ആറ്റിങ്ങല്‍: പട്ടാപ്പകല്‍ യുവതിയെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തില്‍ പൊലീസ് അന്വേഷണം അട്ടിമറിച്ചതായി ആക്ഷേപം. കേസ് ക്രൈംബ്രാഞ്ചിന് കൈമാറണമെന്ന് പെണ്‍കുട്ടിയുടെ ബന്ധുക്കള്‍. വീഴ്ചപറ്റിയതായി പൊലീസ് കോടതിയില്‍ പറഞ്ഞു. കേസിന്‍െറ അന്വേഷണച്ചുമതലയുള്ള ആറ്റിങ്ങല്‍ സി.ഐ സുനില്‍കുമാര്‍ കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് അന്വേഷണത്തില്‍ വീഴ്ച പറ്റിയതായി ചൂണ്ടിക്കാണിച്ചിട്ടുള്ളത്. വെഞ്ഞാറമൂട് പാലാംകോണം സൂര്യഭവനില്‍ സൂര്യ എസ്. നായരാണ് (25) ജനുവരി 27ന് ദാരുണമായി കൊല്ലപ്പെട്ടത്. രാവിലെ 10ഓടെ ആറ്റിങ്ങല്‍ കെ.എസ്.ആര്‍.ടി.സി സ്റ്റാന്‍ഡിന് സമീപത്തെ റോഡിലായിരുന്നു സംഭവം. സംഭവത്തില്‍ സൂര്യയുടെ കാമുകനായ വെഞ്ഞാറമൂട് വയ്യേറ്റ് ഷൈനി ഭവനില്‍ പി.എസ്. ഷിജുവിനെ (26) അന്നുതന്നെ കൊല്ലത്തെ ലോഡ്ജില്‍നിന്ന് പൊലീസ് പിടികൂടിയിരുന്നു. ആത്മഹത്യക്ക് ശ്രമിച്ച ഇയാളെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചശേഷം അറസ്റ്റ് രേഖപ്പെടുത്തിയെങ്കിലും പിന്നീട് കേസന്വേഷണം കാര്യമായി മുന്നോട്ടുപോയില്ല. പ്രതിയെ യഥാസമയം ചോദ്യം ചെയ്യാന്‍ പൊലീസിന് കഴിഞ്ഞില്ല. കോടതിയുടെ അനുമതിയോടെ ഒരാഴ്ച മുമ്പാണ് പ്രതിയെ ചോദ്യം ചെയ്തത്. സംഭവം നടന്ന് 90 ദിവസത്തിനകം കുറ്റപത്രം സമര്‍പ്പിച്ചിരുന്നെങ്കില്‍ പ്രതിക്ക് വിചാരണ തീരുംവരെ ജാമ്യം ലഭിക്കില്ലായിരുന്നു. എന്നാലിതുവരെ കുറ്റപത്രം സമര്‍പ്പിച്ചിട്ടില്ല. ആറ്റിങ്ങല്‍ ജുഡീഷ്യല്‍ ഒന്നാം ക്ളാസ് മജിസ്ട്രേറ്റ് കോടതി ഒന്നില്‍ ഒമ്പതിന് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പ്രതിയെ മെഡിക്കല്‍ ബോര്‍ഡില്‍ അയച്ച് പരിശോധന നടത്തണമെന്ന് കേരള ഹൈകോടതിയുടെ ഉത്തരവുള്ളതായി കാണിച്ചിരുന്നു. എന്നാല്‍, ഇത്തരത്തില്‍ ഒരുത്തരവ് നിലവിലില്ളെന്ന് കോടതിക്ക് വ്യക്തമായതോടെ മജിസ്ട്രേറ്റ് വി.കെ. സഞ്ജയ്കുമാര്‍ കോടതിയെ തെറ്റിദ്ധരിപ്പിച്ചതിന് അന്വേഷണോദ്യോഗസ്ഥന് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരുന്നു. ഈ നോട്ടീസിന് നല്‍കിയ മറുപടിയിലാണ് അന്വേഷണത്തില്‍ മന$പൂര്‍വമല്ലാത്ത വീഴ്ച പറ്റിയതായി സി.ഐ സമ്മതിച്ചിട്ടുള്ളത്. സ്ഥാനക്കയറ്റം കിട്ടിയത്തെിയയാളാണ് താനെന്നും ആദ്യമായാണ് കൊലപാതക കേസ് അന്വേഷിക്കുന്നതെന്നുമാണ് സി.ഐ കോടതിയില്‍ ബോധിപ്പിച്ചിരിക്കുന്നത്. വ്യാഴാഴ്ച കേസ് പരിഗണിച്ച ജുഡീഷ്യല്‍ ഫസ്റ്റ് ക്ളാസ് മജിസ്ട്രേറ്റ് കോടതി മൂന്നിലെ ജഡ്ജ് സുരേഷ് വണ്ടന്നൂര്‍ സി.ഐയെ കോടതിയില്‍ വിളിച്ചുവരുത്തി വിശദീകരണം തേടുകയുണ്ടായി. കേസിലെ പ്രധാന തെളിവായ ഷിജുവിന്‍െറ ഡയറി പരിശോധിക്കണമെന്നാവശ്യപ്പെട്ട് പൊലീസ് കോടതിയില്‍ അപേക്ഷ നല്‍കിയിരുന്നു. ഇതുസംബന്ധിച്ച വാദം കേള്‍ക്കുന്നതിനാണ് വ്യാഴാഴ്ച കേസ് പരിഗണിച്ചത്. എന്നാല്‍, കേസ് വിളിച്ചപ്പോള്‍ സി.ഐ ഹാജരായിരുന്നില്ല. തുടര്‍ന്നാണ് കോടതി സി. ഐയെ വിളിച്ചുവരുത്തിയത്. പ്രതിയുടെ കൈയക്ഷരം പരിശോധിക്കാനാണ് ഡയറി പൊലീസ് ആവശ്യപ്പെട്ടിട്ടുള്ളത്. അന്വേഷണത്തില്‍ വീഴ്ചയുള്ളതായി പൊലീസ് തന്നെ സമ്മതിച്ച സാഹചര്യത്തിലാണ് കേസ് ക്രൈംബ്രാഞ്ചിന് കൈമാറണമെന്ന് ബന്ധുക്കള്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.