ജില്ലയില്‍ ഹര്‍ത്താല്‍ ബന്ദായി

തിരുവനന്തപുരം: സ്വാശ്രയപ്രശ്നത്തില്‍ സമരംചെയ്ത യൂത്ത് കോണ്‍ഗ്രസുകാര്‍ക്കെതിരായ പൊലീസ് നടപടിയില്‍ പ്രതിഷേധിച്ച് യു.ഡി.എഫ് സംഘടിപ്പിച്ച ജില്ലാഹര്‍ത്താല്‍ ബന്ദായി മാറി. ജനജീവിതത്തെ സാരമായി ബാധിച്ച ഹര്‍ത്താല്‍ പലയിടങ്ങളിലും സംഘര്‍ഷത്തില്‍ കലാശിച്ചു. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ കെ.എസ്.ആര്‍.ടി.സി ബസുകള്‍ തടയുകയും കല്ളെറിയുകയും ചെയ്തു. ആശുപത്രി യാത്രക്കാരെപോലും വഴിയില്‍ തടഞ്ഞു. ചിലയിടങ്ങളില്‍ ഇരുചക്രവാഹനങ്ങള്‍ പോലും തടഞ്ഞു. ഓട്ടോയില്‍ സഞ്ചരിച്ച സ്ത്രീകളെ ഇറക്കിവിട്ടതായും ആക്ഷേപമുണ്ട്. ഉള്ളൂര്‍ വാട്ടര്‍ അതോറിറ്റി അസിസ്റ്റന്‍റ് എക്സിക്യൂട്ടിവ് എന്‍ജിനീയര്‍ ഓഫിസില്‍ അതിക്രമിച്ചുകയറിയ ഹര്‍ത്താലനുകൂലികള്‍ ജീവനക്കാരെ മര്‍ദിച്ചു. ഓഫിസ് ഉപകരണങ്ങള്‍ കേടാക്കി. സ്റ്റാച്യു സിവില്‍ സപൈ്ളസ് പെട്രോള്‍ പമ്പ് നിര്‍ബന്ധിച്ച് അടപ്പിക്കാന്‍ ശ്രമിച്ചത് സംഘര്‍ഷത്തിനിടയാക്കി. പമ്പ് അടപ്പിക്കുന്നതിനെതിരെ നാട്ടുകാര്‍ പ്രതിഷേധിച്ചെങ്കിലും ഫലമുണ്ടായില്ല. ബാലരാമപുരത്ത് ഹര്‍ത്താലനുകൂലികള്‍ ബസ് തടഞ്ഞത് സംഘര്‍ഷത്തിനിടയാക്കി. ഇവിടെ പൊലീസ് നടത്തിയ ലാത്തിച്ചാര്‍ജില്‍ നിരവധിപേര്‍ക്ക് പരിക്കേറ്റു. ബാലരാമപുരം പഞ്ചായത്ത് മുന്‍ ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ എ. അര്‍ഷാദ്, യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്‍റ് നദീഷ് എന്നിവര്‍ക്ക് പരിക്കേറ്റു. നെയ്യാറ്റിന്‍കര കെ.എസ്.ആര്‍.ടി.സി ഡിപ്പോയില്‍ എല്‍.ഡി.എഫ്-യു.ഡി.എഫ് പ്രവര്‍ത്തകര്‍ കൊമ്പുകോര്‍ത്തു. കരമന ടാക്സ് ടവര്‍ വഴി വന്ന ബസുകള്‍ തടഞ്ഞ അക്രമികള്‍ കല്ളേറ് നടത്തി. ആക്രമണത്തിനുമുതിര്‍ന്ന ഇരുപത്തഞ്ചോളം പേരെ കരമന പൊലീസ് കസ്റ്റഡിയിലെടുത്ത് വൈകീട്ടോടെ വിട്ടയച്ചു. പി.എം.ജിയിലും മുഖംമൂടി ധരിച്ചത്തെിയ സംഘം ബസിനുനേരെ കല്ളെറിഞ്ഞു. കഴക്കൂട്ടം, മംഗലപുരം, പോത്തന്‍കോട്, കണിയാപുരം, ശ്രീകാര്യം, ഉദിയന്‍കുളങ്ങര, വെള്ളറട ഭാഗങ്ങളില്‍ കെ.എസ്.ആര്‍.ടി.സി ബസുകള്‍ തടഞ്ഞു പാര്‍ട്ടി പ്രവര്‍ത്തകര്‍ യാത്രക്കാരെ ഇറക്കിവിട്ടു. കാട്ടാക്കട കിള്ളിയില്‍ ബസിനുനേരെ കല്ളേറുണ്ടായി. ആറ്റിങ്ങല്‍ ടൗണില്‍ പ്രകടനം നടത്തിയ ചിലയിടങ്ങളില്‍ സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചു. കടകള്‍ നിര്‍ബന്ധപൂര്‍വം അടപ്പിച്ചതാണ് പ്രശ്നങ്ങള്‍ക്കിടയാക്കിയത്. വെള്ളറട ടൗണിലത്തെിയ സി.പി.എം പ്രവര്‍ത്തകന്‍െറ കാറിനെ കടത്തിവിടാത്തതിനെ ചൊല്ലി യു.ഡി.എഫ് -സി.പി.എം പ്രവര്‍ത്തകര്‍ തമ്മില്‍ വാക്കേറ്റവും കൈയാങ്കളിയുമുണ്ടായി. ഉച്ചക്ക് കെ.എസ്.ആര്‍.ടി.സി ഡിപ്പോക്ക് മുന്നില്‍ മരച്ചീനി പാചകം ചെയ്തു. പള്ളിച്ചല്‍ പഞ്ചായത്ത് പ്രതിനിധികള്‍ മുടവൂര്‍പ്പാറ നിന്ന് റോഡില്‍ ടയര്‍ കത്തിച്ചാണ് പ്രതിഷേധം നടത്തിയത്. നെടുമങ്ങാട്ട് എല്‍.ഡി.എഫ്-യു.ഡി.എഫ് പ്രവര്‍ത്തകര്‍ തമ്മിലുണ്ടായ ഏറ്റുമുട്ടലിനൊടുവില്‍ പൊലീസ് ലാത്തിവീശി. കോവളത്ത് വിനോദസഞ്ചാരികളെ പ്രതിഷേധക്കാര്‍ വഴിയില്‍ തടഞ്ഞു. ഇവിടെ ബാങ്കുകളും എ.ടി.എം കൗണ്ടറുകളും അടപ്പിച്ചു. വെങ്ങാനൂരില്‍ ഡി.സി.സി അംഗത്തിനെ ഓട്ടോ ഡ്രൈവര്‍ മര്‍ദിച്ചതായി പരാതി. വെങ്ങാനൂരില്‍ ഡി.സി.സി യോഗത്തിന് പോകാനത്തെിയ മുന്‍ പഞ്ചായത്തംഗം ശ്രീകുമാരന്‍ നായരെ മര്‍ദിച്ചതായി പരാതിയുണ്ട്. വര്‍ക്കലയുടെ വിവിധ ഭാഗങ്ങളില്‍ കെ.എസ്.ആര്‍.ടി.സി ബസുകള്‍ തടയുകയും കാറ്റഴിച്ചുവിടുകയും ചെയ്തു. ജില്ലയിലെ അക്രമങ്ങളെ തുടര്‍ന്ന് വിവിധ സ്റ്റേഷനുകളിലായി നൂറില്‍പരം കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.