വിഴിഞ്ഞത്ത് വന്‍ നാശം; തുറമുഖപ്രദേശത്ത് റോഡ് തകര്‍ന്നു

വിഴിഞ്ഞം: ശക്തമായ മഴയില്‍ വിഴിഞ്ഞത്ത് വന്‍ നാശനഷ്ടം. അന്താരാഷ്ട്ര തുറമുഖപദ്ധതി പ്രദേശത്തെ റോഡ് ഭാഗികമായി തകര്‍ന്നു. കരിമ്പള്ളിക്കരയില്‍ വീട് തകരുകയും നൂറോളം വീടുകളില്‍ വെള്ളം കയറുകയും ചെയ്തു. അടിമലത്തുറ ഭാഗത്ത് പല വീടുകളിലും വെള്ളം കയറി. വ്യാഴാഴ്ച രാത്രിയോടെ പെയ്ത ശക്തമായ മഴയിലാണ് കരിമ്പള്ളിക്കര പ്രദേശത്ത് വെള്ളക്കെട്ട് ഉണ്ടായത്. മുക്കോല, കോട്ടപ്പുറം, കരിമ്പള്ളിക്കര എന്നിവിടങ്ങളിലെ വെള്ളം കടലിലേക്ക് ഒഴുകിപ്പോകുന്ന പൈപ്പ് മാലിന്യം നിറഞ്ഞ് അടഞ്ഞതോടെയാണ് പ്രദേശത്ത് വെള്ളംകെട്ടാന്‍ തുടങ്ങിയത്. രാജ്യാന്തര തുറമുഖ പദ്ധതിയുടെ ഭാഗമായി നിര്‍മിച്ച തീരദേശ റോഡിന് അടിയിലാണ് ഈ പൈപ്പ് ലൈനുകള്‍ സ്ഥാപിച്ചിരിക്കുന്നത്. നിമിഷനേരം കൊണ്ട് പ്രദേശത്ത് മൂന്ന് അടിയോളം വെള്ളം പൊങ്ങി. രാത്രിയായതിനാല്‍ വീട്ടിനുള്ളില്‍ വെള്ളം കയറിത്തുടങ്ങിയപ്പോഴാണ് പലരും ഉണര്‍ന്നത്. വെള്ളം തുറന്നുവിടാന്‍ നാട്ടുകാര്‍ ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല. ഇതിനിടെ വെള്ളത്തിന്‍െറ സമ്മര്‍ദം താങ്ങാതെ തുറമുഖ റോഡിന്‍െറ അഞ്ചുമീറ്ററിലേറെ ഭാഗം ഒലിച്ചുപോയി. മഴയില്‍ കരിമ്പള്ളിക്കരയിലെ പൊതുകിണറും കോട്ടുകാല്‍ തെക്കേകോണത്തെ ഒരു വീട്ടിലെ കിണറും ഇടിഞ്ഞു താഴ്ന്നു. മുല്ലൂരില്‍ തുറമുഖ കവാടത്തിന് സമീപത്തെ കനാല്‍ നിറഞ്ഞതിനെ തുടര്‍ന്ന് പ്രദേശത്ത് ഒരാള്‍ പൊക്കത്തില്‍ വെള്ളം നിറഞ്ഞു. പ്രദേശവാസികള്‍ ബഹളംവെച്ചതിനെ തുടര്‍ന്ന് അദാനി ഗ്രൂപ് അധികൃതര്‍ തുറമുഖ റോഡ് മുറിച്ച് വെള്ളം ഒഴുകിപ്പോകാന്‍ വഴിയൊരുക്കിയെങ്കിലും വെള്ളത്തിന്‍െറ ശക്തിയില്‍ റോഡിന്‍െറ ഒരു ഭാഗം തന്നെ ഒലിച്ചുപോയി. നിര്‍മാണം ഏകദേശം പൂര്‍ത്തിയായ റോഡിന്‍െറ പുനരുദ്ധാരണത്തിന് ഇനി ലക്ഷങ്ങള്‍ ചെലവാകുമെന്നാണ് അറിയുന്നത്. അടിമലത്തുറ ഭാഗത്തെ വീടുകളില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് പഞ്ചായത്ത് റോഡിന്‍െറ പന്ത്രണ്ടോളം സ്ഥലത്ത് ജെ.സി.ബി ഉപയോഗിച്ച് റോഡ് പൊളിച്ചാണ് വെള്ളം തുറന്നുവിട്ടത്. കോവളം നിയുക്ത എം.എല്‍.എ എം. വിന്‍സെന്‍റ്, കോട്ടപ്പുറം വാര്‍ഡ് കൗണ്‍സിലര്‍ ഷൈനി, അദാനി ഗ്രൂപ് അധികൃതര്‍ തുടങ്ങിയവര്‍ കരിമ്പള്ളിക്കരയിലത്തെി സ്ഥിതിഗതികള്‍ വിലയിരുത്തി. വെള്ളം കടലിലേക്ക് ഒഴുക്കിവിടാനുള്ള ശാസ്ത്രീയമാര്‍ഗങ്ങള്‍ കണ്ടത്തെി നടപടി സ്വീകരിക്കുമെന്ന് അദാനി ഗ്രൂപ് അധികൃതര്‍ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.