1499 ജലസംരക്ഷണ പരിപാടികളുമായി ഹരിതകേരളം

തിരുവനന്തപുരം: ഹരിതകേരളം മിഷന്‍െറ ഉദ്ഘാടനത്തിന് ജില്ലയിലെ 1499 ജലസംരക്ഷണ പരിപാടികള്‍ സംഘടിപ്പിക്കും. ഉദ്ഘാടനദിവസമായ ഡിസംബര്‍ എട്ടിന് ഗ്രാമപഞ്ചായത്ത് വാര്‍ഡുകളിലാണ് ഇത്തരം പരിപാടികള്‍ സംഘടിപ്പിക്കുന്നത്. നീരുറവകളുടെയും ജലാശയങ്ങളുടെയും നവീകരണം, പുനരുജ്ജീവനം, താല്‍ക്കാലിക തടയണകളുടെ നിര്‍മാണം തുടങ്ങിയവയാണ് തൊഴിലുറപ്പ് പദ്ധതി ഏകോപനത്തോടെ ഹരിതകേരളം മിഷന്‍െറ ഭാഗമായി നടപ്പാക്കുന്നത്. നവകേരളം ജില്ല മിഷന്‍ ടാസ്ക് ഫോഴ്സുമായി കലക്ടറേറ്റില്‍ നടന്ന മുഖ്യമന്ത്രിയുടെ വിഡിയോ കോണ്‍ഫറന്‍സിലാണ് ജില്ലയുടെ ചുമതലയുള്ള മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ഇക്കാര്യം അറിയിച്ചത്. വേനല്‍മഴ നഷ്ടമാകാത്ത തരത്തില്‍ ജില്ലയിലെ പരിപാടികള്‍ ഊര്‍ജിതമാക്കാനുള്ള ശ്രമമാണ് നടത്തുന്നതെന്നും ഇതിനോടകം 62,000 മഴക്കുഴികള്‍ തയാറായെന്നും തൊഴിലുറപ്പ് പ്രോഗ്രാം ജോയന്‍റ് പ്രോഗ്രാം കോ ഓഡിനേറ്റര്‍ ബി. പ്രേമാനന്ദ് പറഞ്ഞു. ജില്ലയിലെ എല്ലാ സര്‍ക്കാര്‍ ആശുപത്രിയിലും പ്രാഥമിക - സാമൂഹിക ആരോഗ്യ കേന്ദ്രങ്ങളിലും ഡിസംബര്‍ എട്ടിന് ശുചീകരണം നടത്തും. ആരോഗ്യ വകുപ്പ് സന്നദ്ധസംഘടനകളുടെ സഹായത്തോടെയാണ് ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുക. ഉറവിട ശുചീകരണം സംബന്ധിച്ച് സര്‍വേ നടത്താനുള്ള പ്രാരംഭഘട്ട പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായതായി ശുചിത്വമിഷന്‍ അറിയിച്ചു. വിദ്യാര്‍ഥികള്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍, ആശാ പ്രവര്‍ത്തകര്‍, യുവജന സംഘടനകള്‍, എന്‍.എസ്.എസ്, എന്‍.സി.സി, സ്റ്റുഡന്‍റ് പൊലീസ് കാഡറ്റുകള്‍, മതസ്ഥാപനങ്ങള്‍ തുടങ്ങി എല്ലാ മേഖലകളിലുമുള്ളവരെ ഒന്നിച്ചു ചേര്‍ത്ത് ഒരുദിവസം കൊണ്ട് സര്‍വേ പൂര്‍ത്തിയാക്കാനാണ് തീരുമാനം. വിവരസാങ്കേതികവിദ്യ ഉപയോഗിച്ച് മൊബൈല്‍ഫോണ്‍ ആപ് വഴിയാകും സര്‍വേ നടത്തുക. 30 വീടിന് ഒരു സര്‍വേ ടീം എന്ന നിലയില്‍ 30,000 ടീമാണ് ജില്ലയില്‍ ഇതിന് സജ്ജമാകുന്നത്. ഒരു വിദ്യാര്‍ഥിയും മുതിര്‍ന്ന വ്യക്തിയും അടങ്ങുന്നതായിരിക്കും ടീം. വിഷമുക്ത പച്ചക്കറികള്‍ ഉല്‍പാദിപ്പിക്കാനുള്ള സമഗ്ര പദ്ധതിയാണ് കൃഷിവകുപ്പ് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുമായി ചേര്‍ന്ന് നടപ്പാക്കുക. ഇതിന് ബുധനാഴ്ച ഉദ്യോഗസ്ഥരുടെ അടിയന്തര യോഗം ചേര്‍ന്ന് കര്‍മപദ്ധതി രൂപവത്കരിക്കുമെന്നും കൃഷിവകുപ്പ് അധികൃതര്‍ അറിയിച്ചു. പദ്ധതികളുടെ നടത്തിപ്പുമായി ബന്ധപ്പെട്ട് ഡിസംബര്‍ ഒന്നിന് ജില്ലയിലെ എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും ഹരിതകേരളം അജണ്ടയാക്കി അടിയന്തര ഭരണസമിതി യോഗം ചേരാന്‍ ജില്ല മിഷന്‍ യോഗം ബന്ധപ്പെട്ടവര്‍ക്ക് നിര്‍ദേശം നല്‍കി. പദ്ധതിയുമായി ബന്ധപ്പെട്ട് ജില്ലയില്‍ വിപുലമായ പ്രചാരണ പരിപാടികളാണ് നടത്തുക. ഡിസംബര്‍ അഞ്ചിന് ജില്ലയിലുടനീളം വിളംബരഘോഷയാത്ര സംഘടിപ്പിക്കും. യോഗത്തില്‍ മേയര്‍ വി.കെ. പ്രശാന്ത്, ജില്ല പഞ്ചായത്ത് പ്രസിഡന്‍റ് വി.കെ. മധു, ജില്ല കലക്ടര്‍ എസ്. വെങ്കടേസപതി, ജില്ല മിഷന്‍ ടാസ്ക് ഫോഴ്സ് നോഡല്‍ ഓഫിസര്‍, വിജിലന്‍സ് ഡെപ്യൂട്ടി കലക്ടര്‍ വി.ആര്‍. വിനോദ്, ജനപ്രതിനിധികള്‍, ജില്ലതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.