വലിയതുറ എഫ്.സി.ഐ ഗോഡൗണില്‍ അരിവിതരണം ഇന്ന് ആരംഭിക്കും

വലിയതുറ: അട്ടിക്കൂലിയെച്ചൊല്ലിയുള്ള തര്‍ക്കം തല്‍ക്കാലം പരിഹരിച്ചു. വലിയതുറ എഫ്.സി.ഐ ഗോഡൗണില്‍നിന്നുള്ള റേഷന്‍ അരി വിതരണം ബുധനാഴ്ച ആരംഭിക്കും. എ.ഡി.എമ്മിന്‍െറയും ഡി.എസ്.ഒയുടെയും നേതൃത്വത്തില്‍ തൊഴിലാളി യൂനിയന്‍ പ്രതിനിധികളുമായി കലക്ടറേറ്റില്‍ നടത്തിയ ചര്‍ച്ചയിലാണ് അട്ടിക്കൂലി വിഷയം പരിഹരിച്ചത്. ബുധനാഴ്ച മുതല്‍ ജില്ലയിലെ റേഷന്‍ വിതരണം സാധാരണനിലയില്‍ പുനരാരംഭിക്കുമെന്ന് ജില്ല സപൈ്ള ഓഫിസര്‍ ‘മാധ്യമ’ത്തോട് പറഞ്ഞു. നിലവില്‍ മൊത്തവിതരണക്കാര്‍ തൊഴിലാളികള്‍ക്ക് നല്‍കുന്ന അട്ടിക്കൂലി നല്‍കാന്‍ കഴിയില്ളെന്ന് സര്‍ക്കാര്‍ അറിയിച്ചതോടെയാണ് സംസ്ഥാനത്ത് എഫ്.സി.ഐയിലെ തൊഴിലാളികള്‍ പ്രതിഷേധവുമായി രംഗത്തുവന്നത്. തൊഴിലാളികള്‍ ഗോഡൗണുകളില്‍നിന്ന് ലോഡുകള്‍ കയറ്റുന്നതില്‍ നിന്ന് വിട്ടുനിന്നു. ഇതോടെ സംസ്ഥാനത്തെ റേഷന്‍ വിതരണം പൂര്‍ണമായും നിലച്ചു. തുടര്‍ന്ന് ഭക്ഷ്യമന്ത്രിയുടെ നേതൃത്വത്തില്‍ തൊഴിലാളി സംഘടന നേതാക്കളുടെ യോഗം വിളിച്ചു. ഭക്ഷ്യസുരക്ഷ നിയമത്തിന്‍െറ ഭാഗമായി മൊത്തവിതരണക്കാര്‍ക്ക് പകരം എഫ്.സി.ഐയില്‍നിന്ന് സര്‍ക്കാറാണ് ഭക്ഷ്യധാന്യം നേരിട്ട് എടുക്കുന്നതെന്നും ഇതുകാരണം അട്ടിക്കൂലി തുക ബില്‍ ഇല്ലാതെ ഇനിമുതല്‍ നല്‍കാന്‍ കഴിയില്ളെന്നും മന്ത്രി നിലപാടെടുത്തു. റേഷന്‍ പ്രതിസന്ധി കണക്കിലെടുത്ത് തൊഴിലാളികള്‍ ലോഡുകള്‍ കയറ്റണമെന്നും ഒരുമാസം കഴിഞ്ഞ് വിഷയം വീണ്ടും ചര്‍ച്ച ചെയ്യാമെന്നും മന്ത്രി അഭ്യര്‍ഥിച്ചിരുന്നു. ഇതോടെ തൊഴിലാളികള്‍ സമരം അവസാനിപ്പിച്ച് വലിയതുറ എഫ്.സി.ഐയിലെ തൊഴിലാളികള്‍ ഒഴികെ മറ്റ് എഫ്.സി.ഐയില്‍ ലോഡുകള്‍ കയറ്റുകയും ചെയ്തു. എന്നാല്‍, വലിയതുറ എഫ്.സി.ഐയില്‍ മൊത്തവിതരണക്കാര്‍ തൊഴിലാളികള്‍ക്ക് ചായക്കാശ് എന്നപേരില്‍ ഓരോ ലോഡിനും 550 വീതം നല്‍കിയിരുന്നു. ഇതാണ് പിന്നീട് അട്ടിക്കൂലിയെന്ന പേരില്‍ വിശേഷിപ്പിച്ചത്. അമിത ജോലിഭാരമുള്ള വലിയതുറ ഗോഡൗണില്‍ ചായക്കാശ് കിട്ടാതെ ലോഡുകള്‍ കയറ്റില്ളെന്ന് തൊഴിലാളികള്‍ തീരുമാനിച്ചു. നെയ്യാറ്റിന്‍കര, തിരുവനന്തപുരം താലൂക്കിലെ റേഷന്‍ വിതരണം പൂര്‍ണമായും മുടങ്ങി. ഇതോടെയാണ് കലക്ടറുടെ നിര്‍ദേശപ്രകാരം നടത്തിയ ചര്‍ച്ചയില്‍ പ്രശ്നപരിഹാരമായത്. യോഗതീരുമാനപ്രകാരം ഒരു മാസം ലോഡുകള്‍ കയറ്റുമെന്നും എന്നിട്ടും വിഷയത്തില്‍ അന്തിമ തീരുമാനമായില്ളെങ്കില്‍ പ്രതിഷേധവുമായി മുന്നോട്ട് പോകുമെന്നും തൊഴിലാളികള്‍ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.