വര്‍ക്കല മേഖലയില്‍ തെരുവുനായ്ക്കള്‍ വിഹരിക്കുന്നു

വര്‍ക്കല: ടൗണിലും സമീപ പഞ്ചായത്തുകളിലും തെരുവുനായ്ക്കള്‍ വിഹരിക്കുമ്പോഴും അധികൃതര്‍ക്ക് നിസ്സംഗത. തെരുവുനായ്ക്കളുടെ ആക്രമണത്തില്‍ വീടിന്‍െറ സിറ്റൗട്ടില്‍ കിടന്നുറങ്ങിയ വൃദ്ധന്‍ മരിച്ചതോടെ നാട്ടുകാര്‍ ഭീതിയില്‍. ബുധനാഴ്ച രാവിലെ മാത്രം വര്‍ക്കലയില്‍ മൂന്നുപേര്‍ക്കാണ് തെരുവുനായ്ക്കളുടെ കടിയേറ്റത്. അതില്‍ നായ്ക്കള്‍ കടിച്ചുകീറിയ മുണ്ടയില്‍ ചരുവിള വീട്ടില്‍ രാഘവന്‍ (90) ഉച്ചക്ക് രണ്ടരയോടെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ മരിക്കുകയും ചെയ്തു. രാവിലെ ആറേകാലോടെയായിരുന്നു രാഘവന് നായുടെ കടിയേറ്റത്. മുണ്ടയില്‍ സ്വദേശിയായ വീട്ടമ്മക്കും തെരുവുനായുടെ കടിയേറ്റു. പാപനാശം തീരത്ത് വിദേശ വിനോദസഞ്ചാരിയെയും തെരുവുനായ് ആക്രമിക്കുകയും കടിച്ച് പരിക്കേല്‍പിക്കുകയും ചെയ്തു. മൂന്നുദിവസം മുമ്പും പാപനാശത്ത് വിദേശിക്ക് കടിയേറ്റിരുന്നു. തെരുവുനായ്ക്കളുടെ ശല്യവും ആക്രമണവുംകൊണ്ട് പൊറുതിമുട്ടിയ നാട്ടുകാര്‍ അധികൃതര്‍ക്ക് നിരവധി തവണ പരാതി നല്‍കിയിരുന്നു. ഇതില്‍ നടപടിയുണ്ടാകാത്തത് നാട്ടുകാരെ രോഷാകുലരാക്കിയിട്ടുണ്ട്. വര്‍ക്കല താലൂക്കാശുപത്രിയില്‍ മാത്രം ഓരോമാസവും തെരുവുനായ്ക്കളുടെ കടിയേറ്റ് എത്തുന്നവരുടെ എണ്ണം നൂറോളമാണ്. അതില്‍ ഭൂരിഭാഗവും ഗുരുതരമായി പരിക്കേറ്റ് എത്തുന്നവരാണ്. ഇവരെ പ്രാഥമിക ചികിത്സ നല്‍കി തിരുവനന്തപുരം മെഡിക്കല്‍ കോളജിലേക്കോ ജനറല്‍ ആശുപത്രിയിലേക്കോ അയക്കുകയാണ് ചെയ്യുന്നത്. ഏതാനും മാസങ്ങള്‍ക്കുമുമ്പ് അയിരൂരില്‍ വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടുനിന്ന നാലുവയസ്സുകാരിയെ നായ് ആക്രമിച്ചിരുന്നു. കുഞ്ഞിന്‍െറ മുഖം നായ് കടിച്ചുകീറി. ആഴ്ചകള്‍ക്കു ശേഷം വര്‍ക്കല എസ്.