തിരുവനന്തപുരം: വകുപ്പുകളുടെ ഏകോപനമില്ലാതായതോടെ മഴക്കാലപൂര്‍വ ശുചീകരണം അവതാളത്തിലായി. ഓടയും തോടുമെല്ലാം മാലിന്യം നിറഞ്ഞുകിടക്കുകയാണ്. കഴിഞ്ഞ ദിവസങ്ങളില്‍ പെയ്ത മഴ രൂക്ഷമായ വെള്ളക്കെട്ടാണ് നഗരത്തില്‍ ഉണ്ടാക്കിയത്. ഓപറേഷന്‍ അനന്തയുടെ ഭാഗമായി നിര്‍മിച്ച ഓടകളിലും ഇപ്പോള്‍ മാലിന്യം മൂടിക്കഴിഞ്ഞു. നഗരത്തിലെ ഓടകളുടെ വൃത്തിയാക്കല്‍ ചുമതല കോര്‍പറേഷനും പൊതുമരാമത്ത്, മൈനര്‍ ഇറിഗേഷന്‍, റോഡ് ഫണ്ട് ബോര്‍ഡ് എന്നിവക്കുമാണ്. മഴക്കാലപൂര്‍വ ശുചീകരണം ഈ വകുപ്പുകള്‍ തമ്മില്‍ ഏകോപിപ്പിച്ച് നടത്തണമെന്ന ആവശ്യം കാലങ്ങളായി ഉയര്‍ന്നുവന്നിട്ടുള്ളതാണ്. എന്നാല്‍, അക്കാര്യത്തില്‍ ഏകീകരണം ഉണ്ടാക്കാന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല. അതിനാല്‍ ഓരോ വകുപ്പും അവരവരുടേതായ സമയത്തും കാലത്തും കൃത്യം നിര്‍വഹിച്ചുപോവുകയാണ് പതിവ്. കോര്‍പറേഷന്‍ ഓടകള്‍ ചെന്നിറങ്ങുന്നത് പി.ഡബ്ള്യു.ഡി ഓടകളിലാണ്. ഇവ ചെന്നിറങ്ങുന്നത് മൈനര്‍ ഇറിഗേഷന്‍െറ ഓടകളിലാണ്. റോഡ് ഫണ്ട് ബോര്‍ഡിന്‍െറ ഓടകള്‍ ചെന്നിറങ്ങുന്നതും മൈനര്‍ ഇറിഗേഷന്‍െറ ഓടയിലാണ്. അതിനാല്‍ വകുപ്പുകള്‍ ഏകോപിച്ച് നടത്തുന്ന മഴക്കാലപൂര്‍വ ശുചീകരണം മാത്രമേ ഫലവത്താകൂ എന്നാണ് വിലയിരുത്തപ്പെടുന്നത്. അത് ഇക്കുറിയും ഉണ്ടായില്ല. ഒടുവില്‍ മഴക്കാലപൂര്‍വ ശുചീകരണത്തിന് ഓരോ വാര്‍ഡിനും 25,000 രൂപ വീതം കോര്‍പറേഷന്‍ അനുവദിച്ചിട്ടുണ്ട്. മഴ തുടങ്ങിയശേഷം നടത്തുന്ന പ്രവര്‍ത്തനം എത്രത്തോളം ഫലവത്താകും എന്നകാര്യത്തിലും സംശയം നിലനില്‍ക്കുന്നു. ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയാകണമെന്ന് കാണിച്ച് പൊതുമരാമത്ത്, ഇറിഗേഷന്‍, റോഡ് ഫണ്ട് ബോര്‍ഡ് എന്നിവക്ക് കത്ത് നല്‍കാന്‍ ഒരുങ്ങുകയാണ് കോര്‍പറേഷന്‍. ഓപറേഷന്‍ അനന്തയുടെ ഒന്നാംഘട്ട നടത്തിപ്പ് സമയത്ത് വകുപ്പുകള്‍ തമ്മിലെ ഏകോപനമില്ലായ്മയുടെ പ്രശ്നം അന്നത്തെ ചീഫ് സെക്രട്ടറി ചൂണ്ടിക്കാണിച്ചിരുന്നു. അതിന്‍െറ അടിസ്ഥാനത്തില്‍ അനന്തയുടെ രണ്ടാംഘട്ടം അത്തരത്തില്‍ രൂപവത്കരിക്കുന്ന വകുപ്പിനുകീഴില്‍ ആയിരിക്കണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നു. ശുചീകരണം ഫലപ്രദമാണെന്ന് ഈ വകുപ്പുകള്‍ അവകാശപ്പെടുമ്പോഴും നഗരത്തിലെ ഓടകളും പ്രധാന കേന്ദ്രങ്ങളും മലീമസമായിതന്നെ തുടരുകയാണ്. ഇതില്‍ കോര്‍പറേഷനും ഇറിഗേഷന്‍ വകുപ്പുമാണ് ചില കാര്യങ്ങളെങ്കിലും പേരിന് നടത്തുന്നത്. ആമയിഴഞ്ചാന്‍ തോട്ടിലെ മാലിന്യം ഇറിഗേഷന്‍ വകുപ്പ് നീക്കിയിരുന്നു. എന്നാല്‍, ഇത് പൂര്‍ണമായിട്ടില്ല. നഗരത്തിലെ മാലിന്യം വാരിമാറ്റേണ്ടത് കോര്‍പറേഷന്‍െറ ചുമതലയാണ്. മാലിന്യം നീക്കുന്നുണ്ടെന്ന് പറയുമ്പോഴും നഗരത്തിലെ പലകേന്ദ്രങ്ങളിലും അഴുകിയ മാലിന്യം കാണാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.