ഓണത്തിരക്കിലേക്ക് നാടും നഗരവും കടന്നതോടെ എങ്ങും ആഘോഷ പ്രതീതി. സ്കൂളുകളിലും കോളജുകളിലും വെള്ളിയാഴ്ചയോടെ ഓണാഘോഷങ്ങള്‍ സമാപിച്ചു. കഴക്കൂട്ടം: കോര്‍പറേഷനും കഴക്കൂട്ടം വാര്‍ഡും കുടുംബശ്രീയും സംയുക്തമായി സംഘടിപ്പിച്ച ‘ഓണനിലാവ് 2016’ ഓണാഘോഷത്തോടനുബന്ധിച്ച് ഓണം വിളംബര ഘോഷയാത്ര സംഘടിപ്പിച്ചു. കഴക്കൂട്ടം പഞ്ചായത്തിനെ കോര്‍പറേഷനില്‍ കൂട്ടിച്ചേര്‍ത്തശേഷം ആദ്യമായി നടക്കുന്ന ഓണാഘോഷം നാട്ടുകാര്‍ക്ക് പുതിയൊരനുഭവമായി. ചെണ്ടമേളം, ശിങ്കാരിമേളം, ബാന്‍റുമേളം, പുലികളി, തെയ്യം, വിവിധകലാരൂപങ്ങള്‍ വര്‍ണശബളമായ നിശ്ചലദൃശ്യങ്ങള്‍ ഘോഷയാത്രയില്‍ അണിനിരന്നു. കഴക്കൂട്ടം ബൈപാസ് ജങ്ഷനില്‍നിന്ന് ആരംഭിച്ച ഘോഷയാത്ര ദേശീയപാത ചുറ്റി കഴക്കൂട്ടം മഹാദേവ ക്ഷേത്രത്തിന് പടിഞ്ഞാറ് വശത്തിന് സമീപം സമാപിച്ചു. ഘോഷയാത്രക്ക് ശേഷം നടന്ന പൊതുസമ്മേളനം മേയര്‍ വി.കെ. പ്രശാന്തിന്‍െറ അധ്യക്ഷതയില്‍ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. ഡെപ്യൂട്ടി മേയര്‍ രാഖി രവികുമാര്‍, നടന്‍ കഴക്കൂട്ടം പ്രേംകുമാര്‍, കൗണ്‍സിലര്‍ മേടയില്‍ വിക്രമന്‍, സിന്ധു ശശി, ബിന്ദു, എസ്.എസ്. ബിജു, ജയചന്ദ്രന്‍, നിര്‍മലകുമാര്‍ എന്നിവര്‍ പങ്കെടുത്തു. ബാലരാമപുരം: ഓണപ്പൂക്കളങ്ങളും ഓണസദ്യയും ഊഞ്ഞാലാട്ടവും ഒപ്പം വിഭവ സമൃദ്ധ ഓണസദ്യയും. മാവേലിയെ വരവേല്‍ക്കാന്‍ ബാലരാമപുരം ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ സംഘടിപ്പിച്ച ഓണോത്സവം കെങ്കേമമായി.ഹെഡ്മാസ്റ്റര്‍ സി. ക്രിസ്തുദാസിന്‍െറ അധ്യക്ഷതയില്‍ ചേര്‍ന്ന ഓണോത്സവ പരിപാടിയില്‍ പ്രിന്‍സിപ്പല്‍ അമൃതകുമാരി ഉദ്ഘാടനം നിര്‍വഹിച്ചു. സീനിയര്‍ അസിസ്റ്റന്‍റ് അനില്‍ കുമാര്‍, സെലിന്‍, എ.എസ്. മന്‍സൂര്‍, ഡോ. ബോവസ് എന്നിവര്‍ നേതൃത്വം നല്‍കി. പോത്തന്‍കോട്: ശാന്തിഗിരി സിദ്ധ മെഡിക്കല്‍ കോളജില്‍ ഓണാഘോഷം നടന്നു. ശാന്തിഗിരി ഹെല്‍ത്ത് കെയര്‍ റിസര്‍ച് ഓര്‍ഗനൈസേഷന്‍ -ഇന്‍ ചാര്‍ജ് സ്വാമി വന്ദനരൂപന്‍ ജ്ഞാന തപസ്വി ഉദ്ഘാടനം ചെയ്തു. പ്രിന്‍സിപ്പല്‍ ഡോ. ആര്‍. ദേവരാജന്‍ അധ്യക്ഷത വഹിച്ചു. ഡോ. പി. ഹരിഹരന്‍, ഡോ. കെ. ജഗന്നാഥന്‍, പി.