ശാരദക്കും മകള്‍ക്കും നാട്ടുകാരും എം.എല്‍.എയും തുണയായി

കാട്ടാക്കട: സഹായത്തിനാരുമില്ലാതെ അവശനിലയില്‍ വീടിനുള്ളില്‍ കിടന്ന വയോധികയെയും മകളെയും എം.എല്‍.എയുടെ നേതൃത്വത്തില്‍ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കാട്ടാക്കട പഞ്ചായത്തില്‍ തൂങ്ങാംപാറ വെള്ളമാനൂര്‍കോണത്ത് ശാരദ (80), മകള്‍ ലീല (65) എന്നവരെയാണ് ആശുപത്രിയില്‍ എത്തിച്ചത്. കടുത്തപ്രമേഹവും മറ്റ് നിരവധിരോഗങ്ങളും കൊണ്ട് അവശരായിരുന്ന ഇരുവരുടെയും കാലുകള്‍ വ്രണം വന്ന് പഴുത്ത് പുഴുവരിക്കുന്ന നിലയിലായിരുന്നു. 15 ദിവസമായി ഈ വീട്ടില്‍ ഇവര്‍ മാത്രമായിരുന്നു. ചെറുമകനും ഭാര്യയുമാണ് ഇവര്‍ക്കൊപ്പം ഉണ്ടായിരുന്നത്. ചെറുമകന്‍ തമിഴ്നാട്ടില്‍ ജോലിക്കുപോയതോടെ ഭാര്യ സ്വന്തം വീട്ടിലേക്കും പോയി. അതോടെ ഇവര്‍ക്ക് സഹായത്തിന് ആരും ഇല്ലാതായി. കിടന്ന കിടപ്പില്‍ തന്നെ മലമൂത്രവിസര്‍ജനം ഉള്‍പ്പെടെ നടത്തിയിരുന്ന ഇവര്‍ പട്ടിണിയിലുമായി. ഇടക്കിടെ അയല്‍വാസികള്‍ നല്‍കിയിരുന്ന ഭക്ഷണം മാത്രമായിരുന്നു ആശ്രയം. ഇവരുടെ ദയനീയ സ്ഥിതിയെക്കുറിച്ച് നാട്ടുകാര്‍ പ്രദേശത്തെ ആശാ വര്‍ക്കര്‍മാരെയും ആരോഗ്യവകുപ്പ് അധികാരികളെയും അറിയിച്ചെങ്കിലും അവര്‍ തിരിഞ്ഞുനോക്കിയില്ലത്രെ. ഇക്കാര്യം ശ്രദ്ധയില്‍പെട്ടതോടെ ഐ.ബി. സതീഷ് എം.എല്‍.എ തന്നെ എത്തി ഇവരെ ജനറല്‍ ആശുപത്രിയിലെ ഒമ്പതാം വാര്‍ഡില്‍ പ്രവേശിപ്പിച്ചു. സി.പി.എം കാട്ടാക്കട ഏരിയ കമ്മിറ്റി അംഗം പി.എസ്. പ്രഷീദ്, വാര്‍ഡ് അംഗം രാധാകൃഷ്ണന്‍ നായര്‍, വിനീത് ഗോവിന്ദ്, മുന്‍ മെംബര്‍ എസ്. ആല്‍ബര്‍ട്ട് എന്നിവരും ഒപ്പമുണ്ടായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.