മഴ മാറിനിന്ന പകല്‍; പത്ത് വീടുകള്‍ തകര്‍ന്നു

തിരുവനന്തപുരം: ദുരിതപ്പെയ്ത്തിനുശേഷം നഗരത്തില്‍ മഴ ഒന്നടങ്ങിയപ്പോള്‍ തീരപ്രദേശങ്ങളില്‍ ശനിയാഴ്ചയും പത്തോളം വീടുകള്‍ തകര്‍ന്നു. കഴിഞ്ഞദിവസം പെയ്ത മഴയില്‍ കേടുപാട് സംഭവിച്ച വീടുകളാണ് നിലം പൊത്തിയത്. മുട്ടത്തറ ഭാഗത്ത് ആറോളം വീടുകളും വലിയതുറ ഭാഗങ്ങളില്‍ അഞ്ചിലധികം വീടുകളുമാണ് തകര്‍ന്നത്. വ്യാപക കൃഷിനാശവും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. വീടുകള്‍ തകര്‍ന്നതില്‍മാത്രം 4.75 ലക്ഷത്തിന്‍െറ നഷ്ടമാണ് കണക്കാക്കുന്നതെന്ന് ജില്ലാ ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു. കൃഷിനാശത്തിന്‍െറ കണക്കുകള്‍ അതാത് പഞ്ചായത്തുകളിലെ കൃഷി ഓഫിസര്‍മാര്‍ മുഖേന ശേഖരിച്ചുവരികയാണ്. ശനിയാഴ്ച തീരപ്രദേശങ്ങളില്‍ തുറന്ന ക്യാമ്പുകളിലേക്ക് കൂടുതല്‍ ആളുകള്‍ എത്തി. വലിയതുറ ഗവ. ഫിഷറീസ് സ്കൂള്‍, സെന്‍റ് ആന്‍റണീസ് ഹയര്‍സെക്കന്‍ഡറി സ്കൂള്‍ വലിയതുറ, വലിയതുറ ഗവ. യു.പി സ്കൂള്‍, നൂറുല്‍ ഇസ്ലാം അറബിക് കോളജ്, ബീമാപള്ളി ഗവ. യു.പി സ്കൂള്‍ തുടങ്ങിയ സ്ഥലങ്ങളില്‍ ക്യാമ്പുകളിലായി അഞ്ഞൂറിനോടടുത്ത് ആളുകളെയാണ് മാറ്റിപ്പാര്‍പ്പിച്ചിരിക്കുന്നത്. മഴയുടെ ശക്തി കുറഞ്ഞതോടെ താഴ്ന്ന പ്രദേശങ്ങളില്‍ നിന്നെല്ലാം വെള്ളം ഇറങ്ങിത്തുടങ്ങിയിട്ടുണ്ട്. കനത്തമഴയില്‍ ഏറ്റവും കൂടുതല്‍ നാശനഷ്ടം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് കാട്ടാക്കട താലൂക്കിലാണ്. മഴയില്‍ നേരിയ ശമനം ഉണ്ടായതോടെ കടല്‍ക്കാറ്റിന്‍െറ ശക്തിക്കും കുറവ് വന്നിട്ടുണ്ട്. ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നവര്‍ക്കായി എല്ലാ സൗകര്യങ്ങളും ജില്ലാ ഭരണകൂടം ഉറപ്പുനല്‍കുന്നുണ്ട്. എന്നാല്‍, തീരദേശത്ത് തുറന്ന ക്യാമ്പുകളിലെ ആളുകള്‍ക്ക് ആവശ്യത്തിന് അടിസ്ഥാന സൗകര്യങ്ങളും മറ്റും ലഭിക്കുന്നില്ളെന്ന് പരാതി ഉയര്‍ന്നിട്ടുണ്ട്. ഇതിന്‍െറ ഫലമായി ക്യാമ്പുകളില്‍നിന്നും മറ്റും ആളുകള്‍ ഒഴിഞ്ഞുപോകാന്‍ തുടങ്ങിയിട്ടുണ്ട്. ബന്ധുവീടുകളാണ് പലരും ആശ്രയിക്കുന്നത്. നഗരത്തിലെ താഴ്ന്ന പ്രദേശങ്ങളിലെ വെള്ളപ്പൊക്കത്തിന് ശനിയാഴ്ച ശമനം ഉണ്ടായി. വെള്ളിയാഴ്ചതന്നെ ജില്ലാ ഭരണകൂടം ഇടപെട്ട് വേളി പൊഴി മുറിച്ചതോടെ കടലിലേക്ക് വെള്ളം ഒഴുകിത്തുടങ്ങി. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദം ആന്ധ്രാ തീരത്തേക്ക് നീങ്ങിയതോടെയാണ് തെക്കന്‍ ജില്ലകളില്‍ കനത്തമഴ അനുഭവപ്പെടുന്നത്. അടുത്ത 24 മണിക്കൂര്‍ തീരപ്രദേശങ്ങളില്‍ ശക്തമായ കാറ്റിന് സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ ജാഗ്രത പുലര്‍ത്തണമെന്ന് ജില്ലാ ദുരന്തനിവാരണ കേന്ദ്രം അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.