ടി.എ പ്രസിഡറ് വി. വിജയന്‍നായര്‍ തുടങ്ങിയവര്‍ സംസാരിച്ചു. നാടന്‍ പൂക്കളിറുത്ത് കണ്ണശ സ്കൂളിലെ കുട്ടികള്‍ പൂക്കളമൊരുക്കി പേയാട്: തങ്ങള്‍ നട്ടുനനച്ച ചെടികളിലെ പൂക്കളിറുത്ത് കുട്ടികള്‍ കൂട്ടത്തോടെ പൂവേ പൊലി പാടി വിദ്യാലയമുറ്റത്ത് അത്തപ്പൂക്കളമിട്ടു. പൊന്നോണപ്പുലരിയില്‍ ഓണപ്പാട്ടിന്‍െറ ഈണം മുഴക്കി പേയാട് കണ്ണശ മിഷന്‍ സ്കൂളിലെ കുട്ടികളാണ് പൂക്കളമൊരുക്കാന്‍ ഒത്തുകൂടിയത്. നാടന്‍ പൂക്കള്‍ വേണമെന്ന വാശിയിലാണ് കുട്ടികള്‍ ഒന്നരമാസം മുമ്പ് വിദ്യാലയത്തിലെ ഒഴിഞ്ഞ കോണില്‍ നാട്ടുചെടികള്‍ നട്ടുപിടിപ്പിച്ചത്. തെച്ചിയും തുമ്പയും മുക്കുറ്റിയും ജമന്തിയുമടക്കം പത്തിനം ചെടികളായിരുന്നു അത്. തൊടിയിലും പാടവരമ്പത്തും പൂത്തുലയാന്‍ വെമ്പിനിന്ന ചെടികള്‍ ശേഖരിച്ച് വിദ്യാലയത്തിലത്തെിച്ചാണ് പൂന്തോട്ട നിര്‍മാണം കുട്ടികള്‍ പൂര്‍ത്തിയാക്കിയത്. നാട്ടുപൂക്കള്‍ വിദ്യാലയമുറ്റത്തുനിന്ന് ഇറുത്തെടുത്ത് അത്തപ്പൂക്കളം ഒരുക്കണമെന്ന കുട്ടികളുടെ വേറിട്ട ചിന്തക്ക് പ്രിന്‍സിപ്പല്‍ ഡോ. രാജേന്ദ്രബാബുവിന്‍െറയും ചെയര്‍മാന്‍ ആനന്ദ് കണ്ണശയുടെയും പിന്തുണയുണ്ടായിരുന്നു. വെള്ളറട: ഒറ്റശേഖരമംഗലം ജനാര്‍ദനപുരം ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ 60ാം വാര്‍ഷികത്തോടനുബന്ധിച്ച് പൂക്കളം നിര്‍മിച്ചു. ഓണാഘോഷ പരിപാടികള്‍ കവിയും ഗാനരചയിതാവുമായ ചുനക്കര രാമന്‍കുട്ടി ഉദ്ഘാടനം ചെയ്തു. സ്കൂള്‍ രക്ഷാധികാരി അഡ്വ. ജെ. വേണുഗോപാലന്‍ നായര്‍, മാനേജര്‍ എസ്. ശ്രീകുമാരിയമ്മ, ഡി. സുകുദേവന്‍ നായര്‍, വി. ശ്രീകല, യു. മധുസൂദനന്‍ നായര്‍, വിനോദ് വൈശാഖി, പി.എസ്. ആദര്‍ശ് കുമാര്‍, പി.വി. പ്രവീണന്‍ എന്നിവര്‍ സംസാരിച്ചു. വെള്ളറട: വി.പി.എം ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ ഈ വര്‍ഷത്തെ ഓണാഘോഷത്തോടനുബന്ധിച്ച് നിര്‍ധന വിദ്യാര്‍ഥികള്‍ക്ക് കട്ടില്‍, അലമാര, മേശ, കസേരകള്‍ തുടങ്ങിയ വീട്ടു സാധനങ്ങള്‍ നല്‍കി. അധ്യാപകര്‍, മാനേജ്മെന്‍റ്, പി.