ട്രാഫിക് സിഗ്നലുകള്‍ക്ക് സമീപത്തെ പരസ്യ ബോര്‍ഡുകള്‍ നീക്കും

തിരുവനന്തപുരം: ട്രാഫിക് സിഗ്നലുകള്‍ക്ക് സമീപം സ്ഥാപിച്ചിട്ടുള്ള പരസ്യ ബോര്‍ഡുകള്‍ അടിയന്തരമായി നീക്കും. നഗരത്തിലെ തിരക്കേറിയ ജങ്ഷനുകളില്‍ ഡ്രൈവര്‍മാരുടെ ശ്രദ്ധ തിരിക്കുന്ന ഇത്തരം ബോര്‍ഡുകള്‍ അപകടമുണ്ടാകാനുള്ള സാധ്യത കൂട്ടുമെന്ന് കണക്കിലെടുത്താണ് തീരുമാനം. ട്രാഫിക് സിഗ്നല്‍ പോസ്റ്റുകളില്‍ പരസ്യങ്ങള്‍ക്ക് ഇടം നല്‍കുന്നതും കര്‍ശനമായി നിരോധിക്കും. കലക്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന റോഡ് സുരക്ഷാ സമിതിയുടെ അവലോകനയോഗത്തിലാണ് തീരുമാനം. റോഡുകള്‍ക്ക് ഇരുപുറവുമായി ഉയര്‍ത്തുന്ന കമാനങ്ങളും ഫ്ളക്സുകളും റോഡുകള്‍ക്ക് സമീപവും മീഡിയനുകളിലും സ്ഥാപിച്ചിട്ടുള്ള കൊടി തോരണങ്ങളും നീക്കാന്‍ നടപടി സ്വീകരിക്കും. കാല്‍നട യാത്രക്കാര്‍ക്കും ഇരുചക്ര വാഹനക്കാര്‍ക്കും അപകട ഭീഷണി ഉയര്‍ത്തുന്നതിനാലാണിത്. ഫ്ളക്സുകളും കൊടി തോരണങ്ങളും കമാനങ്ങളും നീക്കം ചെയ്യുന്നതുമായി ബന്ധപ്പെട്ട് എ.ഡി.എം ജോണ്‍ വി. സാമുവലിന്‍െറ നേതൃത്വത്തില്‍ ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും അടിയന്തര യോഗം വിളിച്ചു കൂട്ടും. ഇതിനായി ട്രാഫിക് പൊലീസ്, നാഷനല്‍ ഹൈവേ, റോഡ് ട്രാന്‍സ്പോര്‍ട്ട്, പി.ഡബ്ള്യു.ഡി, റവന്യൂ വകുപ്പുകളുടെ പ്രതിനിധികളും ജനപ്രതിനിധികളും അടങ്ങുന്ന പ്രത്യേക സ്ക്വാഡ് രൂപവത്കരിക്കും. നഗരത്തില്‍ നിര്‍മാണം പൂര്‍ത്തിയാക്കി ഇനിയും ഉപയോഗിക്കാത്ത ബസ്ബേകള്‍ ഉപയോഗസജ്ജമാക്കാനുള്ള നടപടികള്‍ വേഗത്തിലാക്കാന്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് കലക്ടര്‍ നിര്‍ദേശം നല്‍കി. യോഗത്തില്‍ സിറ്റി പൊലീസ് കമീഷണര്‍ ജി. സ്പര്‍ജന്‍ കുമാര്‍, റൂറല്‍ എസ്.പി കെ. ഷെഫീന്‍ അഹമ്മദ്, ഗതാഗത, കെല്‍ട്രോണ്‍, പൊതുമരാമത്ത്, ഫയര്‍ ആന്‍ഡ് റെസ്ക്യു സര്‍വിസ് തുടങ്ങിയ വിവിധ വകുപ്പുകളുടെ പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.