പെന്‍ഷന്‍ വിതരണത്തിലെ അപാകത: കൗണ്‍സില്‍ അലങ്കോലപ്പെടുത്തി ബി.ജെ.പി പ്രതിഷേധം

തിരുവനന്തപുരം: ക്ഷേമപെന്‍ഷന്‍ വിതരണവുമായി ബന്ധപ്പെട്ട് കുടുംബശ്രീ നടത്തുന്ന സര്‍വേ പരാജയമാണെന്നും അര്‍ഹരായവരില്‍ നാലിലൊന്ന് പേര്‍ക്കുപോലും പെന്‍ഷന്‍ കിട്ടിയിട്ടില്ളെന്നും ആരോപിച്ച് ബി.ജെ.പി കൗണ്‍സിലര്‍മാര്‍ കൗണ്‍സില്‍ യോഗത്തില്‍ തുടക്കം മുതല്‍ അവസാനംവരെ ബഹളംവെച്ചു. ഇതേ ആവശ്യം ഉന്നയിച്ച് യു.ഡി.എഫ് അംഗങ്ങള്‍ അടിയന്തര പ്രമേയത്തിന് നേരത്തേ നോട്ടീസും നല്‍കിയിരുന്നു. ഒൗദ്യോഗിക കാര്യങ്ങള്‍ മാറ്റിവെച്ച് ഈ വിഷയം അടിയന്തരമായി ചര്‍ച്ചചെയ്യണമെന്ന ബി.ജെ.പിയുടെ ആവശ്യം മേയര്‍ നിരാകരിച്ചു. തുടര്‍ന്ന് പ്ളക്കാര്‍ഡും മുദ്രാവാക്യം വിളികളുമായി ബഹളവുമായി കൗണ്‍സിലര്‍മാര്‍ നടുത്തളത്തിലിറങ്ങി. ബി.ജെ.പി പാര്‍ലമെന്‍ററി പാര്‍ട്ടി ലീഡര്‍ വി. ഗിരിയാണ് വിഷയം ഉന്നയിച്ചത്. ഒൗദ്യോഗിക അജണ്ടകള്‍ക്കു ശേഷം വിഷയം പരിഗണിക്കുമെന്ന് മേയര്‍ വി.കെ. പ്രശാന്ത് ഉറപ്പുപറഞ്ഞെങ്കിലും ബി.ജെ.പി വഴങ്ങിയില്ല. പ്രഥമ പരിഗണന നല്‍കണമെന്നാവശ്യപ്പെട്ട് ബഹളം തുടരുന്നതിനിടെ കൗണ്‍സില്‍ നടപടിക്രമങ്ങള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കി വിഷയം ചര്‍ച്ചക്കെടുത്തു. എന്നാല്‍, ബി.ജെ.പി അംഗങ്ങള്‍ ബഹളം തുടര്‍ന്നു. അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയ മുസ്ലിം ലീഗ് പ്രതിനിധി ബീമാപള്ളി റഷീദ്, യു.ഡി.എഫ് ലീഡര്‍ ജോണ്‍സണ്‍ ജോസഫ്, വി.ആര്‍. സിനി എന്നിവര്‍ ബി.ജെ.പി പ്രവര്‍ത്തകരോട് സഹകരിക്കണമെന്നാവശ്യപ്പെട്ടെങ്കിലും അവര്‍ ചെവിക്കൊണ്ടില്ല. കുടുംബശ്രീ സര്‍വേ പൂര്‍ത്തിയാകാത്തതിനാല്‍ ക്ഷേമ പെന്‍ഷനുകള്‍ ലഭിക്കാതെ പാവങ്ങള്‍ ഓണക്കാലത്ത് ദുരിതമനുഭവിക്കുമെന്ന് പ്രമേയം കൊണ്ടുവന്ന ബീമാപള്ളി റഷീദ് ചൂണ്ടിക്കാട്ടി. കുടുംബശ്രീ പ്രവര്‍ത്തകര്‍ വഴി നടപ്പാക്കുന്ന സര്‍വേയുടെ പ്രായോഗിക തടസ്സങ്ങള്‍ നേരത്തേതന്നെ ചൂണ്ടിക്കാട്ടിയിരുന്നെന്ന് വി.ആര്‍. സിനിയും പറഞ്ഞു. അതേസമയം, പെന്‍ഷന്‍ വിതരണത്തിലെ അപാകതകള്‍ പരിഹരിക്കപ്പെടേണ്ടതുണ്ടെന്നും അതിനാല്‍ പ്രമേയത്തെ പിന്തുണക്കുന്നെന്ന് എല്‍.ഡി.എഫ് അംഗം കെ. ശ്രീകുമാറും പറഞ്ഞു. രാഷ്ട്രീയപ്രേരിതമായാണ് ഈ വിഷയം ബി.ജെ.പി കാണുന്നതെന്ന് അഡ്വ. ആര്‍. സതീഷ്കുമാര്‍ ചൂണ്ടിക്കാട്ടി. സര്‍വേയില്‍ ചില അപാകതകള്‍ വന്നിട്ടുണ്ട്. എങ്കിലും തിങ്കളാഴ്ച രാവിലെ വരെ 65 ശതമാനത്തോളം സര്‍വേ പൂര്‍ത്തിയാക്കി കഴിഞ്ഞതായി മേയര്‍ മറുപടി പറഞ്ഞു. സെപ്റ്റംബര്‍ ഏഴുവരെ സര്‍വേ തുടരും. 10ന് മുമ്പ് എല്ലാവര്‍ക്കും പെന്‍ഷന്‍ എത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.