തിരുവനന്തപുരം: വേനല്‍ച്ചൂടില്‍ തുടങ്ങി വേനല്‍മഴയില്‍ അവസാനിച്ച വാശിയേറിയ പ്രചാരണത്തിനും വാക്പോരുകള്‍ക്കും വിരാമംകുറിച്ച് ജില്ലയിലെ നേതാക്കളും സ്ഥാനാര്‍ഥികളും ഞായറാഴ്ച നിശ്ശബ്ദപ്രചാരണത്തില്‍ മുഴുകി. തെരഞ്ഞെടുപ്പാരവം പോലെ തിളച്ചുനിന്ന വേനലിന് കുളിരായി പെയ്ത മഴ സ്ഥാനാര്‍ഥികളിലും മനസ്വാസ്ഥ്യം നല്‍കി. അന്തരീക്ഷവും ഞായറാഴ്ച മൂടിക്കെട്ടി നിന്നു. നിശ്ശബ്ദത നഗരവാസികള്‍ക്കും ആശ്വാസമായി. അവധി ദിനമായതിനാലും തെരഞ്ഞെടുപ്പിന്‍െറ തലേന്നാള്‍ ആയതുകൊണ്ടും റോഡുകളില്‍ പതിവ് തിരക്ക് ഉണ്ടായില്ല. ബഹളവും ശബ്ദകോലാഹലവും മാറിനിന്ന ദിനത്തില്‍ ജനം വീടുകളില്‍ കഴിഞ്ഞുകൂടി. പാര്‍ട്ടികള്‍ അണികള്‍ തങ്ങളുടെ പ്രദേശങ്ങളിലെ വോട്ടുകള്‍ കൃത്യമായി കണക്കുകൂട്ടുന്നതിനും വോട്ടുകള്‍ ഉറപ്പിക്കാനുള്ള നീക്കങ്ങളില്‍ മുഴുകി. തിരക്കും വാഹനങ്ങളുമൊക്കെ കാണപ്പെട്ടത് വോട്ടുയന്ത്രങ്ങള്‍ വിതരണം ചെയ്ത കേന്ദ്രങ്ങളില്‍ മാത്രം. നഗരത്തിലെ വ്യാപാരകേന്ദ്രങ്ങളിലും ഞായറാഴ്ച വലിയ തിരക്ക് ഉണ്ടായില്ല. പ്രചാരണം കൊടുമ്പിരിക്കൊണ്ടസമയത്ത് ചെറിയകടകള്‍ ഉള്‍പ്പെടെ സജീവമായിരുന്നു. സ്ഥാനാര്‍ഥികളില്‍ പലരും വ്യക്തിപരമായി അടുപ്പമുള്ളവരെ നേരിട്ട് കാണാനും ഫോണിലൂടെ വോട്ട് അഭ്യര്‍ഥന നടത്തുന്നതിലും ശ്രദ്ധകേന്ദ്രീകരിച്ചു. പരസ്യ പ്രചാരണം അവസാനിച്ചതിനാല്‍ പൊലീസിനും ചെറിയ രീതിയില്‍ വിശ്രമം ലഭിച്ചു. പരസ്യപ്രചാരണം നിലച്ചതോടെ കഷ്ടത്തിലായത് സ്വകാര്യവാഹന ഉടമകളാണ്. നൂറിലധികം വാഹനങ്ങളാണ് വിവിധ പാര്‍ട്ടികള്‍ക്കായി ഓടികൊണ്ടിരുന്നത്. രണ്ടുമാസമായി നിര്‍ത്താതെ ശബ്ദിച്ച മൈക്കുകള്‍ക്കും വിശ്രമമായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.