വോട്ട് നിലയില്‍ കയറ്റിറക്കം

തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിലെ ഓരോ നിയമസഭാ മണ്ഡലത്തിലെയും മുന്നണികളുടെ പ്രകടനം നിയമസഭാതെരഞ്ഞെടുപ്പിലെ വോട്ട് നിലയുമായി താരതമ്യം ചെയ്യുമ്പോള്‍ ഏറ്റക്കുറച്ചിലുകള്‍ പ്രകടം. നാല് മണ്ഡലങ്ങളില്‍ ബി.ജെ.പി പിന്നാക്കം പോയി. യു.ഡി.എഫിന് രണ്ടിടത്തും എല്‍.ഡി.എഫിന് ഒരിടത്തും വോട്ട് കുറഞ്ഞു. അതേസമയം, എല്‍.ഡി.എഫ് 13 മണ്ഡലങ്ങളിലും യു.ഡി.എഫ് 12 മണ്ഡലങ്ങളിലും ബി.ജെ.പി 10 ഇടത്തും നില മെച്ചപ്പെടുത്തി. 2014 ലെ പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പില്‍ തിരുവനന്തപുരം നിയോജകമണ്ഡലത്തില്‍ ബി.ജെ.പിയുടെ ഒ. രാജഗോപാല്‍ 40835 വോട്ടാണ് നേടിയിരുന്നത്. പക്ഷേ, നിയമസഭാ തെരഞ്ഞെടുപ്പില്‍ ശ്രീശാന്തിന് 34764 വോട്ടേ നേടാനായുള്ളൂ. 6071 വോട്ടാണ് ഇവിടെ ബി.ജെ.പിക്ക് കുറഞ്ഞത്. അതേസമയം, യു.ഡി.എഫിന് 7447 ഉം എല്‍.ഡി.എഫിന് 8184 വോട്ടും വര്‍ധിച്ചു. എ.ടി. ജോര്‍ജില്‍നിന്ന് 18566 വോട്ട് മേല്‍ക്കൈയില്‍ സി.കെ. ഹരീന്ദ്രന്‍ പിടിച്ചെടുത്ത പാറശ്ശാലയിലും ബി.ജെ.പിക്ക് വോട്ട് കുറഞ്ഞു. അന്ന് 39753 വോട്ടായിരുന്നു ബി.ജെ.പി നേടിയതെങ്കില്‍ ഇക്കുറിയത് 6725 വോട്ട് കുറഞ്ഞ് 33028ല്‍ പരിമിതപ്പെട്ടു. യു.ഡി.എഫിന് 1230 ഉം എല്‍.ഡി.എഫിന് 22203 വോട്ടും ഇവിടെ വര്‍ധിച്ചു. ബി.ജെ.പിക്ക് നഷ്ടം വന്ന മറ്റൊരു മണ്ഡലം കോവളമാണ്. പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പിനെക്കാള്‍ 5182 വോട്ടാണ് ഇവിടെ കുറഞ്ഞത്. 36169 വോട്ടില്‍നിന്ന് 30987 ലേക്കാണ് താഴ്ച. മണ്ഡലം നഷ്ടപ്പെട്ടെങ്കിലും ഇവിടെ നില മെച്ചപ്പെടുത്തിയത് എല്‍.ഡി.എഫാണ്. 15541 വോട്ടാണ് ഇടതുപക്ഷത്തിന് അധികം കിട്ടിയത്. യു.ഡി.എഫിന് 887 വോട്ടേ മെച്ചപ്പെടുത്താനായുള്ളൂ. നെയ്യാറ്റിന്‍കരയില്‍ 13419 വോട്ടാണ് ബി.ജെ.പിക്ക് നഷ്ടപ്പെട്ടത്. യു.ഡി.എഫ് 6007 വോട്ടും എല്‍.ഡി.എഫ് 23753 വോട്ടും നേടി നില മെച്ചപ്പെടുത്തി. യു.ഡി.എഫിന് കൈനഷ്ടം വന്നത് ആറ്റിങ്ങല്‍, നേമം മണ്ഡലങ്ങളിലാണ്. ആറ്റിങ്ങലില്‍ 10835 വോട്ടിന്‍െറ കുറവാണ് യു.