പെന്‍പോള്‍ കമ്പനിക്ക് മുന്നില്‍ ജീവനക്കാരുടെ ഉപരോധം

കാട്ടാക്കട: വിളപ്പില്‍ശാല പുളിയറക്കോണം ടെറുമോ പെന്‍പോള്‍ കമ്പനി ജീവനക്കാരന്‍െറയും മകളുടെയും മരണം മാനേജ്മെന്‍റിന്‍െറ പീഡനം മൂലമാണെന്ന് ആരോപിച്ച് ജീവനക്കാരും നാട്ടുകാരും ഫാക്ടറി ഉപരോധിച്ചു. പെന്‍പോള്‍ ജീവനക്കാരനായ ഉഴമലയ്ക്കല്‍ പുതുക്കുളങ്ങര സംസം മന്‍സിലില്‍ ഹാഷിം (47), മകള്‍ അഷിത (12) എന്നിവരെ തിങ്കഴാഴ്ച ഉച്ചയോടെ വീട്ടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടത്തെിയിരുന്നു. സ്ഥിരമായി ജോലിക്ക് എത്താത്ത ഹാഷിമിന് കമ്പനി കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരുന്നു. ഇതിന്‍െറ മനോവിഷമത്തില്‍ മകള്‍ക്ക് വിഷം നല്‍കി ഹാഷിം ആത്മഹത്യ ചെയ്തതാണെന്ന് തൊഴിലാളികള്‍ ആരോപിച്ചിരുന്നു. തിങ്കളാഴ്ച രാത്രിയോടെയാണ് പെന്‍പോള്‍ ജീവനക്കാര്‍ ഫാക്ടറി ഉപരോധിച്ചത്. ജീവനക്കാര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് നാട്ടുകാരും ചേര്‍ന്നതോടെ ഫാക്ടറി പരിസരം സംഘര്‍ഷഭീതിയിലായി. നെടുമങ്ങാട് ഡിവൈ.എസ്.പി ശിവപ്രസാദിന്‍െറ നേതൃത്വത്തില്‍ വന്‍ പൊലീസ് സംഘം സ്ഥലത്ത് നിലയുറപ്പിച്ചതിനാല്‍ അനിഷ്ട സംഭവങ്ങളൊന്നും ഉണ്ടായില്ല. പൊലീസും യൂനിയന്‍ നേതാക്കളും ജീവനക്കാരുമായി പലപ്രാവശ്യം ചര്‍ച്ച നടത്തിയെങ്കിലും സമരത്തില്‍നിന്ന് പിന്മാറാന്‍ അവര്‍ തയാറായില്ല. കമ്പനി മാനേജര്‍മാര്‍ക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കുക, ഹാഷിമിനൊപ്പം നടപടി നേരിടുന്ന ഇരുപതോളം ജീവനക്കാരെ തിരിച്ചെടുക്കുക, ഹാഷിമിന്‍െറ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു സമരം. ചൊവ്വാഴ്ച പുലര്‍ച്ചെതന്നെ ജീവനക്കാരെ നീക്കംചെയ്യാന്‍ പൊലീസ് ശ്രമം തുടങ്ങി. ഈ സമയം പിന്തുണ പ്രഖ്യാപിച്ചത്തെിയ നാട്ടുകാരില്‍ ചിലര്‍ പൊലീസിനുനേരെ കല്ളേറ് തുടങ്ങി. കല്ളേറില്‍ മലയിന്‍കീഴ് സി.ഐ നസീറിനും ചില പൊലീസുകാര്‍ക്കും പരിക്കേറ്റു. പൊലീസ് സംയമനം പാലിച്ചതിനാല്‍ സംഘര്‍ഷം ഒഴിവായി. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ പെന്‍പോള്‍ ഫാക്ടറി പ്രവര്‍ത്തനം നിര്‍ത്തിവെച്ചതായി അധികൃതര്‍ അറിയിച്ചു. ഇതോടെ സമരക്കാര്‍ പിരിഞ്ഞുപോയി. പൊലീസിനെ ആക്രമിച്ച കണ്ടാലറിയുന്നവരുടെ പേരില്‍ കേസെടുത്തതായി വിളപ്പില്‍ശാല എസ്.ഐ ഹേമന്ദ്കുമാര്‍ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.