തീരസുരക്ഷാ നടപടികള്‍ ഊര്‍ജിതപ്പെടുത്തും –കലക്ടര്‍

തിരുവനന്തുരം: തീര സുരക്ഷാനടപടികള്‍ ഊര്‍ജിതപ്പെടുത്തുമെന്ന് കലക്ടര്‍ എസ്. വെങ്കിടേസപതി. ജില്ലയിലെ തീരമേഖലകളുടെ സുരക്ഷ വിലയിരുത്തുന്നതിന് ചേര്‍ന്ന യോഗത്തില്‍ അധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിന്‍െറ തീരമേഖലയും അതിന്‍െറ സുരക്ഷയും ഏറെ പ്രാധാന്യമര്‍ഹിക്കുന്നതാണ്. ശക്തമായ സുരക്ഷാക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തേണ്ട പ്രദേശത്ത് നിലവിലുള്ള സംവിധാനങ്ങള്‍ കുറ്റമറ്റതാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കും. ഇതിനായി ജനപ്രതിനിധികളുടെയും കടലോര ജാഗ്രതാസമിതികളുടെയും മത്സ്യത്തൊഴിലാളികളുടെയും ഉള്‍പ്പെടെയുള്ള സഹകരണവും ഉറപ്പാക്കും. കോസ്റ്റല്‍-മറൈന്‍ പൊലീസ് വിഭാഗങ്ങളുടെയും തീരസംരക്ഷണസേനയുടെയും അടിയന്തരഘട്ടങ്ങളില്‍ നാവികസേനയുടെയും സഹായമുറപ്പാക്കിയുള്ള സംയോജിതപ്രവര്‍ത്തനങ്ങള്‍ ശക്തമാക്കും. സേനാവിഭാഗങ്ങള്‍ക്കൊപ്പം റവന്യൂ അധികൃതരുടെയും ഏകോപന പ്രവര്‍ത്തനങ്ങള്‍ നടത്തുമെന്നും കലക്ടര്‍ പറഞ്ഞു. തീരമേഖലയില്‍ പട്രോളിങ് കൂടുതല്‍ ശക്തമാക്കുന്നതിന് കോസ്റ്റല്‍ പൊലീസിന് കലക്ടര്‍ നിര്‍ദേശം നല്‍കി. കടലാക്രമണം, കടല്‍കയറ്റം മൂലം തീരം നഷ്ടമാകല്‍ തുടങ്ങിയ പ്രതിഭാസങ്ങള്‍ കടലോര ടൂറിസം മേഖലക്കും ജനവാസകേന്ദ്രങ്ങള്‍ക്കും ഭീഷണിയാകുന്നുണ്ട്. ഇത്തരം കാര്യങ്ങളും കടലോര സുരക്ഷയും വിലയിരുത്തുന്നതിനായി ജില്ലാ കലക്ടറുടെ നേതൃത്വത്തില്‍ പൊലീസ്, തീരസംരക്ഷണസേന മുതലായവയുടെ ഉന്നതോദ്യോഗസ്ഥര്‍ കടല്‍-തീര മേഖലകള്‍ സന്ദര്‍ശിക്കും. ഇതിനുള്ള തീയതി നിശ്ചയിക്കാന്‍ റൂറല്‍ എസ്.പിക്കും കോസ്റ്റ് ഗാര്‍ഡ് അസി. കമാന്‍ഡന്‍റിനും കലക്ടര്‍ നിര്‍ദേശം നല്‍കി. സിറ്റി പൊലീസ് കമീഷണര്‍ ജി. സ്പര്‍ജന്‍കുമാര്‍, എസ്.പി കെ. ഷെഫീന്‍ അഹമ്മദ്, കോസ്റ്റ് ഗാര്‍ഡ് അസി. കമാന്‍ഡന്‍റ് എന്‍. രാജ, ഫിഷറീസ് വകുപ്പ് ഉദ്യോഗസ്ഥര്‍, മറൈന്‍ പൊലീസ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ യോഗത്തില്‍ സംബന്ധിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.