തിരുവനന്തപുരം: ഓണാഘോഷത്തോടനുബന്ധിച്ച് കനകക്കുന്ന് കൊട്ടാരവളപ്പില്‍ സൂര്യകാന്തി വേദിക്ക് സമീപമായി തനത് രുചിക്കൂട്ടുകള്‍ കൂട്ടിയിണക്കി കുടുംബശ്രീ സംരംഭകരും നഗരത്തിലെ വിവിധ ഹോട്ടലുകളും ഒരുക്കിയ ഭക്ഷ്യമേള ശ്രദ്ധേയമാവുന്നു. പരമ്പരാഗത നാടന്‍ രുചിക്കൂട്ടുകള്‍ ചേര്‍ന്ന വൈവിധ്യമാര്‍ന്ന മേള ഭക്ഷണപ്രിയരെ ഏറെ ആകര്‍ഷിച്ചു. ഓണത്തിന്‍െറ മധുരത്തെ കൊഴുപ്പിക്കുന്ന പായസക്കൂട്ടുകളും ജ്യൂസുകളുമായാണ് മേള സംഘടിപ്പിച്ചത്. ഇവിടെയൊരുക്കിയ പപ്പായ പായസം, പഴം- അവല്‍ പായസം, ചോള പ്രഥമന്‍ തുടങ്ങി വിവിധതരം പായസങ്ങള്‍ കഴിക്കാന്‍ പ്രായമൊന്നും പലര്‍ക്കും തടസ്സമല്ല. വിവിധയിനം പുട്ടുകളും കറികളും ഒരുക്കിയാണ് ശ്രീഭദ്ര കുടുംബശ്രീ രംഗത്തുള്ളത്. കപ്പപ്പുട്ട്, ചോളം പുട്ട്, മിക്സ്ഡ് പുട്ട് എന്നിവയോടൊപ്പം വ്യത്യസ്തമാര്‍ന്ന പട്ടം കോഴിക്കറിക്കും ആവശ്യക്കാര്‍ ഏറെയാണ്. വടക്കന്‍ മലബാറിന്‍െറ രുചി ഫുഡ് കോര്‍ട്ടിലെ ഭൂരിഭാഗം സ്റ്റാളുകളിലും രുചിച്ചറിയാവുന്നതാണ്. മലബാറിന്‍െറ തനത് വിഭവങ്ങളായ ചട്ടിപ്പത്തിരി, മുട്ടമാല, കിളിക്കൂട്, ഉന്നക്കായ്, കായ്പോള, മക്രോണി പ്പോള എന്നിവ മേളയില്‍ ആകര്‍ഷകമാവുമ്പോള്‍ മലബാര്‍ ദം ബിരിയാണിതന്നെയാണ് മേളയിലെ താരം. പരമ്പരാഗത വിഭവങ്ങളായ കപ്പയും മീനും കുട്ടനാടന്‍ വിഭവങ്ങളായ താറാവ് കറിയും അപ്പവും വിവിധതരം കരിമീന്‍ കറികളും ഭക്ഷ്യമേളയില്‍ ചൂടോടെ ലഭിക്കും. ജീവിതശൈലീ രോഗങ്ങള്‍ വര്‍ധിക്കുന്ന ഇക്കാലത്ത് ആരോഗ്യകരമായ പാനീയങ്ങള്‍ പരിചയപ്പെടുത്തുന്ന സ്റ്റാളും മേളയുടെ പ്രധാന ആകര്‍ഷണമാണ്. വിവിധതരത്തിലെ ദോശകള്‍ക്കായി കൗണ്ടറുമുണ്ട്. ചെമ്മീന്‍, കോഴി, പോത്ത്, പനീര്‍, വിവിധ മത്സ്യങ്ങള്‍ എന്നിവ ഉള്‍ക്കൊള്ളിച്ചുള്ള കുട്ടിദോശകള്‍ക്കും ഡിമാന്‍ഡ് ഏറുകയാണ്. മിതമായ നിരക്കില്‍ രുചിയൂറും വിഭവങ്ങളാണ് ഓണം വാരാഘോഷം കാണാന്‍ കനകക്കുന്നില്‍ എത്തുന്നവരെ കാത്തു നില്‍ക്കുന്നത്. ഭക്ഷ്യമേള ഞായറാഴ്ച അവസാനിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.