അഴിമതി ആരോപണം; കോര്‍പറേഷന്‍ എന്‍ജിനീയറെയും സ്ഥലംമാറ്റി

തിരുവനന്തപുരം: അഴിമതി ആരോപണത്തെ തുടര്‍ന്ന് കോര്‍പറേഷന്‍ എന്‍ജിനീയറെ സ്ഥലംമാറ്റി. എന്‍ജിനീയര്‍ സുലൈമാനെയാണ് തദ്ദേശ സ്വയംഭരണ മന്ത്രി കെ.ടി. ജലീല്‍ ഇടപെട്ട് കോഴിക്കോടേക്ക് സ്ഥലംമാറ്റിയത്. കോഴിക്കോട് നോര്‍ത്ത് സര്‍ക്കിള്‍ സൂപ്രണ്ടിങ് എന്‍ജിനീയറായാണ് പുതിയ നിയമനം. കോഴിക്കോട്ട് ഈ തസ്തികയില്‍ ജോലി നോക്കിയിരുന്ന ജോളി വര്‍ഗീസാണ് പുതിയ എന്‍ജിനീയര്‍. അഴിമതി ആരോപണത്തെ തുടര്‍ന്ന് അസിസ്റ്റന്‍റ് എക്സിക്യൂട്ടിവ് എന്‍ജിനീയര്‍മാരായ അന്‍സാര്‍, ഹയറുന്നിസ, സത്യനാഥ് എന്നിവരെ രണ്ടുദിവസം മുമ്പ് സ്ഥലംമാറ്റിയിരുന്നു. നഗരത്തില്‍ ഫ്ളാറ്റ് നിര്‍മാണത്തിന് അനുമതിനല്‍കാന്‍ കൈക്കൂലി വാങ്ങുകയും കീഴ്ജീവനക്കാരികളോട് മോശമായി പെരുമാറുകയും തുടങ്ങി നിരവധി ആരോപണങ്ങളാണ് സുലൈമാനെതിരെ ഉണ്ടായിരുന്നത്. കൈക്കൂലി ആരോപണം അന്വേഷിക്കണമെന്നാവശ്യപ്പെട്ട് വിജിലന്‍സിന് മേയര്‍ കത്ത് നല്‍കിയിരിക്കെയാണ് നടപടി. സുലൈമാനെതിരെ നടപടിയെടുക്കാതിരിക്കാന്‍ ഭരണകക്ഷിയിലെ ചില നേതാക്കള്‍ തദ്ദേശവകുപ്പില്‍ സമ്മര്‍ദംചെലുത്തിയിരുന്നെങ്കിലും ഫലവത്തായില്ല. കഴിഞ്ഞയാഴ്ച കോര്‍പറേഷനിലെ എന്‍ജിനീയറിങ് വിഭാഗത്തിലെ ഉദ്യോഗസ്ഥരുടെ യോഗം കൂടിയപ്പോഴാണ് അഴിമതിയുടെ വ്യാപ്തിയെക്കുറിച്ച് ബോധ്യമായത്. ഇതോടെ എന്‍ജിനീയര്‍ക്കെതിരെ മന്ത്രി നടപടി എടുക്കുകയായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.