ഓണത്തിന് മുമ്പ് ക്ഷേമ പെന്‍ഷന്‍ കിട്ടിയത് പകുതി പേര്‍ക്ക്്

തിരുവനന്തപുരം: കോര്‍പറേഷന്‍ പരിധിയിലെ മുഴുവന്‍പേര്‍ക്കും സെപ്റ്റംബര്‍ 10ന് മുമ്പ് ക്ഷേമപെന്‍ഷനുകള്‍ നല്‍കുമെന്ന് ആവര്‍ത്തിച്ച് പ്രഖ്യാപിച്ചിട്ടും ലഭിച്ചത് പകുതിയോളം പേര്‍ക്ക് മാത്രം. പെന്‍ഷന്‍ ഏതുമാര്‍ഗം വേണമെന്ന് ആരാഞ്ഞ് കുടുംബശ്രീയുടെ നേതൃത്വത്തില്‍ നടത്തിയ സര്‍വേപോലും പൂര്‍ത്തിയായിട്ടില്ളെന്ന് കോര്‍പറേഷനും സമ്മതിക്കുന്നു. നൂറു വാര്‍ഡുകളിലായി 53.64 ശതമാനം പേര്‍ക്ക് മാത്രമേ ഓണത്തിന് മുമ്പ് കുടിശ്ശിക തുക ഉള്‍പ്പെടെ കിട്ടിയുള്ളൂ. മറ്റുള്ളവര്‍ക്ക് ആകെ ലഭിച്ചത് മൂന്നുമാസത്തെ പെന്‍ഷന്‍ തുക മാത്രം. അതും കിട്ടാത്തവര്‍ ഏറെയുണ്ട്. കുടിശ്ശിക ഉള്‍പ്പെടെ ക്ഷേമ പെന്‍ഷനുകള്‍ മുഴുവന്‍ ഗുണഭോക്താക്കള്‍ക്കും വിതരണം ചെയ്തെന്ന് അവകാശപ്പെട്ടിരിക്കെയാണ് സര്‍ക്കാര്‍വാദം പൊള്ളയെന്ന് തെളിയുന്ന കണക്കുകള്‍ വന്നിരിക്കുന്നത്. ആറുതരം ക്ഷേമപെന്‍ഷനുകള്‍ക്കായി 55720 ഗുണഭോക്താക്കളാണ് കോര്‍പറേഷന്‍ പരിധിയിലുള്ളത്. ഇതില്‍ 29889 പേര്‍ക്ക് മാത്രമാണ് കുടിശ്ശിക ഉള്‍പ്പെടെ മുഴുവന്‍ തുകയും ലഭിച്ചത്. ഇത്രയും പേരുടെ വിവരശേഖരണം മാത്രമേ കുടുംബശ്രീ ജില്ലാ മിഷന്‍ പൂര്‍ത്തിയാക്കിയിട്ടുള്ളൂ. ബാക്കി 25831 പേരുടെ ഓണം പട്ടിണിയിലായി. ഇതില്‍ ചിലര്‍ക്ക് മൂന്നുമാസത്തെ പെന്‍ഷന്‍ ലഭിച്ചു. കുറേപേര്‍ക്ക് അതും കിട്ടിയില്ല. ഓണത്തിന് മുമ്പുള്ള അവസാന പ്രവൃത്തിദിവസം പോലും ബാങ്കുകളിലത്തെി പണം എത്തിയിട്ടില്ളെന്നറിഞ്ഞവര്‍ നിരാശരായി മടങ്ങി. കുടുംബശ്രീ വിവരശേഖരണം പൂര്‍ത്തിയാക്കിയെങ്കിലും ഡാറ്റാ എന്‍ട്രി നടത്താന്‍ കുടുംബശ്രീ ജില്ലാ മിഷനിലുണ്ടായ കാലതാമസം കാരണം പെന്‍ഷന്‍ തുക പൂര്‍ണമായി ലഭിക്കാത്തവരുമുണ്ട്. ഓണത്തിന് മുമ്പ് സെപ്റ്റംബര്‍ ഒന്നിന് നടത്തിയ പരിശോധനയില്‍ കോര്‍പറേഷനില്‍ 24.75 ശതമാനം മാത്രമേ സര്‍വേ പൂര്‍ത്തിയായുള്ളൂവെന്ന് കണ്ടത്തെിയിരുന്നു. എന്തായാലും സെപ്റ്റംബര്‍ 25 നകം സര്‍വേ പൂര്‍ത്തിയാക്കണമെന്ന് കുടുംബശ്രീയോട് നിര്‍ദേശിച്ചിട്ടുണ്ടെന്ന് കോര്‍പറേഷന്‍ ക്ഷേമകാര്യ സ്ഥിരംസമിതി അധ്യക്ഷ ഗീതാഗോപാല്‍ അറിയിച്ചു. മുഴുവന്‍ പെന്‍ഷന്‍കാരെയും നേരിട്ടുകണ്ട് വിവരം ശേഖരിക്കാന്‍ കഴിയാത്തതാണ് തടസ്സമുണ്ടാകാന്‍ കാരണം. അപേക്ഷിക്കുമ്പോള്‍ നല്‍കിയ വിലാസത്തില്‍ പെന്‍ഷണര്‍ താമസമില്ലാത്തതാണ് പ്രധാനവെല്ലുവിളി. സര്‍വേ നടത്താനായി കുടുംബശ്രീ പ്രവര്‍ത്തകര്‍ക്ക് നല്‍കിയ പട്ടിക അപൂര്‍ണമായിരുന്നതും പ്രശ്നമായി. കുടുംബശ്രീയുടെ നേതൃത്വത്തില്‍ സര്‍വേ നടത്താന്‍ കഴിയില്ളെന്ന് പ്രതിപക്ഷകക്ഷികള്‍ ആദ്യം നിലപാടെടുത്തതാണ് കോര്‍പറേഷനില്‍ പെന്‍ഷന്‍ വിതരണം തകിടം മറിച്ചതെന്നാണ് ഭരണപക്ഷത്തിന്‍െറ ആരോപണം. എന്നാല്‍, സര്‍വേ നടത്തുന്നതിനെക്കുറിച്ചുള്ള പ്രതിപക്ഷത്തിന്‍െറ സംശയം ദൂരീകരിക്കുന്നതില്‍ ഭരണപക്ഷം പരാജയപ്പെട്ടതാണ് സര്‍വേ പരാജയപ്പെടാന്‍ കാരണമെന്ന് പ്രതിപക്ഷ അംഗങ്ങളും ചൂണ്ടിക്കാട്ടി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.