കാട്ടാക്കട: പൊതുജനങ്ങള്‍ വര്‍ഷങ്ങളായി ഉപയോഗിക്കുന്ന പൊതുകിണറും വഴിയും കട്ടയ്ക്കോട് വില്ലിടുംപാറയില്‍ ആരംഭിച്ച ഇന്‍റര്‍ലോക്ക് കമ്പനി കൈയേറിയെന്ന പരാതി അന്വേഷിക്കാന്‍ സംസ്ഥാന മനുഷ്യാവകാശ കമീഷന്‍ ഉത്തരവ്. പഞ്ചായത്ത് സെക്രട്ടറിയും മലിനീകരണ നിയന്ത്രണ ബോര്‍ഡും ആര്‍. ഡി. ഒയും ഒരു മാസത്തിനകം വിശദീകരണം സമര്‍പ്പിക്കണമെന്ന് കമീഷന്‍ ആക്ടിങ് ചെയര്‍പേഴ്സണ്‍ പി. മോഹനദാസ് ഉത്തരവില്‍ പറഞ്ഞു. പൊതുകിണറും വഴിയും ഒരു സെന്‍റ് വസ്തുവും നാട്ടുകാര്‍ക്ക് ദാനം ലഭിച്ചതാണെന്ന് പരാതിയില്‍ പറയുന്നു. 71 വര്‍ഷമായി ഇത് നാട്ടുകാര്‍ ഉപയോഗിച്ചുവരുകയാണ്. കാട്ടാക്കട പഞ്ചായത്തില്‍ കുടിവെള്ളത്തിന് ഏറെ ബുദ്ധിമുട്ട് അനുഭവിക്കുന്ന സ്ഥലമാണ് കുട്ടയ്ക്കോട് വില്ലിടുംപാറ. ഇക്കാരണത്താല്‍ ഇന്‍റര്‍ലോക്ക് കമ്പനിയുടെ പ്രവര്‍ത്തനം പഞ്ചായത്ത് നേരത്തേ തടഞ്ഞിരുന്നു. പുതിയ പഞ്ചായത്ത് സെക്രട്ടറി അധികാരമേറ്റതോടെ കമ്പനിക്ക് പെര്‍മിറ്റ് നല്‍കുമെന്ന് മനസ്സിലാക്കിയ നാട്ടുകാര്‍ ഇടവക വികാരി ഫാദര്‍ ജോസഫ് അനിലിന്‍െറ നേതൃത്വത്തില്‍ വീണ്ടും പരാതി നല്‍കി. എന്നാല്‍ പരാതി അവഗണിച്ച് കമ്പനിക്ക് കെട്ടിടവും ചുറ്റുമതിലും നിര്‍മിക്കാന്‍ പഞ്ചായത്ത് സെക്രട്ടറി അനുമതി നല്‍കി. ഇതിനെതിരെ നാട്ടുകാര്‍ ദിവസങ്ങളായി സമരത്തിലാണ്. കമ്പനി ഉടമ സര്‍ക്കാര്‍ ഉദ്യോഗസ്ഥനാണെന്നും ബന്ധുക്കളുടെ പേരിലാണ് കമ്പനി തുടങ്ങുന്നതെന്നും പരാതിയില്‍ പറയുന്നു. സമരം ചെയ്യുന്ന നാട്ടുകാരെ ഇവര്‍ ഭീഷണിപ്പെടുത്തുന്നതായും പരാതിയുണ്ട്. കിണറിനും വഴിക്കും ഒരു സെന്‍റ് വസ്തുവിനുമായി നെടുമങ്ങാട് മുന്‍സിഫ് കോടതിയില്‍ കേസ് നടക്കുകയാണെന്ന് പരാതിയില്‍ പറയുന്നു. വില്ലിടുംപാറ പുല്ലുവിളാകം പ്രദേശവാസികള്‍ നല്‍കിയ പരാതിയിലാണ് നടപടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.