കലിതുള്ളി വീണ്ടും കടല്‍; വീടുകള്‍ തകര്‍ന്നു

വലിയതുറ: തീരദേശത്ത് കടലാക്രമണം വീണ്ടും ശക്തമായി. ചരിത്രസ്മാരകമായ വലിയതുറ കടല്‍പാലത്തിന്‍െറ അടിഭാഗം കടലെടുത്തു. പാലത്തിന് സമീപത്തെ സിഗ്നല്‍ ടവര്‍ തകര്‍ന്നു. അഞ്ചിലധികം വീടുകള്‍കൂടി തകര്‍ന്നു. രണ്ടാംനിര, മൂന്നാംനിര വീടുകളിലേക്ക് വെള്ളം കയറി. വലിയതുറ എല്‍.പി സ്കൂളില്‍ പുതിയ ദുരിതാശ്വാസ ക്യാമ്പ് തുറന്നു. 13 കുടുംബങ്ങളെക്കൂടി ക്യാമ്പിലേക്ക് മാറ്റി. മനുഷ്യാവകാശ കമീഷന്‍ ചെയര്‍മാന്‍ ക്യാമ്പുകള്‍ സന്ദര്‍ശിച്ചു. അപകടാവസ്ഥയിലായ പാലത്തിലേക്ക് കടക്കരുതെന്ന നാട്ടുകാരുടെ മുന്നറിയിപ്പ് അവഗണിച്ച് പാലത്തില്‍ ആളുകള്‍ കയറുന്നത് ഭീഷണിയായിട്ടുണ്ട്. തീരദേശ റോഡുകള്‍ വെള്ളത്തിനടിയിലായി. വ്യാഴാഴ്ച രാത്രിയോടെയാണ് ശംഖുംമുഖം മുതല്‍ പൂന്തുറ വരെയുള്ള തീരത്ത് തിരകള്‍ അടിച്ചുകയറി നാശനഷ്ടങ്ങള്‍ വിതക്കാന്‍ തുടങ്ങിയത്. കടല്‍പാലത്തിന് സമീപത്തെ സിഗ്നല്‍ ടവര്‍ നിലനിന്ന കെട്ടിടം തകര്‍ന്നുവീണു. പാലത്തിന്‍െറ അടിവശം തകര്‍ന്ന വിവരം നാട്ടുകാര്‍ തുറമുഖവകുപ്പിനെ അറിയിച്ചെങ്കിലും ആരും തിരിഞ്ഞുനോക്കാത്തതിനത്തെുടര്‍ന്ന് ആരും കടക്കാതിരിക്കാന്‍ നാട്ടുകാര്‍ പാലത്തിന് കുറുകെ കയര്‍കെട്ടി. എങ്കിലും കയറിനടിയിലൂടെ പലരും കയറുന്നുണ്ട്. ദുരിതാശ്വാസ ക്യാമ്പില്‍ കഴിയുന്നവരുടെ എണ്ണം 162 ആയിട്ടുണ്ട്. ക്യാമ്പായി പ്രവര്‍ത്തിക്കുന്ന സ്കൂളിലെ ക്ളാസ്മുറികള്‍ ചോര്‍ന്നൊലിക്കുന്ന അവസ്ഥയിലാണ്. ബീമാപള്ളി ഭാഗത്ത് വീടുകള്‍ നഷ്ടമായ 10ഓളം കുടുംബങ്ങള്‍ ദുരിതാശ്വാസക്യാമ്പില്‍ പോകാതെ തീരത്തുതന്നെ താമസിക്കുകയാണ്. ഇവരുടെ അവസ്ഥയും വളരെ പരിതാപകരമാണ്. വലിയതുറയിലെ കടല്‍ഭിത്തികള്‍ അടിയന്തരമായി ബലപ്പെടുത്തിയില്ളെങ്കില്‍ മഴ കനക്കുന്നതോടെ തീരദേശത്തെ വീടുകള്‍ മുഴുവനും തകരുന്ന അവസ്ഥയാണ്. യുദ്ധകാലാടിസ്ഥാനത്തില്‍ വേളി പൊഴിമുറിച്ച് മഴവെള്ളം കടലിലേക്ക് ഒഴുക്കിയെങ്കിലും താഴ്ന്നപ്രദേശങ്ങളില്‍ മഴവെള്ളം കെട്ടിനിന്ന് വീടുകളിലേക്ക് കയറുകയാണ്. വേളി പൊഴിയെ അഴിയാക്കണമെന്ന വര്‍ഷങ്ങളായുള്ള ആവശ്യം ഇനിയും അധികൃതര്‍ മുഖവിലയ്ക്കെടുക്കാത്തതാണ് ഇപ്പോഴത്തെ ദുരിതത്തിന് കാരണമെന്ന് നാട്ടുകാര്‍ കുറ്റപ്പെടുത്തുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.