാന്‍റില്‍ പ്രതിസന്ധി രൂക്ഷമാകുന്നു. വരും ദിവസങ്ങളില്‍ നാലു ജില്ലകളിലെ പാചകവാതകവിതരണം താറുമാറാകും വിധം പ്രതിഷേധം ശക്തമാകുമെന്ന് സൂചന. നിരക്കുവര്‍ധന നടപ്പാക്കിയില്ളെന്നാരോപിച്ച് ട്രക്കുടമകള്‍ മേനംകുളം പ്ളാന്‍റ് വിട്ട് മറ്റുസംസ്ഥാനങ്ങളിലേക്ക് പോകാനൊരുങ്ങുകയാണ്. ഫെബ്രുവരിയില്‍ നിലവില്‍വന്ന പുതിയ ടെന്‍ഡര്‍ പ്രകാരമുള്ള നിരക്കുവര്‍ധന എട്ടുമാസം പിന്നിട്ടിട്ടും നടപ്പായില്ളെന്നാണ് ആരോപണം. 2021വരെയാണ് പുതിയ കരാര്‍.10 ശതമാനം വര്‍ധനയാണ് ഇക്കുറി വരുത്തിയത്. തൊഴിലാളി യൂനിയനുകള്‍ സൃഷ്ടിക്കുന്ന പ്രതിസന്ധികാരണം കടുത്ത നിലപാടിലേക്ക് കടക്കുകയാണ് ഇവര്‍. നാലു ജില്ലകളിലായി 13000 സിലിണ്ടറുകളാണ് മേനംകുളത്തുനിന്ന് ദിനം പ്രതി വിതരണം ചെയ്യുന്നത്. ജില്ലക്കകത്തെ ഏജന്‍സികളില്‍ എത്തിക്കുന്നതിന് സിലിണ്ടര്‍ ഒന്നിന് 13.87 രൂപ നിരക്കില്‍ ഒരു ലോഡിന് 306 സിലിണ്ടറുകള്‍ക്കായി 4244 രൂപ ലഭിക്കും. എന്നാല്‍, അതിനെക്കാളേറെ പണം ചെലവാകുമെന്ന് ട്രക്കുടമകള്‍ പറയുന്നു. ഇത് വന്‍ നഷ്ടമുണ്ടാക്കുന്നു. നിലവില്‍ 54 ട്രക്കുകളാണ് സര്‍വിസ് നടത്തുന്നത്. വര്‍ധിപ്പിച്ച നിരക്ക് കുടിശ്ശിക തീര്‍ത്ത് നല്‍കിയാല്‍ തൊഴിലാളികള്‍ ആവശ്യപ്പെടുന്ന കൂലിവര്‍ധന നല്‍കാനാകുമെന്നാണ് അവരുടെ വാദം. നിരക്ക് വര്‍ധിപ്പിച്ച് ടെന്‍ഡറായതായും നടപടിക്രമങ്ങള്‍ പൂര്‍ത്തിയായാല്‍ വര്‍ധന നടപ്പാകുമെന്നും അധികൃതര്‍ പറഞ്ഞു. ഇതിനിടെ മേനംകുളം ബി.പി.സി.എല്‍ പ്ളാന്‍റില്‍ ഓണം ബോണസ് കൈപ്പറ്റാതെ തൊഴിലാളികള്‍ പ്രതിഷേധത്തിലാണ്. ഒരു ദിവസം പോലും ജോലിയെടുക്കാത്തവര്‍ക്കുപോലും ബോണസ് നല്‍കണമെന്നാവശ്യപ്പെട്ടണ് തൊഴിലാളികള്‍ സമരം നടത്തുന്നത്. വിവിധ യൂനിയനുകളില്‍ പെട്ട 72 തൊഴിലാളികളാണ് പ്രതിഷേധിക്കുന്നത്. 20,000 രൂപ ബോണസ് നല്‍കണമെന്നാണ് ആവശ്യം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.