ഡി.എഫിനുള്ളത്. എല്‍.ഡി.എഫിന് 8593 ഉം ബി.ജെ.പിക്ക് 16015ഉം വോട്ടും കൂടി. നേമം മണ്ഡലത്തില്‍ 18779 വോട്ടാണ് പാര്‍ലമെന്‍റില്‍നിന്ന് നിയമസഭാതെരഞ്ഞെടുപ്പിലേക്കുള്ള ദൂരത്തിനിടെ നഷ്ടപ്പെട്ടത്. മണ്ഡലം കൈമോശം വന്നെങ്കിലും എല്‍.ഡി.എഫിന് ലോക്സഭാതെരഞ്ഞെടുപ്പിനെക്കാള്‍ 27499 വോട്ട് സ്വന്തമാക്കാനായി. ബി.ജെ.പി 17128 വോട്ടാണ് 2014ല്‍ നിന്ന് 2016 ലേക്കുള്ള സമയത്തിനിടെ വര്‍ധിപ്പിച്ചത്. വിജയമുണ്ടെങ്കിലും നെടുമങ്ങാട് നിയോജകമണ്ഡലത്തിലാണ് എല്‍.ഡി.എഫിന് വോട്ട് കുറഞ്ഞത്. 1538 വോട്ടാണ് ഇവിടെ ഇടതുചേരിക്ക് നഷ്ടപ്പെട്ടത്. അതേസമയം, ബി.ജെ.പിക്ക് 19835 വോട്ട് പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പുകളെ അപേക്ഷിച്ച് ഇവിടെ കൂടി. യു.ഡി.എഫ് 8355 വോട്ടും ഇവിടെ അധികമായി സ്വന്തമാക്കി. മറ്റു മണ്ഡലങ്ങളില്‍ എല്‍.ഡി.എഫും യു.ഡി.എഫും ബി.ജെ.പിയും നില മെച്ചപ്പെടുത്തിയിട്ടുണ്ട്. വര്‍ക്കലയില്‍ എല്‍.ഡി.എഫ് 2726ഉം യു.ഡി.എഫ് 9347 ഉം ബി.ജെ.പി 9593 ഉം വോട്ട് ഉയര്‍ത്തി. ചിറയിന്‍കീഴില്‍ എല്‍.ഡി.എഫിന് 5506 ഉം യു.ഡി.എഫ് 2666 ഉം ബി.ജെ.പി 11101 ഉം വോട്ടാണ് ഉയര്‍ത്തിയത്. വാമനപുരത്ത് എല്‍.ഡി.എഫും യു.ഡി.എഫും യഥാക്രമം 8926, 5026 വോട്ടുകള്‍ അധികമായി ചേര്‍ത്തപ്പോള്‍ ബി.ജെ.പി കൂട്ടിയത് 2749 വോട്ടാണ്. അരുവിക്കരയില്‍ എല്‍.ഡി.എഫ് 18910 വോട്ടാണ് കൂട്ടിയത്. യു.ഡി.ഫ് 1759 ഉം ബി.ജെ.പി 5404 ഉം. കാട്ടാക്കടയില്‍ 2256 വോട്ട് എല്‍.ഡി.എഫിനും 6390 വോട്ട് യു.ഡി.എഫിനും 19889 വോട്ട് ബി.ജെ.പിക്കും അധികമായി ലഭിച്ചു. കഴക്കൂട്ടത്ത് യു.ഡി.എഫ് 4382 ഉം എല്‍.ഡി.എഫ് 18280 ഉം ബി.ജെ.പി 903 ഉം വോട്ടാണ് കൂട്ടിയത്. വട്ടിയൂര്‍ക്കാവില്‍ 10659 വോട്ടാണ് അധികമായി യു.ഡി.എഫ് നേടിയത്. ബി.ജെ.പിക്ക് വര്‍ധിപ്പിക്കാനായത് 111 വോട്ടാണ്. മണ്ഡലം നഷ്ടപ്പെട്ടെങ്കിലു എല്‍.ഡി.എഫ് 12937 വോട്ട് ഇവിടെ അധികമായി സ്വന്തമാക്കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.