അത്തം പിറന്നു, നഗരം തിരക്കിലമര്‍ന്നു

തിരുവനന്തപുരം: പൊന്നോണത്തിന്‍െറ വരവറിയിച്ച് അത്തം പിറന്നതോടെ വര്‍ണാഭമായ പൂക്കളങ്ങള്‍ നഗരത്തില്‍ നിറഞ്ഞു. ഞായറാഴ്ച പുലര്‍ച്ചെ മുതല്‍ നിറവൈവിധ്യങ്ങളില്‍ വിരിഞ്ഞ പൂക്കളങ്ങള്‍ പലയിടത്തും ഓണക്കാഴ്ചയായി. വീടുകള്‍ കൂടാതെ വിവിധ സംഘടനകള്‍, റെസിഡന്‍റ്സ് അസോസിയേഷനുകള്‍, സ്ഥാപനങ്ങള്‍ എന്നിവയും പൂക്കളങ്ങള്‍ ഒരുക്കി ഓണത്തെ വരവേറ്റു. അത്തം പത്തിനാണ് സാധാരണ തിരുവോണം എത്തുന്നതെങ്കിലും ഇത്തവണ 11ാം ദിവസമാകും തിരുവോണം. അതേ സമയം, നഗരം വന്‍ തിരക്കിലേക്ക് നീങ്ങുകയാണ്. പലയിടത്തും ശനിയാഴ്ച വൈകീട്ട് മുതല്‍ തുടങ്ങിയ തിരക്ക് ഞായറാഴ്ചയും തുടര്‍ന്നു. ഓണം ആഘോഷമാക്കാന്‍ വ്യാപാര കേന്ദ്രങ്ങളിലേക്ക് ജനം ഒഴുകിയതോടെയാണ് തിരക്കേറിയത്. വിപണന മേളകള്‍, വസ്ത്ര, ആഭരണ വിപണന കേന്ദ്രങ്ങള്‍ എന്നിവിടങ്ങിലാണ് ജനങ്ങള്‍ ഏറെയും. ചാല കൂടാതെ പാളയം, പഴവങ്ങാടി, കരമന, കോട്ടയ്ക്കകം, തമ്പാനൂര്‍, തൈക്കാട് തുടങ്ങി പ്രധാന സ്ഥലങ്ങളിലെല്ലാം വന്‍ തിരക്കാണ് അത്തം ദിനത്തില്‍ അനുഭവപ്പെട്ടത്. ഇരുചക്രവാഹനങ്ങള്‍ ഉള്‍പ്പെടെ മണിക്കൂറുകള്‍ പലയിടത്തും കുരുക്കില്‍പെട്ടു. ഗതാഗതം സുഗമമാക്കാന്‍ പൊലീസും നന്നേ പാടുപെട്ടു. ഓണത്തിരക്ക് മുന്നില്‍കണ്ട് വ്യാപാരശാലകള്‍ പലതും ഞായറാഴ്ചയും പ്രവര്‍ത്തിച്ചു. വരുംദിനങ്ങളില്‍ ഉത്സവബത്തകള്‍ ഭൂരിപക്ഷം പേര്‍ക്കും ലഭിക്കുന്നതോടെ വന്‍ തിരക്കിലാകും നഗരം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.