തെരുവുനായ് ശല്യം വര്‍ധിക്കുന്നു; നടപടി സ്വീകരിക്കാതെ അധികൃതര്‍

നെയ്യാറ്റിന്‍കര: നെയ്യാറ്റിന്‍കര താലൂക്കിന്‍െറ വിവിധ പ്രദേശങ്ങളില്‍ തെരുവുനായ് ശല്യം വര്‍ധിക്കുമ്പോഴും നടപടി സ്വീകരിക്കാതെ നഗരസഭയും പഞ്ചായത്തുകളും. നെയ്യാറ്റിന്‍കരയും ബാലരാമപുരവും സമീപ പ്രദേശവും തെരുവുനായ്ക്കളുടെ പിടിയിലായിട്ടും അധികൃതരുടെ ഭാഗത്തുനിന്ന് വേണ്ടത്ര നടപടിയുണ്ടാകാത്തത് പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്. വളര്‍ത്തുമൃഗങ്ങള്‍ക്കും തെരുവുനായ്ക്കളുടെ കടിയേല്‍ക്കുന്നു. പേവിഷ ബാധയേറ്റവയും ഈ കൂട്ടത്തിലുണ്ടോ എന്ന ആശങ്കയിലാണ് പ്രദേശവാസികള്‍. തെരുവുനായ്ക്കളെ പിടികൂടുന്നതിന് നടപടി സ്വീകരിക്കണമെന്ന നാട്ടുകാരുടെ ആവശ്യത്തിനുമുന്നില്‍ അധികൃതര്‍ മൗനം പാലിക്കുന്നു. മാസങ്ങള്‍ക്കുമുമ്പ് ബാലരാമപുരത്ത് തെരുവുനായ്ക്കളുടെ ആക്രമണത്തില്‍ നിരവധിപേര്‍ക്ക് പരിക്കേറ്റിരുന്നു. പ്രദേശത്തെ പ്രധാന റോഡുകളും ഇടറോഡുകളും തെരുവുനായ്ക്കള്‍ കൈയടക്കിയത് കാരണം ജനങ്ങള്‍ക്ക് സമാധാനത്തോടെ തെരുവിലിറങ്ങി നടക്കാന്‍ കഴിയാത്ത അവസ്ഥയിലാണ്. വിദ്യാര്‍ഥികളെ സ്കൂളില്‍ വിടുന്നതിന് രക്ഷാകര്‍ത്താക്കളും ഭയക്കുന്നു. തെരുവു നായ്ക്കളെ പിടികൂടി വന്ധ്യംകരണം നടത്തുന്ന പദ്ധതി തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ വഴി നടത്താന്‍ ആവിഷ്കരിച്ചിട്ടുണ്ടെങ്കിലും സുപ്രീംകോടതി വിധിയെയും മേനക ഗാന്ധിയെയും കുറ്റപ്പെടുത്തി ഒഴിഞ്ഞുമാറുകയാണ് അധികൃതര്‍. പ്രദേശത്തെ ജനവാസം കൂടിയ മേഖലയിലും സ്കൂളിന് മുന്നിലും തെരുവുനായ്ക്കളുടെ ശല്യം ഓരോ ദിവസം കഴിയുന്തോറും വര്‍ധിച്ചുവരുന്നത് ജനങ്ങളെ ആശങ്കയിലാക്കുന്നു. സന്ധ്യമയങ്ങുന്നതോടെ തെരുവുനായ്ക്കള്‍ ഇരുചക്ര വാഹന യാത്രികര്‍ക്കും ഭീഷണിയാകുന്നു. പ്രദേശത്ത് മാലിന്യം വലിച്ചെറിയുന്നത് തെരുവുനായ്ക്കള്‍ക്ക് തുണയാകുന്നു. തെരുവുനായ്ക്കളുടെ വന്ധ്യംകരണത്തിന് വേണ്ട നടപടി അധികൃതരുടെ ഭാഗത്ത് നിന്നുണ്ടാകാത്തത് പരക്കെ ആക്ഷേപത്തിനിടയാക്കിയിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.