വള്ളം രണ്ട്; യാത്രക്കാര്‍ നൂറിലധികം

വര്‍ക്കല: ഒരു കിലോമീറ്ററിലധികം ദൈര്‍ഘ്യമുള്ള കാപ്പില്‍-നെല്ളേറ്റില്‍ കടത്ത് ദുഷ്കരമാകുന്നു. ഇരുകരയില്‍നിന്നുമായി നൂറിലധികം യാത്രക്കാരാണ് ദൈനംദിനം സഞ്ചരിക്കുന്നത്. ഇടവ, ഇലകമണ്‍, പൂതക്കുളം ഗ്രാമപഞ്ചായത്തുകളിലെ കായല്‍ തീരവാസികളാണ് കടത്തിന്‍െറ ഗുണഭോക്താക്കള്‍. ഹരിഹരപുരം, തോണിപ്പാറ, കലയ്ക്കോട്, അയിരൂര്‍, കായല്‍പ്പുറം, നെല്ളേറ്റില്‍, കിളിമുക്കം, കാപ്പില്‍, മാവുനിന്നവിള എന്നിവിടങ്ങളിലുള്ളവര്‍ക്ക് കടത്ത് കടന്നുവേണം റോഡിലത്തെി ബസിലോ ട്രെയിനിലോ യാത്ര തുടരേണ്ടത്. കാപ്പില്‍ ആയുര്‍വേദ ആശുപത്രിയില്‍ കായലിന്‍െറ മറുകരയില്‍നിന്ന് നിരവധിപേര്‍ ഇപ്പോഴും ചികിത്സതേടി എത്തുന്നുണ്ട്. എന്നാല്‍, കടത്തുകാര്‍ ഈ തൊഴില്‍ ഉപേക്ഷിക്കാനുള്ള തയാറെടുപ്പിലാണത്രെ. കരാറടിസ്ഥാനത്തില്‍ പൂതക്കുളം ഗ്രാമപഞ്ചായത്താണ് നിലവില്‍ കടത്തുകാരന് വേതനം നല്‍കുന്നത്. 7150 രൂപയാണ് പ്രതിമാസ വേതനം. ഒരു ദിവസം കുറഞ്ഞത് 12 മണിക്കൂറിലധികമാണ് കടത്തുകാര്‍ പണിയെടുക്കുന്നത്. പൊതുമരാമത്ത് വകുപ്പിന് കീഴിലായിരുന്നു രാജഭരണ കാലത്തിനുശേഷം കടത്ത്. പിന്നീട് കാപ്പില്‍-നെല്ളേറ്റില്‍ കടത്ത് പൊതുമരാമത്ത് കൈയൊഴിഞ്ഞു. ഇപ്പോള്‍ പൂതക്കുളം പഞ്ചായത്താണ് കടത്ത് നിയന്ത്രിക്കുന്നത്. കൊല്ലം മൈനര്‍ ഇറിഗേഷന്‍ വകുപ്പാണ് വര്‍ഷത്തിലൊരിക്കല്‍ കടത്തുവള്ളങ്ങളുടെ ഫിറ്റ്നസ് നല്‍കുന്നത്.രാവിലെ ആറുമുതല്‍ വൈകീട്ട് ആറുവരെ അരമണിക്കൂര്‍ ഇടവിട്ടാണ് കാപ്പില്‍-നെല്ളേറ്റില്‍ കടത്തുവള്ളങ്ങള്‍ തുഴയുന്നത്. പകല്‍ കഴിഞ്ഞാല്‍ അക്കരെയിക്കരെ സഞ്ചരിക്കാന്‍ വള്ളമില്ലാതാകും. പ്രതിഷേധം ശക്തി പ്രാപിച്ചതിനത്തെുടര്‍ന്നാണ് ഒരു വ്യാഴവട്ടക്കാലം മുമ്പ് രാത്രി ഒമ്പതുമുതല്‍ 10 വരെ കടത്തുസര്‍വിസ് നടത്താന്‍ പൂതക്കുളം പഞ്ചായത്ത് ഒരു പാര്‍ട്ട് ടൈം കടത്തുകാരനെ നിയമിച്ചത്. ഒരുസമയം വള്ളത്തില്‍ 16 യാത്രക്കാരെ മാത്രമേ കൊണ്ടുപോകാന്‍ സാധിക്കൂ. ബാക്കിയുള്ളവര്‍ അരമണിക്കൂര്‍ കായല്‍ക്കരയില്‍ കാത്തുനില്‍ക്കണം. കാപ്പില്‍ ഗവ. എച്ച്.എസിനെ എച്ച്.എസ്.എസ് ആക്കിയശേഷം വിദ്യാര്‍ഥികളുടെ എണ്ണത്തിലും വര്‍ധനയുണ്ടായിട്ടുണ്ട്. തന്മൂലം ഇപ്പോള്‍ കടത്തിനെ ആശ്രയിക്കുന്നവരുടെ എണ്ണത്തില്‍ വന്‍ വര്‍ധനയുണ്ടായിട്ടുണ്ട്. പക്ഷേ, കൂടുതല്‍ വള്ളം നീറ്റിലിറക്കാന്‍ പഞ്ചായത്ത് തയാറുമല്ല. മൂന്നുവര്‍ഷം മുമ്പ് ഇടവ, ഇലകമണ്‍ പഞ്ചായത്തുകളിലെ കായല്‍ത്തീരങ്ങളില്‍ കഴിഞ്ഞ സര്‍ക്കാര്‍ കൂടുതല്‍ ബോട്ടുജെട്ടികളും സ്ഥാപിച്ചിരുന്നു. തീരദേശവാസികളുടെ യാത്രക്ക് പരിഹാരമുണ്ടാക്കാന്‍ കായല്‍ ടൂറിസത്തിന്‍െറ ഭാഗമായി സര്‍വിസ് ബോട്ടുകളും പരിഗണിച്ചിരുന്നു. എന്നാല്‍, കാപ്പില്‍ ബോട്ട് ക്ളബ് വികസനം രാഷ്ട്രീയ മുതലെടുപ്പില്‍പെട്ട് മുടങ്ങിയപ്പോള്‍ ബോട്ടുജെട്ടികളും അന്യാധീനമായി. ലക്ഷങ്ങള്‍ ചെലവിട്ട് കാപ്പില്‍, കായല്‍പ്പുറം, പള്ളിക്കത്തൊടി, ഹരിഹരപുരം തുടങ്ങി 12 ഇടങ്ങളില്‍ സ്ഥാപിച്ച ബോട്ടുജെട്ടികള്‍ കാടു കയറിയും സാമൂഹിക വിരുദ്ധരുടെ താവളമായും നശിക്കുകയാണ്. കായല്‍പരപ്പില്‍ യന്ത്രവത്കൃത സഞ്ചാര ബോട്ടുകള്‍ കാത്തിരുന്ന തീരദേശവാസികള്‍ ഇന്നും യാത്രാ ദുരിതത്തില്‍പെട്ട് ചക്രശ്വാസം വലിക്കുകയാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.