കുറ്റിച്ചലില്‍ പട്ടികജാതി ഫണ്ട് വിനിയോഗത്തില്‍ ക്രമക്കേടെന്ന്

കാട്ടാക്കട: കുറ്റിച്ചല്‍ ഗ്രാമപഞ്ചായത്തില്‍ പട്ടികജാതി ഫണ്ട് വിനിയോഗത്തില്‍ വ്യാപക ക്രമക്കേടെന്ന്. 10 വര്‍ഷത്തിനുള്ളില്‍ കോടിക്കണക്കിന് രൂപ ചെലവിട്ടതായാണ് രേഖകള്‍. എന്നാല്‍, പഞ്ചായത്തിലെ മിക്ക പട്ടികജാതി കുടുംബങ്ങളും അടിസ്ഥാന സൗകര്യങ്ങള്‍പോലും ഇല്ലാതെ ബുദ്ധിമുട്ടുകയാണ്. ചെലവിട്ടതായി പറയുന്ന പല പദ്ധതികളും ‘കടലാസില്‍’ മാത്രമാണ് യാഥാര്‍ഥ്യമായത്. കുറ്റിച്ചല്‍ പഞ്ചായത്തിലെ 14 വാര്‍ഡിലായി എത്ര ഹരിജന്‍ കോളനികളുണ്ടെന്ന് 2016 ജൂലൈ 25ന് നല്‍കിയ വിവരാവകാശ ചോദ്യത്തിന് 13 എന്നായിരുന്നു മറുപടി. എന്നാല്‍, 2016 ഒക്ടോബര്‍ ഒന്നിന് ഇതേ ചോദ്യം ആവര്‍ത്തിച്ചപ്പോള്‍ ലഭിച്ചത് 34 കോളനികളുണ്ടെന്നാണ്. കൂടാതെ, ആദ്യം നല്‍കിയ മറുപടിയിലെ ചില കോളനികള്‍ പിന്നീടുള്ള മറുപടിയില്‍ അപ്രത്യക്ഷമായിട്ടുമുണ്ട്. സംവരണ സംരക്ഷണ സേനാ പ്രവര്‍ത്തകന്‍ മോഹനനാണ് ഇതുസംബന്ധിച്ച് വിവരാവകാശ അപേക്ഷ നല്‍കിയത്. പഞ്ചായത്തില്‍ പട്ടികജാതി ഫണ്ട് വിനിയോഗത്തില്‍ ക്രമക്കേട് നടന്നതായും ഇത് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടും സംവരണ സംരക്ഷണസേന വിജിലന്‍സ്, പട്ടികജാതി ക്ഷേമ വകുപ്പ് എന്നിവര്‍ക്ക് പരാതി നല്‍കിയിരുന്നു. ഇതിന്‍െറ അടിസ്ഥാനത്തില്‍ വിജിലന്‍സ് അന്വേഷണവും ആരംഭിച്ചിട്ടുണ്ട്. 2000 മുതല്‍ 2015 വരെ പട്ടികജാതി വിഭാഗത്തിനുള്ള പല ഫണ്ടും വക മാറ്റി ചെലവഴിച്ചതായാണ് പ്രധാന ആരോപണം. പട്ടികജാതി കോളനികളിലേക്കുള്ള റോഡ് നിര്‍മാണം, വൈദ്യുതിലൈന്‍ നീട്ടല്‍, കുടിവെള്ള പദ്ധതികള്‍ ഇവ എല്ലാം നടപ്പാക്കിയത് മറ്റ് പ്രദേശങ്ങളിലാണ്. പഞ്ചായത്ത് ഓഫിസില്‍ ഫോട്ടോസ്റ്റാറ്റ് മെഷീന്‍ വാങ്ങാന്‍ വരെ എസ്.സി ഫണ്ട് ചെലവിട്ടിട്ടുണ്ടെന്ന് വിജിലന്‍സിന് ലഭിച്ച പരാതിയില്‍ പറയുന്നു. 2014-15 വര്‍ഷം പട്ടികജാതിക്കാര്‍ക്ക് വിദേശത്ത് ജോലി തേടാന്‍ 3,64,000 രൂപയും തൊഴില്‍ രഹിതര്‍ക്ക് ലേബര്‍ ബാങ്ക് തുടങ്ങാന്‍ ഒന്നര ലക്ഷം രൂപയും ചെലവിട്ടതായി പറയുന്നുണ്ടെങ്കിലും ഇതിന്‍െറ ഗുണഭോക്താക്കള്‍ ആരെന്ന് വ്യക്തമാക്കുന്നില്ല. ഈ പദ്ധതിപ്രകാരം പട്ടികജാതി വിഭാഗത്തിലുള്ള ആര്‍ക്കും ആനൂകൂല്യം ലഭിച്ചിട്ടില്ളെന്നും സംവരണ സംരക്ഷണ സേന വ്യക്തമാക്കുന്നു. നെല്ലിക്കുന്ന് അങ്കണവാടിയില്‍ ചില്‍ഡ്രന്‍സ് പാര്‍ക്ക് പണിയാന്‍ 2015ല്‍ ഒന്നരലക്ഷം രൂപ ചെലവിട്ടതായാണ് രേഖകള്‍. ഈ അങ്കണവാടിയില്‍ കുട്ടികള്‍ക്ക് ഇരിക്കാന്‍ ഒരു കസേര പോലുമില്ളെന്നതാണ് യാഥാര്‍ഥ്യം. 1,55,006 രൂപ ചെലവിട്ട് പട്ടികജാതി വിദ്യാര്‍ഥികള്‍ക്ക് 2015ല്‍ ലാപ്ടോപ് നല്‍കിയതായി രേഖകളിലുണ്ട്. എന്നാല്‍, ആര്‍ക്കാണ് നല്‍കിയതെന്നുമാത്രം അധികൃതര്‍ വ്യക്തമാക്കുന്നില്ല. അഞ്ചുവര്‍ഷംകൊണ്ട് 50 ലക്ഷത്തിലേറെ രൂപ പഞ്ചായത്തില്‍ പട്ടികജാതി വിഭാഗത്തിന്‍െറ വികസനത്തിന് ചെലവിട്ടതായും 250 പട്ടികജാതി കുടുംബങ്ങളുണ്ടെന്നും രേഖകളില്‍ പ്രതിപാദിക്കുന്നു. എന്നാല്‍, നിരവധി കുടുംബങ്ങള്‍ ഇപ്പോഴും സ്വന്തമായി വീടോ ശൗചാലയമോ ഇല്ലാതെ ബുദ്ധിമുട്ടുകയാണ്. ടാര്‍പ്പോളിന്‍കൊണ്ട് മറച്ച കുടിലുകളിലാണ് പല കുടുംബങ്ങളും താമസിക്കുന്നത്. ഇക്കാര്യങ്ങളെല്ലാം ചൂണ്ടിക്കാട്ടിയാണ് വിജിലന്‍സിന് പരാതി സമര്‍പ്പിച്ചിരിക്കുന്നത്. വിജിലന്‍സ് അന്വേഷണവും നടക്കുന്നുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.