തിരുവനന്തപുരം: കുടുംബശ്രീയുടെ നേതൃത്വത്തില്‍ നടക്കുന്ന സര്‍വേ പൂര്‍ത്തിയാകാത്തത് കാരണം കോര്‍പറേഷന്‍പരിധിയിലെ 75 ശതമാനം ഗുണഭോക്താക്കള്‍ക്കും ഓണത്തിന് സാമൂഹികസുരക്ഷാപെന്‍ഷനുകള്‍ ലഭിക്കാനിടയില്ല. ഇതോടെ, 44442 പേര്‍ക്ക് ഇക്കുറി ഓണം പട്ടിണിയിലാകും. അതേസമയം, സര്‍വേ പൂര്‍ത്തിയാക്കിയ 13790 പേര്‍ക്ക് പെന്‍ഷന്‍ വിതരണം ആരംഭിച്ചത് ആശ്വാസമാണെങ്കിലും സര്‍വിസ്ചാര്‍ജ് ഇനത്തില്‍ 50ഉം 100ഉം രൂപ ഈടാക്കുന്നെന്ന് പരാതി ഉയര്‍ന്നിട്ടുണ്ട്. നൂറ് വാര്‍ഡുകളുള്ള കോര്‍പറേഷനില്‍ 24.75ശതമാനം മാത്രമേ സര്‍വേ പൂര്‍ത്തിയായിട്ടുള്ളൂവെന്നാണ് കുടുംബശ്രീ ജില്ലാ മിഷന്‍െറ കണക്ക്. ജില്ലയില്‍ ഏറ്റവും കുറവ് സര്‍വേ നടത്തിയതില്‍ മൂന്നാം സ്ഥാനത്താണ് കോര്‍പറേഷന്‍. ഓണത്തിന് മുമ്പ് വിവരശേഖരണം പൂര്‍ത്തിയായാലും പെന്‍ഷന്‍ വിതരണം പിന്നെയും താമസിക്കാനാണ് സാധ്യത. പെന്‍ഷന്‍ വിതരണം ഏതുവഴി വേണമെന്ന് ആരാഞ്ഞാണ് കുടുംബശ്രീ സര്‍വേ നടത്തുന്നത്. 55,720 ഗുണഭോക്താക്കളാണ് കോര്‍പറേഷന്‍പരിധിയില്‍ വിവിധ ക്ഷേമ പെന്‍ഷനുകള്‍ക്ക് അര്‍ഹരായിട്ടുള്ളത്. ഇതില്‍ 13,790 പേരുടെ സര്‍വേ മാത്രമേ പൂര്‍ത്തിയായിട്ടുള്ളൂ. ബാക്കിയുള്ളവരെ നേരില്‍ കണ്ട് വിവരശേഖരണം ഓണത്തിനുമുമ്പ് പൂര്‍ത്തിയാക്കാന്‍ കഴിയുമോ എന്നതില്‍ ആശങ്ക നിലനില്‍ക്കുന്നു. ആറുതരം സാമൂഹിക ക്ഷേമ പെന്‍ഷനാണ് സര്‍ക്കാര്‍ വിതരണം ചെയ്യുന്നത്. ഇതില്‍ കോര്‍പറേഷന്‍ പരിധിയില്‍ ഏറ്റവും കൂടുതല്‍ ഗുണഭോക്താക്കള്‍ വാര്‍ധക്യകാല പെന്‍ഷന്‍ വാങ്ങുന്നവരാണ്. 25309 പേരാണ് വാര്‍ധക്യകാല പെന്‍ഷന് അര്‍ഹരാണെന്ന് കണ്ടത്തെിയിട്ടുള്ളത്. കാര്‍ഷിക പെന്‍ഷന് 2243 പേരും മനോദൗര്‍ബല്യമുള്ളവര്‍ക്കുള്ള പെന്‍ഷന് 35 പേരും ഭിന്നശേഷിയുള്ളവര്‍ക്കുള്ള പെന്‍ഷന് 6,110 പേരും അര്‍ഹരാണ്. 1036 പേര്‍ 50 വയസ്സിന് മേലെയുള്ള അവിവാഹിത പെന്‍ഷനും 22499 പേര്‍ വിധവ പെന്‍ഷനും വാങ്ങുന്നവരാണ്. നേരിട്ട് കണ്ട് വിവരം ശേഖരിക്കാന്‍ കഴിയാത്തതാണ് പദ്ധതി ഇഴയാന്‍ കാരണമെന്ന് പറയപ്പെടുന്നു. കുടുംബശ്രീ ഏരിയ ഡവലപ്മെന്‍റ് സൊസൈറ്റി (എ.ഡി.എസ്) അംഗങ്ങളാണ് സര്‍വേ നടത്തുന്നത്. പലപ്പോഴും ഗുണഭോക്താക്കളെ നേരിട്ട് കാണാന്‍ കഴിയാത്തത് സര്‍വേക്ക് തടസ്സമാകുന്നതായി എ.ഡി.എസ് അംഗങ്ങള്‍ പറയുന്നു. പെന്‍ഷണറുടെ മേല്‍വിലാസം ഒരുവാര്‍ഡിലും താമസം മറ്റൊരു വാര്‍ഡിലുമായിരിക്കും. ഇതും പ്രധാന വെല്ലുവിളിയാണ്. എ.ഡി.എസ് അംഗങ്ങള്‍ എത്തുമ്പോള്‍ മേല്‍വിലാസത്തില്‍ പെന്‍ഷണര്‍ ഉണ്ടാകണമെന്നില്ല. അതിനാല്‍ നേരിട്ട് വിവരശേഖരണം അസാധ്യമാകും. പ്രതിപക്ഷകക്ഷികളുടെ എതിര്‍പ്പും തുടക്കത്തില്‍ പ്രതികൂലമായി. കുടുംബശ്രീ സര്‍വേയെ പ്രതിപക്ഷകക്ഷികളായ ബി.ജെ.പിയും യു.ഡി.എഫും തുടക്കത്തില്‍ എതിര്‍ത്തു. കൗണ്‍സിലര്‍മാരെ അറിയിക്കാതെ സര്‍വേ നടത്തുന്നതിനെതിരെ ഇടതുപക്ഷഅംഗങ്ങളും പരോക്ഷമായി എതിര്‍പ്പ് പ്രകടിപ്പിച്ചു. പല വാര്‍ഡുകളിലും കൗണ്‍സിലര്‍മാരും എ.ഡി.എസ് അംഗങ്ങളും തമ്മില്‍ ഏറ്റുമുട്ടല്‍ വരെയുണ്ടായി. ആറ്റുകാല്‍ വാര്‍ഡില്‍ രാഷ്ട്രീയപാര്‍ട്ടിയുടെ ബൂത്ത് കമ്മിറ്റി ഓഫിസില്‍ ഗുണഭോക്താക്കളെ വരുത്തി വിവരശേഖരണം നടത്തിയതില്‍ പൊലീസ് ഇടപെടേണ്ടി വന്നു. പ്രതിപക്ഷത്തെ അനുനയിപ്പിച്ച് സര്‍വേ ആരംഭിച്ചപ്പോഴേക്കും സര്‍ക്കാര്‍ അനുവദിച്ച സമയപരിധിയും അവസാനിച്ചു. സമയം നീട്ടിച്ചോദിച്ചിട്ടും 25 ശതമാനം മാത്രമേ പൂര്‍ത്തിയാക്കാനായുള്ളൂ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.