വന്യമൃഗശല്യം: കര്‍ണാടക മോഡല്‍ റെയില്‍ ഫെന്‍സിങ് വയനാട്ടിലും

മാനന്തവാടി: ആനശല്യം തടയുന്നതിനായി കര്‍ണാടക വനംവകുപ്പ് നടപ്പാക്കി വിജയിച്ച റെയില്‍ ഫെന്‍സിങ് വയനാട്ടിലും നടപ്പാക്കുന്നു. ഇതിന്‍െറ ഭാഗമായി സര്‍ക്കാര്‍ നിയോഗിച്ച വിദഗ്ധ സംഘം പദ്ധതി നടപ്പാക്കാനുദ്ദേശിക്കുന്ന സ്ഥലം സന്ദര്‍ശിച്ചു. വനംവകുപ്പ് നല്‍കിയ പ്രപ്പോസല്‍ സര്‍ക്കാര്‍ അംഗീകരിക്കുകയും വിദഗ്ധ പഠനത്തിനായി പ്രമുഖ ആന ശാസ്ത്രജ്ഞനായ കേരള ഫോറസ്റ്റ് റിസര്‍ച് ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഡോ. പി.എസ്. ഈസ, മഹാത്മ ഗാന്ധി സര്‍വകലാശാല സ്കൂള്‍ ഓഫ് സോഷ്യല്‍ സയന്‍സിലെ ഡോ. എസ്. രാജ്, മൂവാറ്റുപുഴ നിര്‍മല കോളജിലെ അസി. പ്രഫസര്‍ ജിജി കെ. ജോസഫ് എന്നിവരെ നിയോഗിക്കുകയും ചെയ്തു. ഇവര്‍ നോര്‍ത്ത് വയനാട് വനം ഡിവിഷനിലെ കൂടല്‍ക്കടവില്‍ എത്തി പരിശോധന നടത്തി. ഡി.എഫ്.ഒ നരേന്ദ്രനാഥ് വേളൂരി, നഗരസഭ കൗണ്‍സിലര്‍മാരായ ഹരി, മിനി വിജയന്‍, മുന്‍ ബ്ളോക്ക് പഞ്ചായത്ത് അംഗം സണ്ണി ചാലില്‍ എന്നിവരില്‍നിന്ന് വിവരങ്ങള്‍ ചോദിച്ചറിഞ്ഞു. ഇവര്‍ നല്‍കുന്ന റിപ്പോര്‍ട്ടിന്‍െറ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ സാങ്കേതികാനുമതി നല്‍കും. നോര്‍ത്ത് വയനാട്ടില്‍ 64 കി.മീ. റെയില്‍ ഫെന്‍സിങ് സ്ഥാപിക്കാനാണ് പ്രപ്പോസല്‍ നല്‍കിയത്. ഇതില്‍ കൂടല്‍ക്കടവ് മുതല്‍ നീര്‍വാരം വരെയുള്ള ആനശല്യം രൂക്ഷമായ ആറു കി.മീ. ദൂരം സ്ഥാപിക്കാനാണ് അനുമതി ലഭിച്ചത്. കിലോമീറ്ററിന് ഒന്നരക്കോടി ചെലവ് പ്രതീക്ഷിക്കുന്നതിനാല്‍ ഒമ്പതു കോടി രൂപയാണ് അനുവദിച്ചത്. 2017 മാര്‍ച്ചിനുമുമ്പ് നിര്‍മാണം പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. 1.2 മീറ്റര്‍ ആഴത്തിലും രണ്ടു മീറ്റര്‍ ഉയരത്തിലുമാണ് ഫെന്‍സിങ് സ്ഥാപിക്കുക. വെള്ളം കെട്ടിനില്‍ക്കുന്ന സ്ഥലങ്ങള്‍, ചതുപ്പുനിലങ്ങള്‍ എന്നിവിടങ്ങളില്‍ കോണ്‍ക്രീറ്റ് തൂണുകള്‍ സ്ഥാപിച്ചാണ് റെയില്‍ ട്രാക്ക് സ്ഥാപിക്കുക. പാലക്കാട്ടുനിന്ന് കോഴിക്കോട് വരെ റെയില്‍വേ എത്തിച്ചുനല്‍കും. അവിടെനിന്ന് നിര്‍മാണം നടക്കേണ്ട സ്ഥലത്ത് എത്തിക്കേണ്ട ചുമതല വനംവകുപ്പിനാണ്. സംസ്ഥാന സര്‍ക്കാറിന്‍െറ ‘കിഫ്ബി’യില്‍ ഉള്‍പ്പെടുത്തിയാണ് ഫണ്ട് അനുവദിച്ചത്. 25,000 മെട്രിക് ടണ്‍ ട്രാക്കാണ് ഒരു കി.മീ. ദൂരം നിര്‍മിക്കാന്‍ ആവശ്യമുള്ളത്. വാളയാറില്‍ ഇവ സ്ഥാപിക്കാന്‍ ആറു കോടി രൂപ അനുവദിച്ചിട്ടുണ്ട്. കര്‍ണാടകയിലെ നാഗര്‍ഹോളയില്‍ രണ്ടു വര്‍ഷം മുമ്പ് പരീക്ഷണാടിസ്ഥാനത്തില്‍ 10 കി.മീ. ദൂരം റെയില്‍ ഫെന്‍സിങ് സ്ഥാപിച്ചിരുന്നു. ഇതോടെ ഇവിടെ വന്യമൃഗശല്യം കുറഞ്ഞതോടെ ബന്ദിപ്പൂര്‍ മേഖലയിലും അപാകതകള്‍ പരിഹരിച്ച് നടപ്പാക്കിയത് വന്‍ വിജയമായിരുന്നു. വരുംവര്‍ഷങ്ങളില്‍ ആനശല്യമുള്ള മറ്റു ജില്ലകളിലും പദ്ധതി നടപ്പാക്കാനാണ് വനംവകുപ്പ് ലക്ഷ്യമിടുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.