ചില്ലറക്കായി നെട്ടോട്ടമോടി ടെക്കികളും

തിരുവനന്തപുരം: എ.ടി.എമ്മുകളില്‍ പണം എത്താത്തത് ടെക്കികളെയും വലച്ചു. ടെക്നോപാര്‍ക്ക് കാമ്പസുകളില്‍ പ്രവര്‍ത്തിക്കുന്ന ദേശസാല്‍കൃത-സ്വകാര്യബാങ്കുകളുടെ എ.ടി.എം മെഷീനുകള്‍ വെള്ളിയാഴ്ചയും കാലിയായിരുന്നു. രണ്ടുദിവസത്തെ എ.ടി.എം ‘ബന്ദി’ന് ശേഷം 2,000 രൂപ പിന്‍വലിക്കുന്നതിനായി വെള്ളിയാഴ്ച രാവിലെ മുതല്‍ തന്നെ ജോലിക്ക് കയറുന്നതിനുമുമ്പ് പലരും എ.ടി.എം മെഷീനുമുന്നില്‍ നിരന്നെങ്കിലും നിരാശയായിരുന്നു ഫലം. ടെക്നോപാര്‍ക്ക്, ഇന്‍ഫോസിസ് കാമ്പസിന് പുറത്തെ എ.ടി.എമ്മുകളിലും സ്ഥിതി ഇതുതന്നെയായിരുന്നു. ഇന്‍ഫോസിസ് സ്ഥിതി ചെയ്യുന്ന കുളത്തൂരില്‍ കനറാ, എസ്.ബി.ഐ ശാഖകളിലെ എ.ടി.എമ്മുകളില്‍ രാവിലെ മുതല്‍ ടെക്കികളുടെയും വീട്ടമ്മമാരുടെയും നീണ്ടനിര കാണാമായിരുന്നു. എന്നാല്‍, മണിക്കൂറുകള്‍ പിന്നിട്ടിട്ടും മെഷീനുകളില്‍ പണം വരാതായതോടെ പലരും ബാങ്ക് ജീവനക്കാരോട് തട്ടിക്കയറി. ആര്‍.ബി.ഐ പണം നല്‍കാത്തതും ലഭ്യമായ പണം ബാങ്കുകളുടെ മുഖ്യശാഖകളിലെ എ.ടി.എം കൗണ്ടറുകള്‍ നിറക്കാന്‍ ഉപയോഗിച്ചതുമാണ് മറ്റുശാഖകളില്‍ പ്രതിസന്ധി സൃഷ്ടിച്ചതെന്നാണ് ബാങ്ക് അധികൃതരുടെ വിശദീകരണം. ജനങ്ങളുടെ പ്രതിഷേധം ഭയന്ന് കഴക്കൂട്ടം, പേട്ട, പോത്തന്‍കോട് ഭാഗങ്ങളിലെ പല എ.ടി.എം കൗണ്ടറുകളും ഭാഗികമായി അടച്ചിട്ടു. അതേസമയം ചില്ലറയുടെ ക്ഷാമം മൂലം കഴക്കൂട്ടം,സ്റ്റാച്യു, കേശവദാസപുരം, പട്ടം തുടങ്ങിയ മേഖലകളിലെ പല സ്വകാര്യ ബാങ്കുകളിലും ഒരാള്‍ക്ക് പരമാവധി 2,000 രൂപവരെയാണ് അനുവദിച്ചത്. പഴയ നോട്ടുകള്‍ 4000 രൂപവരെ കൈമാറാമെങ്കിലും ചില്ലറയുടെ ക്ഷാമം മൂലം 2,000 രൂപ നല്‍കാനേ നിവൃത്തിയുള്ളൂവെന്നാണ് ഇടപാടുകാരെ അധികൃതര്‍ അറിയിച്ചത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.