ടി.എ എന്നിവരുടെ സഹായ സഹകരണത്തോടയാണ് വീട്ടുസാധനങ്ങള്‍ നല്‍കിയത്. ചടങ്ങില്‍ വി.പി.എം.എച്ച്.എസ്.എസ് മാനേജര്‍ ബൈജു പണിക്കര്‍, പ്രിന്‍സിപ്പല്‍ -ഇന്‍ ചാര്‍ജ് ജയലത, പി.ടി.എ പ്രസിഡന്‍റ് ഷാഹിര്‍ മാസ്റ്റര്‍, സ്റ്റാഫ് സെക്രട്ടറി പ്രേംചന്ദ്രന്‍, അധ്യാപകരായ അപ്പുക്കുട്ടന്‍, ചിത്രന്‍, ഡി. ശാന്തകുമാരി എന്നിവര്‍ പങ്കെടുത്തു. തിരുവനന്തപുരം: നഗരസഭയുടെ നേതൃത്വത്തില്‍ പാസഞ്ചര്‍ വെല്‍ഫെയര്‍ സൊസൈറ്റി അംഗങ്ങളായ ഓട്ടോറിക്ഷ തൊഴിലാളികള്‍ക്കുള്ള ഓണക്കിറ്റ് വിതരണം മേയര്‍ അഡ്വ. വി.കെ. പ്രശാന്ത് നിര്‍വഹിച്ചു. നഗരാസൂത്രണകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ അഡ്വ. ആര്‍. സതീഷ്കുമാര്‍ അധ്യക്ഷത വഹിച്ചു. സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ആര്‍. ഗീതാഗോപാല്‍ സ്വാഗതം പറഞ്ഞു. ഡെപ്യൂട്ടി മേയര്‍ അഡ്വ. രാഖി രവികുമാര്‍, ആരോഗ്യകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ കെ. ശ്രീകുമാര്‍, പാളയം കൗണ്‍സിലര്‍ ഐഷാബേക്കര്‍, ട്രാഫിക് സര്‍ക്ക്ള്‍ ഇന്‍സ്പെക്ടര്‍ ജയചന്ദ്രന്‍, കെ. ജയമോഹന്‍, പട്ടം ശശിധരന്‍, സതികുമാര്‍, ഷിഹാബുദ്ദീന്‍ കരിയത്ത് എന്നിവര്‍ സംസാരിച്ചു. തിരുവനന്തപുരം: പട്ടം എസ്.യു.ടി ആശുപത്രിയിലെ ഓണാഘോഷ പരിപാടികളുടെ ഉദ്ഘാടനം ആരോഗ്യമന്ത്രി കെ.കെ. ശൈലജ നിര്‍വഹിച്ചു. ഓണസംഗമത്തോടനുബന്ധിച്ച് വര്‍ണാഭമായ ഘോഷയാത്ര നടത്തി. ‘അവയവദാനം മഹാദാനം’ എന്ന സന്ദേശവുമായാണ് ഘോഷയാത്ര സംഘടിപ്പിച്ചത്. സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ ഘോഷയാത്ര ഫ്ളാഗ് ഓഫ് ചെയ്തു. മെഡിക്കല്‍ അഡ്മിനിസ്ട്രേറ്റര്‍ ഡോ. എം.വി. സുധാകര്‍, മെഡിക്കല്‍ സൂപ്രണ്ട് രാജേഷ് വിജയന്‍, നെഫ്രോളജി വിഭാഗം മേധാവി ഡോ. രാംദാസ് പിഷാരടി, ഓപറേഷന്‍സ് മാനേജര്‍ ഗിരീഷ്, എച്ച്.ആര്‍ മാനേജര്‍ വിപിന്‍ എന്നിവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.