പഴകിയ നോട്ട് നല്‍കിയ ദലിത് യുവാവിനെ കണ്ടക്ടര്‍ മര്‍ദിച്ചതായി പരാതി

നെയ്യാറ്റിന്‍കര: കഴിഞ്ഞ ശനിയാഴ്ച നെയ്യാറ്റിന്‍കര താന്നിമൂടുനിന്ന് പ്രാവച്ചമ്പലത്തേക്ക് ടിക്കറ്റെടുത്ത് യാത്രചെയ്യാന്‍ ബസില്‍ കയറിയ യുവാവിനെ കണ്ടക്ടറുടെ മര്‍ദനത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. താന്നിമൂട് അവണാകുഴി ചേന്നനറത്തട്ട് പുത്തന്‍വീട്ടില്‍ കെ.എസ്. സുബാഷിനെയാണ് (35) വെണ്‍പകല്‍ പ്രാഥമിക ആരോഗ്യകേന്ദ്രത്തില്‍ പ്രവേശിപ്പിച്ചത്. പൂവാര്‍ ഡിപ്പോയില്‍നിന്ന് പ്രാവച്ചമ്പലത്തേക്ക് പോകാനായി ടിക്കറ്റെടുക്കുമ്പോഴാണ് കണ്ടക്ടറുടെ പ്രകോപനം ഉണ്ടായത്. 10 രൂപയുടെ നോട്ടും നാല് രൂപ ചില്ലറയും നല്‍കിയ യുവാവിനോട് 10 രൂപ പഴകിയതാണെന്നും വേറെ നോട്ട് തന്നാലേ യാത്ര ചെയ്യാന്‍ സാധിക്കൂ എന്നും കണ്ടെക്ടര്‍ പറഞ്ഞു. തന്‍െറ കൈയില്‍ ഇതേ ഉള്ളൂവെന്നും നോട്ടിന് കുഴപ്പമില്ളെന്നും പറഞ്ഞതോടെ നോട്ട് സുബാഷിന്‍െറ പുറത്തേക്ക്് വലിച്ചെറിഞ്ഞ്, ടിക്കറ്റ് തിരികെ ബലമായി പിടിച്ച് വാങ്ങുകയും റാക്കുകൊണ്ട് ഇടിക്കുകയുമായിരുന്നു. സഹയാത്രികര്‍ ടിക്കറ്റെടുക്കാമെന്ന് പറഞ്ഞിട്ടും കണ്ടക്ടര്‍ വഴങ്ങിയില്ല. തര്‍ക്കങ്ങള്‍ക്കൊടുവില്‍ ബസില്‍നിന്ന് പുറത്തിറങ്ങിയ സുബാഷിന്‍െറ മുതുകില്‍ കണ്ടക്ടര്‍ ചവിട്ടിയതായും പരാതിയില്‍ പറയുന്നു. നെയ്യാറ്റിന്‍കര പൊലീസില്‍ പരാതി നല്‍കിയ സുബാഷ് വെണ്‍പകല്‍ പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ ചികിത്സ തേടി. ഏഴ് വര്‍ഷമായി എല്ല് തേയ്മാനത്തിന് ചികിത്സയിലിരിക്കുന്ന സുബാഷിന് ഞായറാഴ്ച കടുത്ത മുതുകുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് തിങ്കളാഴ്ച നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച് എക്സ്റേ എടുത്ത ശേഷം കൂടുതല്‍ ചികിത്സകള്‍ ആരംഭിച്ചു. വിഴിഞ്ഞം ഡി.ടി.ഒക്കും ട്രാന്‍സ്പോര്‍ട്ട് കമീഷണര്‍ക്കും ബന്ധുക്കള്‍ പരാതി നല്‍കി. ട്രാന്‍സ്പോര്‍ട്ട് മന്ത്രി എ.കെ. ശശീന്ദ്രനും പട്ടികജാതി വകുപ്പ് കൈകാര്യം ചെയ്യുന്ന മന്ത്രി എ.കെ. ബാലനും പരാതി നല്‍കിയിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.