ചിരിയുടെ കുലപതിയോട് ഒടുവില്‍ ജന്മനാട് നീതി പുലര്‍ത്തി

ശാസ്താംകോട്ട: മൂന്ന് പതിറ്റാ ണ്ടോളം നീണ്ട വിവാദങ്ങള്‍ക്ക് വിരാമമിട്ട്, മലയാള ഹാസസാഹിത്യരംഗത്തെ കുലപതി ഇ.വി. കൃഷ്ണപിള്ളയോട് ജന്മനാട് നീതി പുലര്‍ത്തി. കുന്നത്തൂര്‍ പഞ്ചായത്ത് സാംസ്കാരികനിലയത്തിന് ഇ.വി. കൃഷ്ണപിള്ളയുടെ പേര് നല്‍കാന്‍ പ്രസിഡന്‍റ് കുന്നത്തൂര്‍ പ്രസാദിന്‍െറ അധ്യക്ഷതയില്‍ ചേര്‍ന്ന കമ്മിറ്റി തീരുമാനിച്ചു. മൂന്ന് പതിറ്റാണ്ടിലേറെ ഇടതുപക്ഷം ഭരിച്ചപ്പോള്‍ കാട്ടിയ ‘മറവി’യെ മായ്ച്ചുകളയുന്നതായി പുതിയ കമ്മിറ്റിയുടെ തീരുമാനം. ഹാസസാഹിത്യകാരന്‍, നടന്‍, നോവലിസ്റ്റ്, നാടകകൃത്ത്, പത്രാധിപര്‍, അഭിഭാഷകന്‍ എന്നീ നിലകളിലെല്ലാം ശോഭിച്ച ഇ.വി. കൃഷ്ണപിള്ള ജനിച്ചത് 1894 സെപ്റ്റംബര്‍ 16ന് കുന്നത്തൂര്‍ പഞ്ചായത്തിലെ ഇഞ്ചക്കാട്ട് വീട്ടിലാണ്. ഇ.വിയുടെ ജന്മഗൃഹം ഏറ്റെടുത്ത് സംരക്ഷിക്കുമെന്ന് മാറിമാറിവന്ന സാംസ്കാരികമന്ത്രിമാര്‍ പലവട്ടം പ്രഖ്യാപിച്ചെങ്കിലും ഒന്നുമുണ്ടായില്ല. ഇത് പില്‍ക്കാലത്ത് പൊളിച്ചുമാറ്റി അനന്തരാവകാശികള്‍ പുതിയ വീടുപണിതു. ഇതിന് സമാന്തരമായി പഞ്ചായത്ത് സാംസ്കാരികനിലയത്തിന് ഇ.വിയുടെ പേര് നല്‍കാന്‍ 1996ല്‍ പഞ്ചായത്ത് കമ്മിറ്റി തീരുമാനമെടുത്തു. സാംസ്കാരികനിലയത്തിന്‍െറ പുതിയ പേര് ചായംകൊണ്ട് എഴുതി പകുതിയായപ്പോള്‍ പുറത്തുപറയാന്‍ കഴിയാത്ത കാരണങ്ങളാല്‍ പണി നിര്‍ത്താന്‍ എഴുത്തുകാരന്‍ നിര്‍ബന്ധിതനായി. ഒരു ഇ.വി കൃതിയിലെ കറുത്ത ഹാസ്യംപോലെ കുന്നത്തൂര്‍ പഞ്ചായത്തിന്‍െറ ഭിത്തിയില്‍ ആ അപൂര്‍ണത ഏറെക്കാലം നിലകൊണ്ടു. ഇതിനൊരു പ്രായശ്ചിത്തമാണ് പഞ്ചായത്ത് പ്രസിഡന്‍റിന്‍െറ നേതൃത്വത്തില്‍ എടുത്ത തീരുമാനം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.