പട്ടികജാതി കോളനി ഒഴിപ്പിച്ച് ക്വാറി മാഫിയ

വെഞ്ഞാറമൂട്: ക്വാറി മാഫിയ പട്ടികജാതി കോളനി ഒഴിപ്പിച്ചിട്ടും കണ്ടഭാവമില്ലാതെ അധികൃതര്‍. നെല്ലനാട് വില്ളേജിലെ കോട്ടുകുന്നം മലയിലെ ക്വാറി മുതലാളിയാണ് മലയുടെ ചരിവിലെ ചേരിയില്‍ കോളനി പൂര്‍ണമായും ഒഴിപ്പിച്ചത്. 25 കുടുംബങ്ങളാണ് വീടും വസ്തുവും കിട്ടിയ വിലയ്ക്ക് ക്വാറി മുതലാളിക്ക് വിറ്റ് ഒഴിഞ്ഞു പോയത്. ശക്തമായ സ്ഫോടനങ്ങളും പാറച്ചീളുകള്‍ തെറിച്ച് അപകടമുണ്ടാകുന്നതും കിണറുകളില്‍ വെള്ളം വറ്റിയതുമാണ് ഇവിടെ താമസിക്കാന്‍ പറ്റാത്ത സാഹചര്യമുണ്ടാക്കിയത്. തലമുറകളായി ഇവിടെ താമസിച്ചുവന്നവരാണ് കൂട്ടത്തോടെ ഒഴിഞ്ഞുപോയത്. കോളനി നിവാസികളുടെ ആചാരാനുഷ്ഠാനങ്ങളുടെ ഭാഗമായ ആയിരവില്ലി ക്ഷേത്രവും ഉപേക്ഷിക്കപ്പെട്ടനിലയിലാണ്. പഞ്ചായത്ത് കിണറും ഉപേക്ഷിക്കപ്പെട്ടനിലയില്‍ ഇവിടെയുണ്ട്. ക്വാറി മുതലാളി വിലയ്ക്കു വാങ്ങിയതില്‍ 20 വീടുകള്‍ പഞ്ചായത്തും പട്ടികജാതി വികസന വകുപ്പും നിര്‍മിച്ച് നല്‍കിയവയാണ്. ഐ.എ.വൈ, ഇ.എം.എസ് പദ്ധതികളില്‍ അടുത്ത സമയത്ത് നിര്‍മിച്ചവയാണ് കൂടുതലും. ഭവന പുനരുദ്ധാരണത്തിന്‍െറ ഭാഗമായി വീട് നവീകരിച്ചവരും ഒഴിഞ്ഞു പോയി. പട്ടികജാതി വികസന ഫണ്ടില്‍നിന്ന് ലക്ഷക്കണക്കിന് രൂപയാണ് ഇതിന് ചെലവഴിച്ചത്. സര്‍ക്കാര്‍ പദ്ധതികളില്‍ വീടിനും ഭവന പുനരുദ്ധരണത്തിനും ധനസഹായം അനുവദിക്കുമ്പോള്‍ 12 വര്‍ഷത്തേക്ക് വീട് വില്‍ക്കാന്‍ പാടില്ളെന്ന് വ്യവസ്ഥയുണ്ട്. ഇതെല്ലാം കാറ്റില്‍ പറത്തിയാണ് വാമനപുരം സബ് രജിസ്ട്രാര്‍ ഓഫിസില്‍ ആധാരങ്ങള്‍ രജിസ്റ്റര്‍ ചെയ്ത് നെല്ലനാട് വില്ളേജ് ഓഫിസില്‍ പോക്കുവരവ് ചെയ്തത്. കൂടാതെ, കോട്ടുകുന്നം മലയിലെ സ്വകാര്യ പുരയിടങ്ങള്‍ മുഴുവന്‍ ക്വാറി മുതലാളി വാങ്ങിക്കൂട്ടിയിരിക്കുകയാണ്. മലയിലെ നൂറ്റമ്പത് ഏക്കര്‍ സര്‍ക്കാര്‍ പുറമ്പോക്കും ക്വാറി മുതലാളി കൈവശപ്പെടുത്തിയിരിക്കുകയാണ്. പരിധിയില്‍ കവിഞ്ഞ വസ്തു കൈവശം വെച്ചതിന് റവന്യൂ വിജിലന്‍സ് അന്വേഷണം നടക്കുന്നുണ്ടെങ്കിലും എങ്ങുമത്തെിയില്ല. ഇപ്പോഴും വസ്തു വാങ്ങലും പോക്കുവരവ് ചെയ്ത് നല്‍കലും നിര്‍ബാധം നടക്കുന്നു. ഒഴിഞ്ഞു പോയവരില്‍ അപൂര്‍വം പേര്‍ മാത്രമാണ് പുതിയ വീട് വെച്ച് താമസിക്കുന്നത്. കൂടുതല്‍ പേരും ഭൂമിയും വീടുമില്ലാതെ വാടകക്ക് കഴിയുകയാണ്. പാവപ്പെട്ട പട്ടികജാതിക്കാരെ പ്രലോഭിപ്പിച്ചും ഭീഷണിപ്പെടുത്തിയുമാണ് ക്വാറി ഉടമ വസ്തു കൈക്കലാക്കുന്നതെന്ന് കോട്ടുകുന്നം മല സംരക്ഷണസമിതി പ്രവര്‍ത്തകന്‍ പുരുഷോത്തമന്‍ നായര്‍ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.