നോട്ടിനായുള്ള നെട്ടോട്ടം ഏഴാംദിനത്തിലേക്ക്

തിരുവനന്തപുരം: ആറ് ദിനം പിന്നിടുന്ന നോട്ടിനായുള്ള നെട്ടോട്ടവും ആശങ്കകളും അരക്ഷിതാവസ്ഥക്ക് വഴിമാറുന്നു. ഇടപാടുകള്‍ സുഗമമാകാത്തതും അടിസ്ഥാന ആവശ്യങ്ങള്‍ക്ക് പോലും പണമില്ലാത്തതും മൂലം ജനജീവിതം സ്തംഭനാവസ്ഥയിലാണ്. നോട്ടുക്ഷാമം രൂക്ഷമായതിനാല്‍ ബാങ്കുകളില്‍ നിന്ന് ലഭിക്കുന്ന നോട്ടുകള്‍ നിര്‍ബന്ധിത സാഹചര്യത്തിലൊഴികെ ചെലവഴിക്കാന്‍ പോലും മടിക്കുകയാണ്. ഏഴാം ദിനത്തിലേക്ക് കടന്ന ചില്ലറക്ഷാമം ഏറ്റവും വലിയ ആഘാതം സൃഷ്ടിച്ചത് വിപണിയെയാണ്. പൊതുവിപണി ഒന്നാകെ കൂപ്പുകുത്തി. ലക്ഷങ്ങളുടെ കച്ചവടം നടന്നിരുന്ന ചാല, പാളയം എന്നിവിടങ്ങള്‍ ഇപ്പോള്‍ ശൂന്യമാണ്. പൊതുവിപണിക്കൊപ്പം ജ്വല്ലറി, വന്‍കിട സ്ഥാപനങ്ങള്‍ എന്നിവയെയും നോട്ടുക്ഷാമം വിഴുങ്ങിയിട്ടുണ്ട്. ഇവിടങ്ങളില്‍ വ്യാപാരമാന്ദ്യം പ്രകടമാണ്. കോടിക്കണക്കിന് കച്ചവടംനടന്നിരുന്ന സ്ഥലങ്ങളില്‍ നേര്‍പകുതിയായി വ്യാപാരം ഇടിഞ്ഞു. ചില്ലറ കച്ചവടക്കാര്‍ക്കൊപ്പം വന്‍കിടക്കാരെയും ചില്ലറയില്ലായ്മ ബുദ്ധിമുട്ടിലാക്കി. പ്രതിസന്ധി മറികടക്കാന്‍ പല ജ്വല്ലറികളും ബാങ്ക് ഡി.ഡികളും മറ്റും എടുക്കുമെന്ന് അറിയിപ്പ് നല്‍കിക്കഴിഞ്ഞു. വിവാഹസീസണില്‍ സംഭവിച്ച മാന്ദ്യം ജ്വല്ലറികള്‍ക്കും മറ്റും കോടികളുടെ നഷ്ടമാണ് വരുത്തിയിരിക്കുന്നത്. എ.ടി.എമ്മുകള്‍ മൂന്ന് ദിവസമായി ഭാഗികമായെങ്കിലും പ്രവര്‍ത്തിക്കുന്നതിനുപുറമേ അവധിദിവസങ്ങള്‍ കഴിഞ്ഞതും വ്യാപാരികള്‍ക്ക് പ്രതീക്ഷനല്‍കിയെങ്കിലും തിങ്കളാഴ്ച വൈകീട്ടോടെ നിരാശയായിരുന്നു ഫലം. ഓട്ടോടാക്സി തൊഴിലാളികള്‍ക്കും പറയാനുള്ളത് നഷ്ടകഥകള്‍ മാത്രമാണ്. ചില്ലറ നോട്ടുകളുടെ അഭാവം ജില്ലയിലെ കെട്ടിടനിര്‍മാണ മേഖലയെയും പ്രതിസന്ധിയിലാഴ്ത്തിയിരിക്കുന്നു. കെ.എസ്.ആര്‍.ടി.സിയിലും ചില്ലറക്ഷാമത്തിന് മാറ്റമില്ല. കടലില്‍ പോകുന്ന മത്സ്യത്തൊഴിലാളികളുടെ എണ്ണവും കുറഞ്ഞു. നഗരത്തിലെ എ.ടി.എമ്മുകളില്‍ പണം നിറക്കാന്‍ ബാങ്കുകള്‍ ശ്രദ്ധിക്കുന്നുണ്ടെങ്കിലും തീരപ്രദേശത്തെ മറന്നതായി തീരദേശവാസികള്‍ ആരോപിക്കുന്നു. ബാങ്കുകളില്‍ പണം മാറാനായി ഈ ഭാഗങ്ങളില്‍ ഇപ്പോഴും വന്‍ തിരക്കാണ്. മെഡിക്കല്‍കോളജ്, ആര്‍.സി.സി എന്നിവിടങ്ങളിലെ രോഗികള്‍ക്കും പണമില്ലായ്മ ഗുരുതരപ്രശ്നങ്ങള്‍ ഉണ്ടാക്കുകയാണ്. പരിശോധനകള്‍ക്കും ഭക്ഷണം കഴിക്കാനും പോലുമാകാതെ കഴിയുന്ന അനവധി പേര്‍ ഇവിടെയുണ്ട്. ഇവിടെയുള്ള ചില എ.ടി.എമ്മുകള്‍ അധികൃതര്‍ നിറച്ചെങ്കിലും പെട്ടെന്ന് കാലിയായി. പതിനായിരങ്ങള്‍ കഴിയുന്ന ഇവിടെ ചില്ലറയില്ലാതെ രോഗികളും കൂട്ടിരിപ്പുകാരും വലയുകയാണ്. സര്‍ക്കാര്‍ മെഡിക്കല്‍സ്റ്റോറുകളില്‍ അസാധുനോട്ടുകള്‍ സ്വീകരിക്കുമെന്ന് അറിയിച്ചിട്ടുണ്ടെങ്കിലും ഇവിടെ ലഭിക്കാത്ത മരുന്നുകള്‍ സ്വകാര്യ മെഡിക്കല്‍ സ്റ്റോറുകള്‍ മാത്രമാണ് ആശ്രയം. മരുന്ന് വാങ്ങാന്‍ എത്തുന്ന പലരും 2000 ന്‍െറ നോട്ട് നല്‍കി ബാക്കി ബുക്കില്‍ എഴുതിവാങ്ങിയാണ് കാര്യങ്ങള്‍ നടത്തുന്നത്. മെഡിക്കല്‍കോളജ് ഭാഗങ്ങളിലെ പൊതിച്ചോറ് സംഘങ്ങളില്‍ ഭൂരിപക്ഷവും ഇപ്പോള്‍ ഇവിടം ഒഴിഞ്ഞുകഴിഞ്ഞു. ചെറിയ തുകക്ക് ഭക്ഷണം നല്‍കുന്നവരാണ് പൊതിച്ചോറ് സംഘങ്ങള്‍. ബാക്കി നല്‍കാന്‍ ഇല്ലാതെ വന്നതോടെ താല്‍ക്കാലികമായി കച്ചവടം അവസാനിപ്പിക്കേണ്ടിവന്നത് രോഗികള്‍ക്കും ഇരുട്ടടിയായി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.