തിരുവനന്തപുരം: സ്ഥാനാര്‍ഥികളുടെ നെഞ്ചില്‍ തീ നിറച്ച് ജില്ലയിലെ 2699984 സമ്മതിദായകര്‍ തിങ്കളാഴ്ച വിധിയെഴുതും. ജില്ലയുടെ മനസ്സറിയാന്‍ രണ്ടുദിനം കാത്തിരിക്കണമെങ്കിലും ആകാംക്ഷയിലാണ് സ്ഥാനാര്‍ഥികളും അണികളും. രാവിലെ ഏഴ് മുതല്‍ വൈകീട്ട് ആറ് വരെയാണ് പോളിങ്. പോളിങ് ബൂത്തുകളില്‍ വോട്ടെടുപ്പിനുള്ള ക്രമീകരണങ്ങളെല്ലാം സജ്ജമായിക്കഴിഞ്ഞു. രാവിലെ 6.15ന് തന്നെ മോക്പോള്‍ നടക്കും. പോളിങ് ചുമതലക്കായി 9692 ഉദ്യോഗസ്ഥരെയാണ് നിയോഗിച്ചിട്ടുള്ളത്. 2423 പ്രിസൈഡിങ് ഓഫിസര്‍മാര്‍ക്ക് പുറമെ ഇത്രയും എണ്ണം പോളിങ് ഓഫിസര്‍- ഒന്ന്, പോളിങ് ഓഫിസര്‍ -രണ്ട്, പോളിങ് ഓഫിസര്‍ -മൂന്ന് എന്നിവരെയാണ് ഡ്യൂട്ടിക്കായി ചുമതലപ്പെടുത്തിയിട്ടുള്ളത്. 2203 വീതം ഉദ്യോഗസ്ഥരെയാണ് വേണ്ടതെങ്കിലും 10 ശതമാനം റിസര്‍വ് ഉള്‍പ്പെടെയാണ് 2423 പേര്‍ക്ക് ചുമതല നല്‍കിയിട്ടുള്ളത്. വോട്ടെടുപ്പിന്‍െറ സുരക്ഷിതത്വം സുതാര്യതയും ഉറപ്പുവരുത്താന്‍ കേന്ദ്ര സേനയെയടക്കം വിന്യസിച്ചാണ് ക്രമീകരണങ്ങള്‍. ആകെയുള്ള 2699984 വോട്ടര്‍മാരില്‍ 1276346 പുരുഷന്‍മാരും 1423638 പേര്‍ സ്ത്രീകളുമാണ്. 12365 സര്‍വിസ് വോട്ടുകളിലാകട്ടെ 8701 പേര്‍ പുരുഷന്‍മാരും 3664 പേര്‍ സ്ത്രീകളും. ജില്ലയിലാകെ 2203 ബൂത്തുകളാണുള്ളത്. ഇതില്‍ പ്രശ്നസാധ്യതാ ബൂത്തുകളായി കണക്കാക്കുന്ന 451 എണ്ണത്തിലും കര്‍ശന സുരക്ഷയാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്. 61 ഇടങ്ങളില്‍ ഗുരുതരപ്രശ്നങ്ങള്‍ക്ക് സാധ്യതയുണ്ട്. ഇവയെല്ലാം ഗ്രാമപരിധിയിലാണ്. 55 പോളിങ് സ്റ്റേഷനുകളില്‍ വോട്ടര്‍മാരെ സ്വാധീനിക്കാനോ പിന്തിരിപ്പിക്കാനോ സാധ്യതയുണ്ടെന്നാണ് വിലയിരുത്തല്‍. നഗരത്തില്‍ 36ഉം റൂറലില്‍ 19ഉം സ്റ്റേഷനുകളാണ് ഇത്തരത്തിലുള്ളത്. വെബ്കാസ്റ്റിങ്, മൈക്രോ ഒബ്സര്‍വര്‍മാര്‍, വിഡിയോഗ്രാഫര്‍മാര്‍ എന്നീ നിരീക്ഷണസംവിധാനങ്ങള്‍ ഈ ബൂത്തുകളില്‍ ഒരുക്കിയിട്ടുണ്ട്. 