ഐയെ തേരകുളത്തിനു സമീപം നായ് കടിച്ച് പരിക്കേല്‍പിച്ച സംഭവവും ഉണ്ടായി. നഗരസഭാ പ്രദേശത്തും പഞ്ചായത്ത് പ്രദേശത്തുമൊക്കെ തെരുവുനായ്ക്കള്‍ കൂട്ടത്തോടെ അലഞ്ഞുതിരിയുന്നത് പതിവുകാഴ്ചയാണ്. പബ്ളിക് മാര്‍ക്കറ്റുകള്‍, ആശുപത്രി പരിസരങ്ങള്‍, നാല്‍ക്കവലകള്‍, ബസ്സ്റ്റാന്‍ഡുകള്‍, റെയില്‍വേ സ്റ്റേഷന്‍ പ്ളാറ്റ്ഫോമുകള്‍ തുടങ്ങി പൊതുഇടങ്ങളിലെല്ലാം നായ്ക്കള്‍ കൂട്ടമായി വിഹരിക്കുകയാണ്. തീരദേശമേഖലയായ കാപ്പില്‍ ഭാഗത്ത് നായ് കടിയേറ്റ സംഭവങ്ങള്‍ നിരവധിയാണ്. കാപ്പില്‍, വെറ്റക്കട, ശ്രീയേറ്റ്, മാന്തറ, ഓടയം, തിരുവമ്പാടി, ഹെലിപാഡ്, പാപനാശം, ചിലക്കൂര്‍, വള്ളക്കടവ് എന്നിവിടങ്ങളിലും നായ് ശല്യം രൂക്ഷമാണ്. വെട്ടൂര്‍ പഞ്ചായത്തിലെ തീരമേഖലയിലും നാട്ടിന്‍പുറങ്ങളിലും ഇലകമണ്‍, ചെമ്മരുതി, ചെറുന്നിയൂര്‍ പഞ്ചായത്ത് പ്രദേശങ്ങളിലും ശല്യം വ്യാപകമാണ്. വര്‍ക്കല റെയില്‍വേ സ്റ്റേഷന്‍ പ്ളാറ്റ്ഫോമുകള്‍, താലൂക്കാശുപത്രി പരിസരം, പുന്നമൂട്, പുത്തന്‍ചന്ത മാര്‍ക്കറ്റുകള്‍ എന്നിവിടങ്ങളില്‍ നാട്ടുകാര്‍ ഭീതിയോടെയാണ് കടന്നുപോകുന്നത്. അറവുമാലിന്യം, ഹോട്ടല്‍ വേസ്റ്റുകള്‍, ഗാര്‍ഹിക മാലിന്യം എന്നിവ പൊതുനിരത്തുകളില്‍ വന്‍തോതില്‍ നിക്ഷേപിക്കുന്നതാണ് നായ്ക്കള്‍ കൂട്ടത്തോടെ എത്താന്‍ കാരണം. പാപനാശം ടൂറിസം മേഖലയിലും ആശുപത്രി പരിസരങ്ങളിലും വര്‍ക്കലയിലെ പാതയോരങ്ങളുമൊക്കെ വൃത്തിഹീനവും മാംസാവശിഷ്ടങ്ങളാല്‍ നിറഞ്ഞതുമാണ്. അയിരൂരില്‍ നാലുവയസ്സുകാരന് തെരുവുനായ്ക്കളുടെ കടിയേറ്റ സമയത്ത് നഗരസഭയും ഗ്രാമപഞ്ചായത്തുമൊക്കെ വിവിധ പ്രഖ്യാപനങ്ങളുമായി രംഗത്തത്തെിയെങ്കിലും ഫലമൊന്നുമുണ്ടായില്ല. തെരുവുനായ്ക്കളെ പിടികൂടി വന്ധ്യംകരണം നടത്തണമെന്നും അതിനായി പ്രത്യേക പദ്ധതി ആവിഷ്കരിച്ച് നടപ്പാക്കുകയും മതിയായ പണം ലഭ്യമാക്കുമെന്നുമൊക്കെയാണ് അധികൃതര്‍ പറഞ്ഞത്. പക്ഷേ, നഗരസഭയിലോ വര്‍ക്കല മേഖലയിലെ പഞ്ചായത്തുകളിലോ അത്തരം നടപടി ഉണ്ടായില്ല.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.