ചില്ലറയില്ലാതെ രണ്ടാഴ്ച, എല്ലാവരുടെയും കൈയില്‍ രണ്ടായിരം

തിരുവനന്തപുരം: എ.ടി.എമ്മുകളില്‍നിന്ന് ലഭിക്കുന്ന 2000 രൂപ നോട്ടുകള്‍ക്ക് ചില്ലറ ലഭിക്കാതെ ജനം വലയുന്നു. ഞായറാഴ്ച അവധിക്ക് പിന്നാലെ തിങ്കളാഴ്ച മിക്ക എ.ടി.എമ്മുകളില്‍നിന്നും ബാങ്ക് കൗണ്ടറുകളില്‍നിന്നും ലഭിച്ചത് 2000ന്‍െറ നോട്ടുകളാണ്. കൈയില്‍ പണമില്ലാത്തവര്‍ വേറെ വഴിയില്ലാതെ ഈ നോട്ടുകള്‍ സ്വീകരിക്കുന്നുണ്ടെങ്കിലും ചെലവാക്കാനാകാതെ വലയുകയാണ്. ബാങ്കുകളിലെ തിരക്കിന് അയവുണ്ടെങ്കിലും എ.ടി.എമ്മുകള്‍ക്ക് മുന്നില്‍ വരി നീളുകയാണ്. നഗരപ്രദേശങ്ങളിലെ എ.ടി.എമ്മുകളിലൊന്നും ചെറിയ നോട്ടുകളില്ളെന്നിരിക്കെ ഗ്രാമപ്രദേശങ്ങളിലെ പല എ.ടി.എമ്മുകളും പ്രവര്‍ത്തനസജ്ജമല്ല. പണം നിറച്ചിട്ടുള്ള എ.ടി.എമ്മുകളില്ളെല്ലാം നീണ്ടനിരയാണ്. ബാങ്ക് അധികൃതരുടെ കൈവശമുള്ള 100, 50 രൂപ നോട്ടുകള്‍ തീര്‍ന്നതാണ് എ.ടി.എമ്മുകളില്‍ 2000 മാത്രമായിശേഷിക്കാനുള്ള പ്രധാന കാരണം. പഴകിയതും ദ്രവിച്ചതുമായ നോട്ടുകള്‍ എ.ടി.എം മെഷിനുകളില്‍ നിക്ഷേപിക്കാന്‍ സാധിക്കാത്തതിനാല്‍ ഇവ പോസ്റ്റ് ഓഫിസുകള്‍ വഴിയും ബാങ്ക് കൗണ്ടറുകള്‍ വഴിയും വിതരണം ചെയ്തിരുന്നു. റിസര്‍വ് ബാങ്കില്‍ നിന്നത്തെിച്ച 100 രൂപ നോട്ടുകളും തീര്‍ന്നു കഴിഞ്ഞു. അസാധുനോട്ടുകള്‍ 23ന് മുമ്പ് റിസര്‍വ് ബാങ്കിലത്തെിക്കാന്‍ കഴിഞ്ഞദിവസം ബാങ്കുകളോട് നിര്‍ദേശിച്ചിരുന്നു. ഇതനുസരിച്ച് ബാങ്കുകള്‍ നടപടി തുടങ്ങിയിട്ടുമുണ്ട്. ഓരോ ചെസ്റ്റ് ബ്രാഞ്ചും 130 കോടി രൂപയുടെ അസാധുനോട്ടെങ്കിലും എത്തിക്കണമെന്നാണ് നിര്‍ദേശം. ഇതിന് ആനുപാതികമായ അളവില്‍ പുതിയ നോട്ടുകള്‍ ലഭിക്കുമെന്നാണ് കരുതുന്നത്. 13 ദിനം പിന്നിടുന്ന നോട്ടിനായുള്ള നെട്ടോട്ടവും ആശങ്കകളും എങ്ങനെ പരിഹരിക്കണമെന്ന് ബാങ്ക് അധികൃതര്‍ക്കും നിശ്ചയമില്ല. 500 രൂപ നോട്ട് എത്തുന്നതോടെ പ്രശ്നം പരിഹരിക്കുമെന്നാണ് ബാങ്ക്അധികൃതരുടെയും പ്രത്യാശ. എന്നാല്‍, തിങ്കളാഴ്ച വൈകീട്ടും എസ്.ബി.ടിയില്‍ അടക്കം പുതിയ 500 എത്തിയിട്ടില്ല. പൊതുവിപണിക്കൊപ്പം ജ്വല്ലറിയടക്കം വന്‍കിട സ്ഥാപനങ്ങളെയും നോട്ടുകളുടെ ക്ഷാമം വിഴുങ്ങിയിട്ടുണ്ട്. കോടിക്കണക്കിന് കച്ചവടം നടന്നിരുന്ന സ്ഥലങ്ങളില്‍ നേര്‍പകുതിയായി വ്യാപാരം ഇടിഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.