1750ല്‍ കൂടുതല്‍ വോട്ടര്‍മാരുള്ള ബൂത്തുകളില്‍ 14 അനുബന്ധ ബൂത്തുകള്‍ കൂടി തയാറാക്കിയിട്ടുണ്ട്. 14 മണ്ഡലങ്ങള്‍ക്കുള്ള പോളിങ് സാമഗ്രികള്‍ 13 കേന്ദ്രങ്ങളിലാണ് വിതരണം ചെയ്ത്. ഇതില്‍ ആറ്റിങ്ങല്‍, ചിറയിന്‍കീഴ് മണ്ഡലങ്ങള്‍ക്ക് ഒരു കേന്ദ്രത്തിലും മറ്റ് 12 എണ്ണം വിവിധ കേന്ദ്രങ്ങളിലുമായിരുന്നു. മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് അന്ധര്‍ക്ക് വോട്ട് ചെയ്യാനുള്ള ബ്രയില്‍ ബാലറ്റ്, ഭിന്നലിംഗക്കാര്‍ക്ക് വോട്ട്, വനിതാ സൗഹൃദ പോളിങ് സ്റ്റേഷനുകള്‍, മാതൃകാ പോളിങ് സ്റ്റേഷനുകള്‍, വിവിപാറ്റ് എന്നിവ ഇക്കുറി ഏര്‍പ്പെടുത്തിയിട്ടുണ്ട്. ജില്ലയിലെ വെബ്കാസ്റ്റിങ്, ഇ-സമ്മതി സോഫ്ട്വെയര്‍ തുടങ്ങിയവ നിരീക്ഷിക്കാനും നിയന്ത്രിക്കാനും വിപുലമായ കണ്‍ട്രോള്‍ റൂം തയാറാക്കിയിട്ടുണ്ട്. 25 ഉദ്യോഗസ്ഥരെയാണ് കണ്‍ട്രോള്‍ റൂമുകളില്‍ നിയോഗിച്ചിട്ടുള്ളത്. ജില്ലയില്‍ ദേശീയ ഗെയിംസിന്‍െറ ഭാഗമായി വാങ്ങിയ വയര്‍ലെസ് സെറ്റുകള്‍ കണ്‍ട്രോള്‍ റൂമിന്‍െറ സുഗമമായ പ്രവര്‍ത്തനങ്ങള്‍ക്കായി ഉപയോഗിക്കുന്നുണ്ട്. ഇതിനുപുറമെ പൊതുജനങ്ങള്‍ ബന്ധപ്പെടുന്നതിന് 18004250086 എന്ന ടോള്‍ ഫ്രീ നമ്പരും ഏര്‍പ്പെടുത്തിയിട്ടുണ്ട്. അടിന്തര സാഹചര്യങ്ങള്‍ നേരിടുന്നതിന് എല്ലാ ക്രമീകരണങ്ങളും പൂര്‍ത്തിയായതായി അധികൃതര്‍ അറിയിച്ചു. വൈദ്യുതി മുടങ്ങാന്‍ സാധ്യതയുള്ള സ്ഥലങ്ങളില്‍ അനുബന്ധ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. എല്ലാ ആശുപത്രികളിലും പോളിങ് ദിവസം ആറുമണിവരെയും ഡോക്ടര്‍ വേണമെന്നാണ് കര്‍ശന നിര്‍ദേശം. സാമൂഹിക ആരോഗ്യകേന്ദ്രം, താലൂക്ക് ആശുപത്രികള്‍ മുതല്‍ മുകളിലോട്ട് ആശുപത്രികളില്‍ മുഴുവന്‍ സമയം സേവനം ഉറപ്പാക്കും. 108 ആംബുലന്‍സുകള്‍ സജ്ജമാണ്. മാതൃകാ, വനിതാ ബൂത്തുകള്‍ ഉള്‍പ്പെടെ 102 ബൂത്തുകളിലേക്ക് പ്രത്യേക ഫസ്റ്റ് എയ്ഡ് കിറ്റുകള്‍ എത്തിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.