തിരുവനന്തപുരം: കിഴക്കേകോട്ടയില്‍ ബസ് ഡ്രൈവറെ പൊലീസ് മര്‍ദിച്ചെന്നാരോപിച്ച് സ്വകാര്യ ബസുകള്‍ മിന്നല്‍പണിമുടക്ക് നടത്തി. ഡ്രൈവറെ പൊലീസ് കസ്റ്റഡിയില്‍ എടുത്തതിനെ തുടര്‍ന്ന് സ്വകാര്യബസ് ജീവനക്കാര്‍ ഫോര്‍ട്ട് പൊലീസ് സ്റ്റേഷന്‍ ഉപരോധിച്ചു. വ്യാഴാഴ്ച രാവിലെ ഏഴോടെയാണ് പ്രതിഷേധങ്ങള്‍ക്ക് തുടക്കമായത്. കിഴക്കേകോട്ടയില്‍നിന്ന് മെഡിക്കല്‍കോളജ് ഭാഗത്തേക്ക് സര്‍വിസ് നടത്തുന്ന ശ്രീജ എന്ന സ്വകാര്യബസ് ഡ്രൈവര്‍ രാജേന്ദ്രനെ മര്‍ദിച്ചെന്നാണ് ആരോപണം. ബസ് ആദ്യ ട്രിപ്പിനായി ബസ്ബേയില്‍ രാവിലെ 6.55 ഓടെ എത്തി. മുന്നില്‍ രണ്ട് കെ.എസ്.ആര്‍.ടി.സി ബസുകള്‍ ഉണ്ടായിരുന്നതിനാല്‍ ബേയ്ക്ക് അകത്തേക്ക് കയറ്റി നിര്‍ത്താന്‍ സാധിച്ചില്ല. ഇതിനിടയില്‍ പിറകില്‍ എത്തിയ ബസ് നിര്‍ത്താതെ ഹോണടിച്ചു. തുടര്‍ന്ന് ഇവിടെ ജോലിയിലുണ്ടായിരുന്ന പൊലീസുകാരന്‍ രാജേന്ദ്രനോട് ബസ് എടുത്തുമാറ്റാന്‍ ആവശ്യപ്പെട്ടു. എന്നാല്‍, ആളുകള്‍ കയറാതെ എങ്ങനെ ബസ് ബേയില്‍നിന്ന് പോകുമെന്ന് പൊലീസുകാരനോട് ഇയാള്‍ ചോദിച്ചു. ഇതില്‍ ക്ഷുഭിതനായ പൊലീസുകാരന്‍ ബസിനുള്ളില്‍ കയറി അസഭ്യം പറഞ്ഞതായി ജീവനക്കാര്‍ പറയുന്നു. ഇതിനെ തുടര്‍ന്ന് റോഡില്‍ വാഹനം നിര്‍ത്തിയതിന് പിഴ അടച്ചിട്ട് പോയാല്‍ മതിയെന്ന് അറിയിച്ചു. തുടര്‍ന്ന് ഫോര്‍ട്ട് പൊലീസ് സ്ഥലത്തത്തെി പിഴ അടയ്ക്കാനായി സ്റ്റേഷനിലേക്ക് വരാന്‍ ആവശ്യപ്പെടുകയും വാഹനത്തില്‍നിന്ന് ഡ്രൈവറെ പിടിച്ചു താഴെ ഇറക്കുകയുമായിരുന്നത്രെ. തുടര്‍ന്ന് ജീപ്പില്‍ കയറുന്നതിനിടയില്‍ പൊലീസുകാര്‍ രാജേന്ദ്രനെ മര്‍ദിച്ചതായും ബസ് ജീവനക്കാര്‍ ആരോപിച്ചു. പിന്നീട് ഫോര്‍ട്ട് സ്റ്റേഷനിലത്തെിച്ചും മര്‍ദിച്ചതായി ഇവര്‍ പറയുന്നു. ഇതിനെ തുടര്‍ന്ന് യൂനിയന്‍ നേതാക്കള്‍ ഇടപെട്ട് 7.30 ഓടെ സ്വകാര്യ ബസുകളുടെ ഓട്ടം അവസാനിപ്പിച്ചു. ബി.എം.എസ്, സി.ഐ.ടി.യു, ഐ.എന്‍.ടി.യു.സി സംഘടനങ്ങളുടെ നേതൃത്വത്തില്‍ ജീവനക്കാര്‍ ഫോര്‍ട്ട് സ്റ്റേഷന്‍ ഉപരോധിച്ചു. രണ്ട് മണിക്കൂറിലധികം ഉപരോധ സമരം നീണ്ടു. ഒടുവില്‍ ഫോര്‍ട്ട് സി.ഐ വി.കെ. രജികുമാറിന്‍െറ നേതൃത്വത്തില്‍ ജീവനക്കാരുമായി ചര്‍ച്ച നടത്തി. കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കാമെന്ന് അറിയിച്ചതിനെ തുടര്‍ന്ന് ഉച്ചയോടെ ഉപരോധവും പണിമുടക്കും അവസാനിപ്പിക്കുകയായിരുന്നു. ഉപരോധത്തിനും ചര്‍ച്ചക്കും നേതാക്കളായ ഉണ്ണി, സന്തോഷ്, സുനി എന്നിവര്‍ നേതൃത്വം നല്‍കി. പ്രതിഷേധത്തെ തുടര്‍ന്ന് 110ഓളം സ്വകാര്യ ബസുകളാണ് സര്‍വിസ് നിര്‍ത്തിവെച്ചത്. രാവിലെ നടന്ന പണിമുടക്കില്‍ വിദ്യാര്‍ഥികളടക്കമുള്ള യാത്രക്കാര്‍ പൂര്‍ണമായും വലഞ്ഞു. കെ.എസ്.ആര്‍.ടി.സി ബസുകളായിരുന്നു പിന്നീട് അവരുടെ ആശ്രയം. അതേസമയം, നടുറോഡില്‍ നിര്‍ത്തിയിട്ടിരുന്ന ബസ് എടുത്തു മാറ്റാന്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് ബസിലെ ഡ്രൈവറും കണ്ടക്ടറും ഉള്‍പ്പെടുന്ന സംഘം പൊലീസിന് നേര്‍ക്ക് തട്ടിക്കയറിയതായും ഇതാണ് പ്രശ്നങ്ങള്‍ക്ക് കാരണമെന്നും ഫോര്‍ട്ട് പൊലീസ് അറിയിച്ചു. സംഭവത്തില്‍ ഡ്രൈവറെ മര്‍ദിച്ചന്നെ ആരോപണം കള്ളമാണെന്നും പിഴ അടയ്ക്കാന്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് ജീവനക്കാര്‍ സംഘടിച്ച് പ്രകോപനം ഉണ്ടാക്കിയതാണെന്നും പൊലീസ് പറയുന്നു. ഉപരോധത്തെ തുടര്‍ന്ന് നടത്തിയ ചര്‍ച്ചയില്‍ പൊലീസ് പ്രകോപനം ഉണ്ടാക്കില്ളെന്നും എന്നാല്‍, നിയമലംഘനം അനുവദിക്കില്ളെന്നും അറിയിച്ചതായി പൊലീസ് പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.