ജലക്രാന്തി: കാരോട് ജലസുരക്ഷ പദ്ധതിക്ക് അംഗീകാരം

തിരുവനന്തപുരം: ജില്ലയിലെ തെരഞ്ഞെടുക്കപ്പെട്ട രണ്ട് ജലഗ്രാമങ്ങളിലൊന്നായ കാരോട് ഗ്രാമപഞ്ചായത്തിന്‍െറ ജലദൗര്‍ലഭ്യം കുറക്കാനുള്ള ജലസുരക്ഷാപദ്ധതിക്ക് അംഗീകാരമായി. കലക്ടറുടെ അധ്യക്ഷതയില്‍ചേര്‍ന്ന ജലക്രാന്തി അഭിയാന്‍ ജില്ലാതല കമ്മിറ്റിയാണ് പദ്ധതിക്ക് അംഗീകാരം നല്‍കിയത്. ജലദൗര്‍ലഭ്യം കാരണം നെല്‍കൃഷി ഉപേക്ഷിച്ച കര്‍ഷകരെ തിരികെക്കൊണ്ടുവരുന്നതിനും ജലസ്രോതസ്സുകളെ പുനരുജ്ജീവിപ്പിക്കലുമാണ് പദ്ധതിയുടെ പ്രാഥമിക ലക്ഷ്യം. ഇതിനായി ഭൂഗര്‍ഭ ഉപരിതല ജലസ്രോതസ്സുകളെ സമന്വയിപ്പിച്ച് ജലവിതരണ പദ്ധതി പ്രാവര്‍ത്തികമാക്കും. പദ്ധതിയുടെ ഭാഗമായി കുഴല്‍ക്കിണറുകള്‍ കുഴിക്കുന്നതിനും അയിരാകുളം, പാങ്ങോട്ടുകുളം എന്നിവ നവീകരിക്കുന്നതിനും തീരുമാനമായി. മംഗലപുരം ഗ്രാമപഞ്ചായത്തിന്‍െറ ജലസുരക്ഷാ പദ്ധതി ഈ മാസം 28ന് മുമ്പ് അംഗീകാരത്തിനായി സമര്‍പ്പിക്കണമെന്നും കലക്ടര്‍ നിര്‍ദേശിച്ചു. ജലസംരക്ഷണം, ജലസംബന്ധമായ വിഷയങ്ങളില്‍ ജനങ്ങളില്‍ അവബോധം സൃഷ്ടിക്കല്‍ എന്നിവ ലക്ഷ്യമാക്കി കേന്ദ്രസര്‍ക്കാര്‍ ആവിഷ്കരിച്ച ജലക്രാന്തി അഭിയാന്‍ പ്രകാരമാണ് കാരോട്, മംഗലപുരം ഗ്രാമപഞ്ചായത്തുകളെ ജലഗ്രാമങ്ങളായി തെരഞ്ഞെടുത്തത്. യോഗത്തില്‍ കേന്ദ്ര ഭൂഗര്‍ഭ ജലബോര്‍ഡ് ശാസ്ത്രജ്ഞ വി.ആര്‍. റാണി, ദാരിദ്ര്യ ലഘൂകരണ വിഭാഗം പ്രോജക്ട് ഡയറക്ടര്‍ ജെ.എ. അനില്‍കുമാര്‍, മംഗലപുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് മംഗലപുരം ഷാഫി, ബന്ധപ്പെട്ട വകുപ്പുകളുടെ പ്രതിനിധികള്‍ എന്നിവര്‍ സംബന്ധിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.