ജില്ലയില്‍ പരമാവധി മഴവെള്ള സംഭരണികള്‍ നിര്‍മിക്കും –മന്ത്രി

തിരുവനന്തപുരം: വരള്‍ച്ച നേരിടാന്‍ ജില്ലയില്‍ പരമാവധി മഴവെള്ള സംഭരണികള്‍ നിര്‍മിക്കുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന ജില്ലതല വരള്‍ച്ച പ്രതിരോധ പ്രവര്‍ത്തന അവലോകന യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. തൊഴിലുറപ്പു പദ്ധതിയില്‍ ഉള്‍പ്പെടുത്തി മഴവെള്ളം സംഭരിക്കുന്നതിന് നടപടികള്‍ ഊര്‍ജിതമാക്കും. എല്ലാ തോടുകളിലും 500 മീറ്റര്‍ അകലത്തില്‍ തടയണകള്‍ നിര്‍മിച്ച് ജലസംരക്ഷണം ഉറപ്പാക്കുമെന്നും മന്ത്രി വ്യക്തമാക്കി. വരള്‍ച്ച പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതപ്പെടുത്തുന്നതിന് എല്ലാ നിയോജകമണ്ഡലങ്ങളിലും എം.എല്‍.എമാര്‍ ചെയര്‍മാന്‍മാരായി മോണിറ്ററിങ് കമ്മിറ്റികള്‍ അടിയന്തരമായി രൂപവത്കരിക്കും. ഉദ്യോഗസ്ഥരുടെയും ജനപ്രതിനിധികളുടെയും പ്രാതിനിധ്യത്തോടെ രൂപവത്കരിക്കുന്ന സമിതി അതത് മണ്ഡലത്തിലെ ഓരോ പഞ്ചായത്തിലെയും പ്രവര്‍ത്തന പുരോഗതി വിലയിരുത്തും. കൂടാതെ, പഞ്ചായത്തുകള്‍ രൂപവത്കരിക്കുന്ന ടാസ്ക് ഫോഴ്സ് വരള്‍ച്ച അതിരൂക്ഷമായയിടങ്ങള്‍ കണ്ടത്തെി റിപ്പോര്‍ട്ട് ചെയ്യണം. തുടര്‍ന്ന് ബന്ധപ്പെട്ട മേഖലകളില്‍ സുലഭമായി ജലമത്തെിക്കാനുള്ള സൗകര്യമുറപ്പാക്കും. വരള്‍ച്ച രൂക്ഷമായയിടങ്ങളില്‍ ജി.പി.എസ് ഘടിപ്പിച്ച വാഹനങ്ങള്‍ വഴി വെള്ളമത്തെിക്കുന്നതിന് നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. നവീകരിക്കുന്ന കുളങ്ങളില്‍നിന്ന് ശേഖരിക്കുന്ന മണല്‍ വില്‍ക്കുന്നതിന് പഞ്ചായത്തുകള്‍ക്ക് അനുമതി നല്‍കണമെന്ന ആവശ്യം ഉയര്‍ന്നു വന്നിട്ടുണ്ട്. മന്ത്രിസഭയില്‍ ഇതുസംബന്ധിച്ച് തീരുമാനമെടുക്കുമെന്നും മന്ത്രി ഉറപ്പു നല്‍കി. ബഹുജനങ്ങളുടെ സഹകരണം ഉറപ്പാക്കിയുള്ള പ്രവര്‍ത്തനമാണ് വരള്‍ച്ച നിവാരണത്തിന് സര്‍ക്കാറിന്‍െറ നയമെന്നും കടകംപള്ളി പറഞ്ഞു. എം.എല്‍.എമാരായ ഡി. കെ. മുരളി, കെ. ആന്‍സലന്‍, കലക്ടര്‍ എസ്. വെങ്കടേസപതി, എ.ഡി.എം ജോണ്‍ വി. സാമുവല്‍ എന്നിവര്‍ സംസാരിച്ചു. ജനപ്രതിനിധികളും ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.