തിരുവനന്തപുരം: ജില്ല റവന്യൂ സ്കൂള്‍ കായികമേളയില്‍ എതിരാളികളെ ബഹുദൂരം പിന്നിലാക്കി നെയ്യാറ്റിന്‍കര ചാമ്പ്യന്‍മാര്‍. 18 സ്വര്‍ണവും 12 വെള്ളിയും 10 വെങ്കലവുമടക്കം 168 പോയന്‍റുമായാണ് നെയ്യാറ്റികര കിരീടത്തില്‍ മുത്തമിട്ടത്. ആറു സ്വര്‍ണവും 13 വെള്ളിയും ഒമ്പത്വെങ്കലവുമടക്കം 107 പോയന്‍റുമായി കഴിഞ്ഞ വര്‍ഷത്തെ ചാമ്പ്യന്‍മാരായ തിരുവനന്തപുരം നോര്‍ത്തിന് രണ്ടാം സ്ഥാനംകൊണ്ട് തൃപ്തിപ്പെടേണ്ടിവന്നു. 31 പോയന്‍റുമായി പാറശ്ശാലയാണ് മൂന്നാം സ്ഥാനത്ത്. കഴിഞ്ഞ തവണ ഇഞ്ചോടിഞ്ച് പോരാട്ടത്തില്‍ നഷ്ടമായ കിരീടം ഇത്തവണ നെയ്യാറ്റിന്‍കര വന്‍ ഭൂരിപക്ഷത്തില്‍ തിരിച്ചുപിടിക്കുകയായിരുന്നു. 10 വര്‍ഷത്തിലേറെയായി നോര്‍ത്ത് കൈയടക്കി വെച്ചിരുന്ന കിരീടം രണ്ടു വര്‍ഷം മുമ്പാണ് നെയ്യാറ്റിന്‍കര പിടിച്ചെടുത്തത്. എന്നാല്‍, കഴിഞ്ഞ വര്‍ഷം അഞ്ച് പോയന്‍റിന്‍െറ വ്യത്യാസത്തില്‍ നോര്‍ത്ത് കീരീടം തിരിച്ചുപിടിച്ചു. റിലേ മത്സരങ്ങളിലെ മുന്‍തൂക്കമാണ് അന്ന് നോര്‍ത്തിന് വിജയം സമ്മാനിച്ചത്. എന്നാല്‍, ഇത്തവണ അതേ റിലേ മത്സരങ്ങളില്‍ നാലു സ്വര്‍ണവും നാലുവെള്ളിയും നേടി നെയ്യാറ്റിന്‍കര ശക്തമായ തിരിച്ചുവരവ് നടത്തുകയായിരുന്നു. 51 പോയന്‍റുമായി എം.വി.എച്ച്.എസ്.എസ് അരുമാനൂരാണ് (നെയ്യാറ്റിന്‍കര) സ്കൂള്‍തലത്തിലെ ചാമ്പ്യന്‍മാര്‍. ഏഴു സ്വര്‍ണവും നാലു വെള്ളിയും അത്രതന്നെ വെങ്കലവും നേടിയാണ് അരുമാനൂര്‍ ഇത്തവണയും മികച്ച കായിക സ്കൂളിനുള്ള പുരസ്കാരം നേടിയത്. ഈ സ്കൂളിലെ കായികാധ്യാപകരായ സജീവ്, വി.പി. അനില്‍ എന്നിവരാണ് ഈ വര്‍ഷത്തെ മികച്ച കായിക അധ്യാപകര്‍. ആറു സ്വര്‍ണവും മൂന്നുവീതം വെള്ളിയും വെങ്കലവുമടക്കം 42 പോയന്‍റുനേടിയ നെയ്യാറ്റികര ഉപജില്ലയിലെ പി.കെ.എസ്.എച്ച്.എസ്.എസ് കാഞ്ഞിരംകുളം രണ്ടാം സ്ഥാനത്തും 30 പോയന്‍റുമായി ഹോളി ഏഞ്ചല്‍സ് കോണ്‍വന്‍റ് മൂന്നാം സ്ഥാനത്തും എത്തി. ജില്ലയുടെ ഈ വര്‍ഷത്തെ മികച്ച കായികതാരം സായിയുടെ മേഘ മറിയം മാത്യുവാണ്. ഷോട്ട്പുട്ട്, ഡിസ്കസ് ത്രോ, ഹാമര്‍ ത്രോ വിഭാഗങ്ങളില്‍ ട്രിപിള്‍ സ്വര്‍ണം നേടിയ മേഘ, ഈ മാസം കോയമ്പത്തൂരില്‍ നടന്ന ദേശീയ ജൂനിയര്‍ അത്ലറ്റിക് മീറ്റില്‍ ഷോട്ട്പുട്ടില്‍ സ്വര്‍ണം നേടിയിരുന്നു. സബ് ജൂനിയര്‍ ആണ്‍കുട്ടികളില്‍ സായിയുടെ അനന്തുവും പെണ്‍കുട്ടികളില്‍ ഹോളി ഏഞ്ചല്‍സ് കോണ്‍വന്‍റ് എച്ച്.എസിലെ ദേവിക എസ് മധുവും വ്യക്തിഗത ചാമ്പ്യന്‍മാരായി. ജൂനിയര്‍ വിഭാഗം ആണ്‍കുട്ടികളില്‍ സായിയുടെ ജഗന്നാഥും പെണ്‍കുട്ടികളില്‍ മേഘ മറിയം മാത്യുവും ചാമ്പ്യന്‍മാരായപ്പോള്‍ സീനിയര്‍ വിഭാഗത്തില്‍ ട്രിപിള്‍ സ്വര്‍ണം നേടിയ സായിയുടെ അഭിനന്ദ് സുന്ദരേശന്‍, അഞ്ജലി അനില്‍കുമാര്‍ (എം.വി.എച്ച്.എസ്.എസ് അരുമാനൂര്‍) എന്നിവരാണ് വ്യക്തിഗത പോയന്‍റ് പട്ടികയില്‍ മുന്നിലത്തെിയത്. ബ് ജൂനിയര്‍ ആണ്‍-പെണ്‍, ജൂനിയര്‍ ആണ്‍-പെണ്‍, സീനിയര്‍ പെണ്‍കുട്ടികള്‍ എന്നീ വിഭാഗങ്ങളില്‍ നെയ്യാറ്റിന്‍കര ഉപജില്ല ചാമ്പ്യന്‍മാരായപ്പോള്‍ സീനിയര്‍ ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ തിരുവനന്തപുരം നോര്‍ത്ത് ചാമ്പ്യന്‍മാരായി. കാര്യവട്ടം എല്‍.എന്‍.സി.പി.ഇ ഗ്രൗണ്ടില്‍ നടന്ന സമാപന സമ്മേളനം ജില്ല പഞ്ചായത്ത് പ്രസിഡന്‍റ് വി.കെ. മധു ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ എം.കെ. ഷൈന്‍മോന്‍ അധ്യക്ഷത വഹിച്ചു. എച്ച്.എസ്.ഇ റീജനല്‍ ഡെപ്യൂട്ടി ഡയറക്ടര്‍ പി. മുരളീധരന്‍ നായര്‍ സ്വാഗതം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.