500, 1000 നോട്ടുകള്‍ മാറ്റാന്‍ തപാല്‍ ഓഫിസുകളില്‍ പ്രത്യേക സൗകര്യം

തിരുവനന്തപുരം: പഴയ 500, 1000 രൂപ നോട്ടുകള്‍ മാറ്റിവാങ്ങുന്നതിന് തിരുവനന്തപുരം സൗത്ത് ഡിവിഷന് കീഴിലുള്ള 70 പോസ്റ്റ് ഓഫിസുകളിലും പ്രത്യേക സൗകര്യം ഏര്‍പ്പെടുത്തി. സൗത്ത് ഡിവിഷന്‍ സൂപ്രണ്ട് ഓഫ് പോസ്റ്റ് ഓഫിസസ് ബി. പത്മകുമാറാണ് ഇക്കാര്യം അറിയിച്ചത്. ഈ പോസ്റ്റ് ഓഫിസുകളില്‍ 4000 രൂപവരെ തിരിച്ചറിയല്‍ കാര്‍ഡിന്‍െറ പകര്‍പ്പ് നല്‍കി മാറ്റിവാങ്ങാം. സ്വന്തമായി അക്കൗണ്ട് ഉള്ളവര്‍ക്ക് എത്ര തുക വേണമെങ്കിലും അവരുടെ അക്കൗണ്ടുകളില്‍ നിക്ഷേപിക്കുകയും ചെയ്യാം. പുതിയ അക്കൗണ്ടുകള്‍ തുടങ്ങണമെന്നുള്ളവര്‍ക്ക് കെ.വൈ.സി രേഖകള്‍ നല്‍കിയാല്‍ ബ്രാഞ്ച് പോസ്റ്റ് ഓഫിസുകള്‍ ഉള്‍പ്പെടെയുള്ള 218 പോസ്റ്റ് ഓഫിസുകളിലും ഇതിനുള്ള സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ബ്രാഞ്ച് പോസ്റ്റ് ഓഫിസുകളില്‍ 5000 രൂപവരെയുള്ള പഴയ നോട്ടുകള്‍ അവരുടെ അക്കൗണ്ടില്‍ നിക്ഷേപിക്കാവുന്നതാണ്. ഡിവിഷന് കീഴിലുള്ള നെയ്യാറ്റിന്‍കര, ബാലരാമപുരം, പേരൂര്‍ക്കട പോസ്റ്റ് ഓഫിസ് എ.ടി.എമ്മുകള്‍ തിങ്കളാഴ്ച മുതല്‍ പ്രവര്‍ത്തനം തുടങ്ങി. പോസ്റ്റ് ഓഫിസ് എ.ടി.എം കാര്‍ഡുള്ളവര്‍ക്ക് ഇവിടെനിന്ന് 24 മണിക്കൂറും 2000 രൂപവരെ ദിവസം പിന്‍വലിക്കാം. പുതിയ എ.ടി.എം കാര്‍ഡ് ആവശ്യമുള്ളവര്‍ക്ക് ഈ പോസ്റ്റ് ഓഫിസുകളെ സമീപിക്കാം. കവടിയാര്‍, ശാസ്തമംഗലം, കുടപ്പനക്കുന്ന്, തൈക്കാട്, നേമം, ആറാലുംമൂട്, പെരുമ്പഴുതൂര്‍, അമരവിള എന്നീ പോസ്റ്റ് ഓഫിസുകളില്‍ എ.ടി.എം കാര്‍ഡ് നാളെ മുതല്‍ നല്‍കിത്തുടങ്ങും. ഈ കാര്‍ഡുകള്‍ തിരുവനന്തപുരം ജി.പി.ഒ ഉള്‍പ്പെടെയുള്ള ഏത് പോസ്റ്റ് ഓഫിസ് എ.ടി.എമ്മുകളിലും ഉപയോഗിക്കാം. മുഴുവന്‍ തപാല്‍ ജീവനക്കാരും അവധി ദിനങ്ങളായ ഞായര്‍, തിങ്കള്‍ ഉള്‍പ്പെടെയുള്ള ദിവസങ്ങളില്‍ അതിരാവിലെ മുതല്‍ രാത്രിവരെയും ജോലിചെയ്ത് പൊതുജനങ്ങളുടെ ബുദ്ധിമുട്ടുകള്‍ കുറക്കാന്‍ പരിശ്രമിക്കുകയാണ്. ബാങ്കില്‍നിന്ന് ലഭിക്കുന്ന പണത്തിന്‍െറ ലഭ്യതയനുസരിച്ചാണ് പോസ്റ്റ് ഓഫിസുകള്‍ പ്രവര്‍ത്തിക്കുന്നത്. എസ്.ബി.ടി, എസ്.ബി.ഐ എന്നിവയുടെ ഹെഡ് ഓഫിസുമായി ബന്ധപ്പെട്ട് പണത്തിന്‍െറ ലഭ്യത ഉറപ്പുവരുത്തുന്നുണ്ട്. പൊതുജനങ്ങളില്‍നിന്ന് ലഭിക്കുന്ന നോട്ടുകള്‍ പരിശോധിച്ച് എണ്ണി തിട്ടപ്പെടുത്തി ബാങ്കുകളില്‍ അടയ്ക്കുക എന്ന ഉത്തരവാദിത്തം കൂടി പോസ്റ്റ് ഓഫിസുകള്‍ നടത്തുന്നു. ഇതിനായി എല്ലാ പോസ്റ്റ് ഓഫിസ് ജീവനക്കാരും രാത്രി വൈകിവരെ ജോലി ചെയ്യുകയാണ്. പൊതുജനങ്ങള്‍ക്ക് എന്തെങ്കിലും പ്രയാസം നേരിടുന്നുണ്ടെങ്കില്‍ കണ്‍ട്രോള്‍ റൂമില്‍ ബന്ധപ്പെടാം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.