തിരുവനന്തപുരം റെയില്‍വേ സ്റ്റേഷനില്‍ ഇന്നുമുതല്‍ സൗജന്യ വൈ-ഫൈ

തിരുവനന്തപുരം: തിരുവനന്തപുരം സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷനില്‍ വെള്ളിയാഴ്ച മുതല്‍ യാത്രക്കാര്‍ക്ക് സൗജന്യ വൈ-ഫൈ ആസ്വദിക്കാം. ഗൂഗ്ളുമായി സഹകരിച്ച് റെയില്‍ ടെല്‍ കോര്‍പറേഷനാണ് സന്ദര്‍ശകര്‍ക്കും റെയില്‍ ഉപഭോക്താക്കള്‍ക്കും ഉയര്‍ന്ന വേഗവും ഉന്നതനിലവാരവുമുള്ള ഇന്‍റര്‍നെറ്റ് വൈ-ഫൈ സൗകര്യം നല്‍കുന്നത്. നിലവില്‍ എറണാകുളം ജങ്ഷന്‍, കോഴിക്കോട്, തൃശൂര്‍ സ്റ്റേഷനുകളിലാണ് ഈ സൗകര്യമുള്ളത്. സ്റ്റേഷനിലത്തെിയ ശേഷം ഫോണില്‍ വൈ-ഫൈ ഓണാക്കുമ്പോള്‍ ഫോണ്‍ നമ്പര്‍ ടൈപ്പ് ചെയ്യാന്‍ ആവശ്യപ്പെടും. ടൈപ്പ് ചെയ്ത നല്‍കുന്ന ഫോണ്‍ നമ്പറിലേക്ക് തുടര്‍ന്ന് ഒ.ടി.പി കോഡ് എസ്.എം.എസ് ആയി ലഭിക്കും. ഈ കോഡ് വൈ-ഫൈ പാസ്വേഡായി ഉപയോഗിച്ച് ഇന്‍റര്‍നെറ്റില്‍ പ്രവേശിക്കാം. എല്ലാ പ്ളാറ്റ്ഫോമുകള്‍ക്കും പുറമേ, റിസര്‍വേഷന്‍ കൗണ്ടര്‍, ടിക്കറ്റ് കൗണ്ടര്‍, പ്രധാന കെട്ടിടം, രണ്ടാം കവാടം എന്നിവിടങ്ങളിലെല്ലാം വൈ-ഫൈ ലഭിക്കും. സെക്കന്‍ഡില്‍ മൂന്ന് എം.ബിയാണ് വേഗം. ആദ്യത്തെ അരമണിക്കൂറാണ് സൗജന്യമായി ലഭിക്കുക. തുടര്‍ന്നുള്ള ഉപയോഗത്തിന് കാശ് ഈടാക്കുമെന്നാണ് അറിയിച്ചിട്ടുള്ളതെങ്കിലും നിലവില്‍ ഇതിന് ക്രമീകരണം ഏര്‍പ്പെടുത്തിയിട്ടില്ല. റെയില്‍ ടെല്ലിന്‍െറ ‘റെയില്‍ വയര്‍’ എന്ന ബ്രോഡ്ബാന്‍ഡാണ് ഇന്‍റര്‍നെറ്റ് സേവനം ലഭ്യമാക്കുന്നത്. എ1, എ വിഭാഗത്തില്‍ ഉള്‍പ്പെട്ട സ്റ്റേഷനുകളിലാണ് വൈ-ഫൈ സംവിധാനം ഏര്‍പ്പെടുത്തുന്നത്. രാജ്യത്ത് 35സ്റ്റേഷനുകളില്‍ നിലവില്‍ വൈ-ഫൈ ലഭിക്കുന്നുണ്ട്. 15 സ്റ്റേഷനുകളില്‍കൂടി വൈകാതെ സംവിധാനം നിലവില്‍വരും. തിരുവനന്തപുരം റെയില്‍വേ സ്റ്റേഷനില്‍ വെള്ളിയാഴ്ച രാവിലെ 11ന് നടക്കുന്ന ചടങ്ങില്‍ ശശി തരൂര്‍ എം.പി സൗജന്യ വൈ-ഫൈ സംവിധാനം ഉദ്ഘാടനം ചെയ്യും. മേയര്‍ വി.കെ. പ്രശാന്ത്, എം.പിമാരായ സി.പി. നാരായണന്‍, പ്രഫ. റിച്ചാര്‍ഡ് ഹേ, സുരേഷ് ഗോപി, എം.എല്‍.എമാരായ വി.എസ്. ശിവകുമാര്‍, ഒ. രാജഗോപാല്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് വി.കെ. മധു എന്നിവര്‍ പങ്കെടുക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.